Saturday, April 07, 2007

കദ്രുജന്‍

അത്യാവശ്യമായി ഒന്ന്‌ ആ വീടുവരെ പോകേണ്ടതായി വന്നു. പുള്ളി വീട്ടുമുറ്റത്തെ മരച്ചോട്ടില്‍ തുണികൊണ്ടുള്ള പഴയ മോഡല്‍ ചാരുകസേരയില്‍ ഇരുന്ന്‌ പഴകി ദ്രവിച്ച ഏതോ പുസ്തകം വായിക്കുകയാണ്‌. കാലുകള്‍ നീട്ടി അടുത്ത ഒരു കല്ലില്‍ വെച്ച്ട്ടുണ്ട്‌. ചാരുകസേരയുടെ തൊട്ടടുത്ത്‌ ചായഗ്ലാസ്‌. ടീപ്പോയില്‍ പഴയ കത്തുകളും ഒന്നു രണ്ടു പഴകി ദ്രവിച്ച പുസ്തകങ്ങള്‍ വേറേയും. നേരം കുറച്ചായി ഈ വായനയെന്ന്‌ എനിക്ക്‌ തോന്നി. എന്നെ കണ്ട മാത്രയില്‍ ഉച്ചത്തില്‍ നീട്ടി വിളിച്ചു.

"സുശീ... ഇങ്ങോട്ടൊന്നു വന്നേ!"

സൂശീലേച്ചി ഓടിക്കിതച്ചെത്തി. അടുക്കളയില്‍ ദോശമാവരച്ചുകൊണ്ടിരുന്നതിനിടയില്‍ കൈകഴുകാനൊന്നും നേരം മെനക്കെടുത്താതെ വെള്ളയടിച്ച കയ്യുമായിട്ട്‌ ഓടിച്ചാടി വന്നു.

"അത്‌ പിന്നേയും വന്നോ? എവിടെ?"

ഈ വെപ്രാളം കണ്ട്‌ ഞാനൊന്നു ഞെട്ടി! ഇതെന്തുപറ്റി?

ഭരതേട്ടന്‍ സംഗതി പറഞ്ഞു. ഞാന്‍ അവിടെ എത്തുന്നതിനു കുറച്ചുമുമ്പ്‌ ചായ കൊണ്ടുവന്നപ്പോള്‍ ചേച്ചീ കണ്ടത്‌ ചാരുകസേരക്ക്‌ താഴെ കൂടിയിഴഞ്ഞു പോകുന്ന പാമ്പിനെയായിരുന്നു. സുശീലേച്ചിയുടെ ബഹളം കേട്ടു ചുറ്റുവട്ടാരത്തുള്ള ആബാലവൃദ്ധം ജനങ്ങളും തടിയും വടിയും കല്ലും കയ്യില്‍ക്കിട്ടിയ സര്‍വ്വായുധഭൂഷിതരായി ഓടിക്കൂടി. അപ്പോഴേക്കും ആ പാവം സ്ഥലംവിട്ടിരുന്നു. ആ ധാരണയിലാണ്‌ ചേച്ചി ഇപ്പോഴും പയ്യോളി എക്സ്പ്രസ്സ്‌ പോലെചാടി വന്നത്‌.

"അത്‌ വല്ല ചേരയുമായിരിക്കും." ഞാന്‍ പറഞ്ഞു.

"മനുഷ്യരെക്കൊണ്ട്‌ പാമ്പിനും വല്യ ശല്യം തന്നെ !" ഭരതേട്ടന്‍ എന്റെ നേരെ നോക്കിപ്പറഞ്ഞു.

അവിടന്നു തിരിച്ചപ്പോള്‍ സന്ധ്യയായി. കൊട്ടാരപ്പറമ്പ്‌ വഴി വേണം പോകാന്‍. അത്‌ ഭയങ്കരമായ സര്‍പ്പക്കാടാണ്‌. അല്ലങ്കില്‍ പോകേണ്ട വഴി വലിയ ചുറ്റാ. പൊതുവെ പാമ്പിനെ പേടിയുള്ള ഞാന്‍ ഒരു ഡയിലമ്മയിലായി. ഇരുട്ടുന്നതിനു മുന്‍പ്‌ അങ്ങട്ട്‌ കടക്കാം. കാല്‍ മുന്നോട്ട്‌ നീങ്ങി. കൊട്ടാരപ്പറമ്പിലെ നാഗത്താന്മാരുടെ അദ്ഭുതകഥകള്‍ പലതും ഇപ്പോള്‍ പറഞ്ഞുകേട്ടതേയുള്ളൂ.

