Thursday, February 27, 2020

'മുത്തപ്പനും, തിരുവപ്പനും'


വിശന്നു വലഞ്ഞു്‌ വരണ്ട തൊണ്ടയുമായി ദര്‍ശനത്തിനെത്തുന്ന സാധാരണ മനുഷ്യന്‍ എത്ര തന്നെ ദൈവ വിശ്വാസിയായാലും ആദ്യം തേടുന്നതു്‌ ദാഹം തീര്‍ക്കാനും വിശപ്പടക്കാനും വല്ല മാര്‍ഗ്ഗവുമുണ്ടോ എന്നായിരിക്കും. അതു ദൈവസന്നതിയില്‍ തന്നെ കാല്‍ കാശ്‌ ചെലവില്ലാതെ ലഭ്യമാണെങ്കില്‍ അതില്‍പരം സായൂജ്യം വേറെയെന്താണുള്ളത്‌! (ഇന്നത്തെ പരിഷ്കാരികള്‍ക്ക്‌ ഇതൊരു വലിയ പ്രശ്നമല്ലായിരിക്കാം.) ഏതു ദിവസമായാലും ഏതു സമയത്തു ചെന്നാലും ഭക്തന്മാര്‍ക്ക്‌ വിശപ്പടക്കാന്‍ ഭക്ഷണം കൊടുക്കുന്ന ക്ഷേത്രം പറശ്ശിനിക്കടവ്‌ മഠപ്പുരയിലല്ലാതെ കേരളത്തില്‍ വേറൊരിടത്തുള്ളതായി എനിക്കറിവില്ല.

കണ്ണൂരിനു വടക്കു-കിഴക്കായി എേകദേശം 16 കിലോമീറ്റര്‍ ദൂരേ വളപട്ടണം പുഴക്ക്‌ പടിഞ്ഞാറെ കരയിലാണു്‌ പ്രകൃതി രമണീയമായ പറശ്ശിനിക്കടവും ക്ഷേത്രവും. ഈ പുഴക്ക്‌ വേറേയും പല കടവുകളുണ്ടെങ്കിലും അവക്കൊന്നും തന്നെ പറശ്ശിനിക്കടവിന്റെ പ്രാധാന്യമില്ല.ഈ മഹാക്ഷേത്രം കിരാത വേഷം ധരിച്ച ശ്രീ പരമേശ്വരന്റെ പ്രതീകമാണു്‌. നായാട്ടുകാരന്റെ വേഷവും ഭാവവുമാണു്‌ മുത്തപ്പന്റേത്‌. അമ്പലത്തിനു ചുറ്റിപ്പറ്റി എപ്പോഴും നിരവധി നായ്ക്കളുണ്ടായിരിക്കും. അവയെല്ലാം മുത്തപ്പന്റെ വേട്ടനായ്ക്കളാണെന്നാണു സങ്കല്‌പം.

'വെള്ളാട്ടം','തിരുവപ്പന്‍' എന്നീ രണ്ടു തെയ്യങ്ങളാണു്‌ ഇവിടെയുള്ളത്‌. വെള്ളാട്ടം എന്ന വേഷം പരമശിവന്റെ അവതാരമായ മുത്തപ്പനും, തിരുവപ്പന്‍ എന്നത്‌ മുത്തപ്പനായി അവതരിച്ച വിഷ്ണുവിന്റെ വേഷവുമാണെന്നാണു്‌ സങ്കല്‌പം. പ്രാരംഭകാലം മുതലേ ക്ഷേത്രവുമായി ബന്ധമുള്ള വണ്ണാന്‍ സമുദായത്തിലെ അംഗങ്ങളാണു്‌ രണ്ടു തെയ്യങ്ങളും കെട്ടി ആടുന്നത്‌. ദിവസേന വെള്ളാട്ടം തിറ ഉണ്ടായിരിക്കും.

സംക്രമത്തിനും വേറെ ചില വിശേഷ ദിവസങ്ങളിലും ഇവിടെ ബ്രാഹ്മണര്‍ പൂജ ചെയ്യാറുണ്ട്‌. വിശ്വാസികള്‍ തങ്ങളുടെ വീട്ടില്‍ വെച്ചും വെള്ളാട്ടം എന്ന മുത്തപ്പന്‍ തെയ്യത്തെ ഒരു വഴിപാടായി കെട്ടി ആടിക്കാറുണ്ടു്‌.

യുക്തിവാദികളുടെ അഭിപ്രായത്തില്‍, മുത്തപ്പന്‍ ഒരു തീയ്യ-കുടുമ്പത്തിലെ ഏതോ സിദ്ധനായ മുത്തച്ഛന്‍ കാരണവരാണെന്നാണ്‌. അങ്ങിനെ ആ കാരണവരെ ഉദ്ദേശിച്ച്‌ ആരംഭിച്ച പൂജയും വഴിപാടുമാണു്‌ കാലാന്തരത്തില്‍ മുത്തപ്പനായി മാറിയതു്‌ എന്നാണു്‌ ഇവരുടെ വാദം. അത്‌ എങ്ങിനെ ആയാലും ആരേയും അത്ഭുതപ്പെടുത്തുന്ന ഒരു മഹാക്ഷേത്രം തന്നെയാണു്‌ പറശ്ശിനിക്കടവ്‌ മഠപ്പുര എന്നതില്‍ ലവലേശം സംശയം വേണ്ട.

ആഢ്യന്‍ മുതല്‍ അന്ത്യജന്‍ വരെ ഒരു പോലെ മുത്തപ്പന്‍ സന്നതിയിലെത്തുന്നു. ജാതിമത ഭേദമന്യേ വഴിപാടുകള്‍ നേരുന്നു. പറശ്ശിനിക്കടവ്‌ മഠപ്പുരയിലെ മുത്തപ്പനെ പ്രാര്‍ഥിച്ചാല്‍ ഏതു പ്രയാസങ്ങളേയും തരണം ചെയ്യാന്‍ കഴിയുമെന്നാണു്‌ ജനങ്ങളുടെ ദൃഢമായ വിശ്വാസം. ഇന്ന് നൂറുകണക്കിന്‌ മുത്തപ്പന്‍ കാവ്‌ പല പ്രദേശങ്ങളിലുമായിട്ടുണ്ട്‌. ചെന്നയിലും മുത്തപ്പന്‍ കാവുകളുണ്ടു്‌.