Friday, May 30, 2008

ചില്ലറ

നേഷനല്‍ ഹൈവേയുടെ ഇരുവശത്ത്‌ കൂടിയാണ്‌ മോണിങ്ങ്‌ വാക്ക്‌. അതുകൊണ്ട്‌ രണ്ട്‌ മൂന്ന്‌ കാര്യങ്ങള്‍ സാധിക്കും. കോളസ്റ്റ്രോള്‍ കുറക്കല്‍ തന്നെ പ്രധാന കാര്യം. പാലും പേപ്പറും വാങ്ങുന്നതാണ്‌ മറ്റ്‌ രണ്ട്‌ സംഗതി. ഇങ്ങനെ നടന്ന്‌ നടന്ന്‌ പേപ്പര്‍ വാങ്ങി കഷ്ടപ്പെടേണ്ടതുണ്ടോ എന്നു ചോദിച്ചേക്കാം. അതിലുമുണ്ടൊര്‌ ബെനിഫിറ്റ്‌. നാട്ടില്‍ക്കിട്ടാവുന്ന എല്ലാ പത്രങ്ങളുടേയും തലക്കെട്ട്‌ പോസ്റ്ററുകള്‍ ആ പെട്ടിക്കടക്ക്‌ തോരണം പോലെ കെട്ടിത്തൂക്കിവെച്ചിട്ടുണ്ടാവും. അങ്ങിനെ നാലു വരി ഓസി ആയിട്ടും വായിക്കാം.

അങ്ങിനെ വായിച്ചോണ്ടും നടന്നുകൊണ്ടുമിരുന്നപ്പോളാണ്‌ പണപ്പെരുപ്പം എട്ട്‌ ശതമാനം എന്ന വാര്‍ത്ത. യഥാര്‍ത്ഥത്തില്‍ പണം രൂപയായും ചില്ലറയായുമൊക്കെ കൂടിയതുകൊണ്ടല്ലേ ഈ 'പെരുപ്പം'? ആയിരവും അഞ്ഞൂറുമൊക്കെ യഥേഷ്ടം പ്രിന്റ് ചെയ്യുന്നുണ്ടെങ്കിലും ചില്ലറ പൈസക്ക്‌ വളരെ ക്ഷാമം. ദിനപത്രം വാങ്ങി. ബാക്കി അമ്പത്‌ പൈസ തരാന്‍ കടക്കാരന്‌ അല്‌പം മടി. മുഖം കറുപ്പിച്ചപ്പോള്‍ തന്നു ഒര്‌ കോഫീ ബൈറ്റ്‌ ചോക്ളേറ്റ്‌. പാല്‍ കടയിലും ചില്ലറ പ്രശ്നം. അവിടന്നും കിട്ടി മിഠായി. മെഡിക്കല്‍ ഷോപ്പ്‌കാരനും ബാക്കിക്ക്‌ കൈനീട്ടിയപ്പോള്‍ തന്നത്‌ മിഠായി തന്നെ. ചില്ലറ സേവ്‌ ചെയ്തുവെക്കുന്ന ഭണ്ടാരം മിഠായി കൊണ്ട്‌ നിറഞ്ഞു. ഇനി മിഠായി സ്വീകരിക്കില്ല. ഭണ്ഡാരം വ്യക്തമാക്കി.

ചോക്ളേറ്റ്‌ കാലിയാക്കാനും ഒരു വഴി കണ്ടെത്തി. ഒരു ദിവസം പേപ്പര്‍ വാങ്ങി. കൊടുത്തു ഏഴ്‌ ചോക്ളേറ്റ്‌. പാല്‍ക്കവര്‍ വാങ്ങി. കൊടുത്തത്‌ ചോക്ളേറ്റ്‌ തന്നെ. ബാക്കി ഇനി ആറൊ ഏഴോ കാണും. കാല്‍ വേദനിക്കുന്നു. നടക്കാന്‍ വയ്യ. ബസില്‍ കയറാം. രണ്ടു സ്റ്റോപ്പുണ്ടല്ലോ.

ബസില്‍ കയറി. വിസിലടിച്ചു. ബസ്‌ നീങ്ങിത്തുടങ്ങി. കാണ്ടക്ടര്‍ വന്നു.ടിക്കറ്റ്‌ വാങ്ങി. പതുക്കെ കീശയില്‍നിന്നും ചോക്ളേട്‌ എടുത്തു. ശരിയായിട്ടുണ്ട്‌ ഏഴെണ്ണം. സര്‍ക്കാരുദ്യോഗസ്ഥന്‌ കൈക്കൂലി കൊടുക്കുന്ന ലാഘവത്തോടെ കൈമടക്കി.

"എന്താ വട്ടാണോ?"

"അല്ല. ചില്ലറ ക്ഷാമം"

നീട്ടിയടിച്ച വിസില്‍ ശബ്ദത്തില്‍ മയക്കത്തിലിരുന്ന യാത്രികര്‍ ഞെട്ടിവിറച്ചു. ഡ്രൈവര്‍ അവര്‍കളടിച്ച സഢന്‍ ബ്രെയ്ക്കില്‍ വാതായനങ്ങള്‍ രണ്ട്‌ വാ പിളര്‍ത്തി.

"ഇറങ്ങിപ്പോ" ഗര്‍ജ്ജിച്ചു കണ്ടക്ടര്‍.