വര്‍ഷം മുന്‍പു ഭരതേട്ടന്‍ ഇവിടെ വരുമ്പോള്‍ കൊട്ടാരവളപ്പു കൊടുംകാടുപോലെയായിരുന്നു. സര്‍പ്പങ്ങളുടെ ശീല്‍ക്കാരവും പക്ഷികളുടെ കളകളനാദവും മറ്റും എന്നും കേള്‍ക്കാമത്രെ. വനാന്തരമ്പോലെയുള്ള ആ വളപ്പില്‍ അന്നൊക്കെ കണ്‍വെട്ടത്തുകൂടി പാമ്പുകള്‍ ഓടി നടക്കും. പക്ഷേ ആരെയും ഉപദ്രവിക്കാറില്ല. ഇത്രയും വര്‍ഷത്തിനിടെ ഇവിടെ ഒരു ജീവിയെപ്പോലും ആരും കൊന്നിട്ടുമില്ലത്രെ ! എനിക്ക്‌ പേടി തുടങ്ങി.

കാട്‌ നില്‍ക്കുന്ന സ്ഥലം മനുഷ്യന്റെ പാദസ്പര്‍ശനമേല്‍ക്കാതെ വിശുദ്ദമായിക്കിടക്കുന്നു. മരങ്ങളിലെ പഴങ്ങള്‍ ആരും പറിക്കാറില്ലന്നു തോന്നുന്നു. വീണുകിടക്കുന്ന പൂക്കളും പഴങ്ങളും കൂടി ഭീതി ജനിപ്പിക്കുന്ന മണം. കാട്ടുമരങ്ങളും വള്ളികളുമെല്ലാം ചേര്‍ന്ന്‌ വലിയൊരു ഗുസ്തി പിടിക്കുന്നതു പോലെ തോന്നിക്കും. ചുറ്റും ചെങ്കല്ലുകൊണ്ടുള്ള പൊട്ടിയും പൊളിഞ്ഞും കിടക്കുന്ന മതിലുണ്ട്‌. വര്‍ഷത്തിലൊരു ദിവസം മാത്രം പൂജയും ബഹളവും തെയ്യവും ഉണ്ടാകുന്ന നാഗത്തറ. മറ്റു ദിവസങ്ങളിലാരും അതിനടുത്തോട്ട്‌ പോകാറില്ല. വല്ലാത്തൊരു സ്ഥലം. അങ്ങോട്ട്‌ നോക്കാനേ ഒരു പേടി.

പക്ഷികള്‍ നിശ്ശബ്ദരായി. മരങ്ങള്‍ നിശ്ചലമായി. ഞാന്‍ മാത്രം ചലിക്കുന്നു. കരിയിലകള്‍ തട്ടിത്തെറിപ്പിച്ചുകൊണ്ടുള്ള നടത്തം. ഈ സായംസന്ധ്യയില്‍ മനസ്സില്‍ ' ഉടുക്ക്‌ മദ്ദളമിലത്താളം ...' മേളം കൊട്ടാന്‍ തുടങ്ങി. സൂപ്പര്‍ സ്പീഡില്‍ നടന്നു. കാലടി നിലത്തു തൊട്ടൂ തൊട്ടില്ല എന്ന മട്ടില്‍. ഇരുട്ടിന്റെ കാഠിന്യം ഹൃദയത്തുടിപ്പ്‌ കൂട്ടി. നേരിയ ശീല്‍ക്കാരം കേള്‍ക്കുന്നുണ്ടോ? പരിഭ്രമം മനസ്സിനെ പിടികൂടാത്തിരിക്കാന്‍ അതുവരെ വിശ്വസിക്കാന്‍ കൂട്ടാക്കാത്ത സര്‍വ്വ ക്ഷുദ്രദേവീദേവന്മാരേയും വിളിച്ച്‌ കാവല്‍ഭടന്മാരാക്കി. അന്ധവിശ്വാസങ്ങളെല്ലാം സ്വന്തവിശ്വാസങ്ങളാക്കി മാറ്റി. പലരും കേട്ടിട്ടുണ്ടെന്ന്‌ പറഞ്ഞ അതേ ശീല്‍ക്കാരം. അപ്പോഴെല്ലാം കളിയാക്കിയതിന്‌ നിബന്ധനയറ്റ പശ്ചാത്താപം നിര്‍ലോപമായി പ്രകടിപ്പിച്ചു. നല്ല പാമ്പ്‌ ആരേയും അനാവശ്യമായി ഉപദ്രവിക്കില്ലല്ലോ? ഞനോ വളരെ പാവം, ധൈര്യവാന്മാരുടെ റാങ്ക്‌ ലിസ്റ്റില്‍ മാത്രം വാലറ്റം!