"സാരല്ല്യ. വീട്‌ ദേ ആ കാണുന്നതാണ്‌. ലേശം നടന്നാല്‍ മതി. "

Labels: ,

Tuesday, May 27, 2008

ഹെല്‍-മെറ്റ്‌

ജാസ്മിനെ പോലെ ഞാന്‍ എല്ലാരുടേയും 'പെറ്റാ'യിരുന്നു. മീറാ മീരാ,മേരാ മീറാ എന്നൊക്കെ വിളിച്ച്‌ തലോടുമായിരുന്നു. മടിയിലിരുത്തി കൊഞ്ചിക്കുഴയുമായിരുന്നു. അതൊക്കെ ചരിത്രമായി. ഇന്നെന്നെക്കണ്ടാല്‍ കലിയിളകും. കയ്യില്‍ കിട്ടിയതൊക്കെക്കൊണ്ട്‌ അടിക്കും. തുരത്തും. എല്ലാം സഹിക്കാം ഈ തലയിലടി സഹിക്കാന്‍ വയ്യ. മൂള കലങ്ങിയാല്‍ പിന്നെ എങ്ങനെ ജീവിക്കാനാ? 'എസ്‌ പി എ' ക്കാരെ വിശ്വസിച്ച്‌ വിശ്വസിച്ച്‌ സമയം മെനക്കെടുത്തി. മിണ്ടാപ്രാണികളുടെ പേരും പറഞ്ഞ്‌ മുതലെടുക്കുന്ന ജന്തുക്കള്‍! ഇങ്ങനെ പട്ടിണിയും പരിവാദവുമായിരുന്നാല്‍ ജീവന്‍ ബാക്കിയുണ്ടാവില്ല.

റിസ്ക്കല്ലേ? ഇതെന്തൊരു വിഡ്ഡിത്തമാ പറയണ്‌! റിസ്കില്ലാത്ത ഒരു തൊഴിലുണ്ടോ? പേന കൊണ്ട്‌ നാലു വരികള്‍ എഴുതിയതിനല്ലേ ആ പാവം തസ്ളീമ അസ്ളീലം കേള്‍ക്കേണ്ടി വന്നത്‌? സാല്‍മാന്‍ റുഷ്ദിയോ എം എഫ്‌ ഹുസൈന്‍ സാബോ റിസ്കെടുക്കാതേയാണോ പ്രശസ്തരായത്‌? മീറാ, റിസ്കെടുത്താലല്ലെ റിവാഡുള്ളൂ. ! വരുന്നത്‌ വരട്ടേ! സ്വയം പിറുപിറുക്കുന്നത്‌ ഭീരുത്വമാണ്‌. ശരിയാണ്‌.

എത്ര സമയമിങ്ങനെ കാത്ത്‌ കാത്ത്‌ ഇരിക്കും? സമയം പാഴാക്കരുത്‌. ക്ഷമയുടെ ബാറോമീറ്റര്‍ പൊട്ടിത്തെറിക്കാറായി. അങ്ങുമിങ്ങുമൊന്ന്‌ നോക്കി. ഇതു തന്നെ നല്ല സമയം. എറ്റവും ദുര്‍ഘടമായ 'മിഷന്‍'. ഇനി താമസിച്ച്‌ കൂടാ. 'നോ' എന്രിയും '144'ഉം നിലവിലിരിക്കെ ഈ സാഹസത്തിന്‌ മുതിരണോ? മനസ്സാക്ഷിയൊക്കെ മണ്ടന്‍മാര്‍ക്കുള്ളതാണ്‌. തുനിവേ തുണ... ങും, നടക്കട്ടെ.

പ്ളാസ്റ്റിക്ക്‌ ജാറാണ്‌. നല്ലപോലെ കണാം. മൂടി തള്ളിവിട്ടു. തല ഉള്ളിലോട്ട്‌ കടത്തി, വായ വിസ്തരിച്ചു തുറന്നു. തന്നാലായത്‌ മുഴുവന്‍ ഒര്‌ കടിക്ക്‌ വായ്ക്കുള്ളില്‍. ങേ... ചതിച്ചോ! തല വെളിയിലോട്ട്‌ എടുക്കാന്‍ കഴിയുന്നില്ലല്ലോ! 'ഓ മ്യാവൂ... മൈ ലോര്‍ഡ്‌ പ്ളീസ്‌... പ്ളീസ്‌...' രക്ഷയില്ല. സദാ തന്നെ ചുറ്റിപറ്റി നടക്കുന്ന ബ്ളേക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ കമേണ്റ്റോക്കളെവിടെ? ഈശ്വരാ...

ശാന്തമായി ഒന്നു ചിന്തിക്കൂ മീറാ, തലക്കടി കിട്ടിയപ്പോള്‍ മനം നൊന്ത്‌ പ്രാര്‍ഥിച്ചില്ലെ. ഹെല്‍മെറ്റിടാതതു കാരണം എത്ര മനുഷ്യരാണ്‌, റോഡില്‍ തല പൊട്ടി ചോരയില്‍ കുളിച്ച്‌ മരിച്ച്‌ 'ഹെല്‍' മീറ്റ്‌ ചെയ്യുന്നത്‌! മനുഷ്യരുടെ തലക്കെ വിലയുള്ളൂ? ഇതു മനസ്സിലാക്കാതെ പരക്കം പായരുത്‌. മനുഷ്യര്‍ നിന്നെക്കണ്ടെങ്കിലും ഹെല്‍മെറ്റിട്ട്‌ വണ്ടി ഓടിക്കാന്‍ പടിക്കട്ടെ!

Labels:

Technorati blog directory