അധോലോകത്തില്‍പെട്ട എഴാം ലോകമാണ്‌ പാതാളം. അത്‌ സര്‍പ്പങ്ങളുടെ ആവാസകേന്ത്രങ്ങളാണ്‌. സ്കൂളില്‍ പഠിപ്പിച്ച സകല പുരാണകഥകളും മനസ്സില്‍ തെളിഞ്ഞു. സര്‍പ്പങ്ങളില്‍ ഉപരിവര്‍ഗ്ഗമായ തക്ഷകന്‍ കാളിയന്‍ എന്നിവര്‍ വസിക്കുന്നതാകട്ടെ അഞ്ചാമത്തെ അധോലോകത്തിലും.ഞാന്‍ നടക്കുന്നത്‌ ഏതു ലോകത്തിലാണ്‌? എന്തായാലും ഞങ്ങളൊക്കെ കശ്യപപരമ്പരയല്ലേ? സഹോദരങ്ങളല്ലേ? സ്വാര്‍ഥത ക്രൂരത ഇവയുടെ മൂര്‍ത്തികളല്ലേ? കദ്രു അമ്മേ, കുട്ടികളോട്‌ എന്നെ ഉപദ്രവിക്കരുതെന്ന് അപേക്ഷിക്കണേ? പിറുപിറുപ്പ്‌ കൂടുന്നുണ്ടോ ?

ആവൂ സമാധാനമായി! ഒരു വിധത്തില്‍ കടമ്പകളെല്ലാം കടന്നു വീടിന്റെ കോണിക്കലെത്തി. ഇനി പ്രശ്നമില്ല. എങ്കിലും എല്ലാതിലും ഒരനക്കം. കൈനടയിലെത്തി. തൊടിയില്‍ വീണ ചപ്പിലകള്‍ക്കും കുറ്റിച്ചെടികള്‍ക്കും ഒരനക്കം. കല്ലിനും പുല്ലിനും കൂടി അനക്കം. കണ്ണില്‍പ്പെടുന്നതിനെല്ലാം ഒരനക്കം. ധൈര്യമളക്കാനുള്ള 'മനോ-മീറ്റര്‍' വെച്ചു നോക്കിയിരുന്നെങ്കില്‍ പൊട്ടിച്ചിതറിപ്പോയേനേ! അത്രയും ധ്രുതഗതിയിലാ നടപ്പ്‌. കൈനടയില്‌ ഒരു കാല്‍ വെച്ചതും ഉടനെ പുറകോട്ടുചാടിയതും ഒപ്പം കഴിഞ്ഞു.

"പാമ്പ്‌!" ഞാന്‍ പുലമ്പി!

പുറത്തെ വരാന്തയിലിരുന്ന്‌ അമ്മ ഇത്‌ കാണുന്നു. ഞാന്‍ സ്തംഭിച്ചുനില്‍ക്കുന്നത്‌ കണ്ടപ്പോള്‍ അമ്മ ടോര്‍ച്ച്‌ലൈറ്റുമായി മുറ്റത്തിറങ്ങി.

"ഇങ്ങുപോര്‌."

അധൈര്യത്തിന്റെ ഉച്ഛഘട്ടത്തിലെത്തിയ ഞാന്‍ രണ്ടും കല്‍പ്പിച്ച്‌ പാസ്സാക്കിയ ട്രിബിള്‍ ജമ്പില്‍ മലക്കുത്തം മറിഞ്ഞുവീണത്‌ മുറ്റത്തെ അശോകമരച്ചെടിമേലായിരുന്നു. തിരിഞ്ഞു നോക്കിയപ്പോള്‍ അതാ വഴിയില്‍ കിടന്ന ഒരു കഷണം കയറെടുത്ത്‌ അമ്മ ദൂരേക്കെറിയുന്നു, കൂടെ വറാന്തയില്‍നിന്നും മറ്റുള്ളവരുടെ പൊട്ടിച്ചിരിയും!

സുന്ദരികള്‍ ചവിട്ടിയാല്‍ അശോകം പൂക്കുമെന്ന്‌ കേട്ടിട്ടുണ്ട്‌. ഞാന്‍ ചവുട്ടിയൊടിച്ച അശോകച്ചെടിയിനി കിളുര്‍ക്കുകപോലും അസാധ്യം!

Monday, April 02, 2007

അയ്യനാര്‍ക്കാവുകള്‍

ആളുകളെ അകര്‍ഷിക്കുന്ന തുംഗസൗധങ്ങളോ വമ്പന്‍ കെട്ടിടങ്ങളോ ആപണവീഥികളോ കൂറ്റന്‍ വ്യവസായശാലകളോ അതുപോലുള്ള മറ്റു സ്ഥാപനങ്ങളോ ഇവിടത്തെ ഗ്രാമങ്ങളില്‍ നിങ്ങള്‍ കണ്ടില്ലെന്നിരിക്കും. എന്നാല്‍ ഗ്രാമീണകലകളുടേയും മതാചാരങ്ങളുടേയും ഒരു ദൈവീക സംഘമമാണ്‌ തമിഴ്‌നാട്ടിലെ പല ഗ്രാമങ്ങളിലും കണ്ടുവരുന്ന 'അയ്യനാര്‍ കാവുകള്‍'. ഇരുപത്‌ മുതല്‍ ഇരുപത്തഞ്ചടിയോളം വരുന്ന ഭീമാകാരമായ പത്തിരുപത്‌ പ്രതിമകളുടെ കൂട്ടം തീവണ്ടി യാത്രക്കിടയില്‍ മുമ്പൊക്കെ അങ്ങിങ്ങായി കാണാമായിരുന്നു. ഇന്ന് അത്ര സര്‍വ്വസാധാരണമായിക്കണ്ടെന്നുവരില്ല.

തമിഴകത്തില്‍ ഏതു ഗ്രാമാമായാലും അവിടെ ഒരു ദേവിക്ഷേത്രം (കോവില്‍) ഉണ്ടാകും. അരുള്‍മിഗു കാമാക്ഷി അമ്മന്‍, കാളിയമ്മന്‍, മുത്തുമാരിയമ്മന്‍, ശലൈകാരി അമ്മന്‍, വീര്യകാരിയമ്മന്‍, പേച്ചിയമ്മന്‍, മുണ്ടക്കണ്ണിയമ്മന്‍, പിഡാരിയമ്മന്‍, എല്ലയമ്മന്‍ എന്നീ വിവിധ നാമങ്ങളാല്‍ ഗ്രാമീണരാല്‍ ഓര്‍മ്മയുള്ള കാലം തൊട്ടേ ആരാധിക്കപ്പെട്ട്‌ വരുന്നവയാണു ഈ മൂര്‍ത്തികള്‍.

പരിസരങ്ങളില്‍ ദേവിയുടെ പരിവാരങ്ങളും കാവല്‍ ഭടന്മാരുമായി അനേകം ഭീകരമായ ശില്‍പ്പങ്ങളും സ്ഥാപിച്ചിരിക്കും. ഗ്രാമസംരക്ഷക കര്‍ത്താക്കളാണിവര്‍. ചില അനാചാരങ്ങളോടൊപ്പമാണെങ്കിലും പരിസ്ഥിതിസംരക്ഷണം അന്നൊക്കെ ദൈവീകമായിരുന്നു. ഗ്രാമത്തിന്റെ ജലശ്രോതസ്സും അതിന്‌ ചുറ്റുമുള്ള മരക്കൂട്ടങ്ങളും വളരെ ഭയഭക്തിയോടെ സംരക്ഷിച്ചിരിക്കുന്നതു കാണാം.

തികച്ചും പ്രാദേശീക ഉരുവത്തിലുള്ള ഈ ദൈവീക പ്രതിമകളെ അയ്യനാര്‍, കറുപ്പ സ്വാമി, മുനിയാണ്ടി, മുനീശ്വരന്‍, മധുരൈവീരന്‍, ശുടലൈ ഈരുളപ്പന്‍, മാടസാമി, അരുഞ്ഞുനൈ കാത്ത അയ്യനാര്‍, കല്ലാള്‍ അയ്യനാര്‍, നിറൈകുളത്തു അയ്യനാര്‍, പെരിയ ആണ്ടവര്‍, എന്നൊക്കെയാണ്‌ അറിയപ്പെടുന്നത്‌.

കാലം വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടെങ്കിലും തലമുറകളില്‍ ആവര്‍ത്തിക്കപ്പെടുന്ന ഏതോ നിയോഗത്തിന്റെ ഫലമായി ഇവ നിര്‍മ്മിക്കുന്നത്‌ ഗ്രാമത്തിലെ വേലവന്‍ സമുദായക്കാരാണ്‌. പരമ്പരയായി മണ്‍പാത്രനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരാണിവര്‍. മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന ചില വ്രതാനുഷ്ഠാനങ്ങളോടെ വേണം ഈ പണി ചെയ്യാന്‍. കളിമണ്ണില്‍ മെനഞ്ഞെടുത്ത പ്രതിമകള്‍ക്ക്‌ ചായങ്ങള്‍ പകര്‍ന്ന് ഉത്സവ സമയത്ത്‌ കാവുകളില്‍ കൊണ്ടുപോയി പ്രതിഷ്ഠിച്ച്‌ പൂജിക്കുന്നു. വര്‍ഷം തോറും പുതിയവ ഉണ്ടാക്കുകയായിരുന്നു പഴയ രീതി. നാടന്‍ കലയും ദൈവവുമായി ബന്ധപ്പെട്ട ആ പൊന്‍കാലം മാറി മറഞ്ഞു പോവുകയാണ്‌. ലോഹനിര്‍മ്മിതമായ പുതിയ പ്രതിമകള്‍ക്ക്‌ കളിമണ്‍ പ്രതിമകള്‍ വഴിമാറിക്കൊടുക്കുകയാണിപ്പോള്‍.