Friday, August 18, 2006

തമ്മില്‍ ഭേദം...!

പണ്ടൊക്കെ മെലോടിയസ്സായുള്ള ഇത്തരം പാട്ടുകളാ റേഡീയോവിലൊക്കെ കിട്ടുക.

"ഈ യാത്ര തുടങ്ങിയതെവിടെ നിന്നോ..
ഇനിയൊരു വിശ്രമമെവിടെച്ചെന്നോ..."

സന്ധ്യാ സമയം കഴിഞ്ഞു.രാത്രി ഇരുട്ടി.ഒരു പാവം ഭിക്ഷക്കാരന്‍ സന്യാസി ആ
പാട്ടു വരുന്ന ദിശയിലുള്ള ഒരു ഭവനത്തില്‍ കയറി ചെന്നു. പൂമുഖത്ത്‌ ഒരു
ചെറുപ്പക്കാരന്‍ ഉലാത്തിക്കൊണ്ടിരിക്കുന്നു.

സന്യാസി അപേക്ഷിച്ചു:
"മോനേ രാത്രി വളരെ വൈകി. വഴി ഇരുട്ടില്‍ മനസിലാവിണില്ല. നല്ല വിശപ്പുമുണ്ട്‌. എനിക്കു കുറച്ചു ഭക്ഷണവും അന്തിയുറങ്ങാന്‍ ഒരു സ്ഥലും വേണം. "

കേട്ടു നിന്ന യുവാവിനു ആ പാവത്തെ സഹായിക്കണമെന്നു തോന്നി. പക്ഷെ തന്തപ്പടി ജോലി കഴിഞ്ഞു വരണ നേരമാ . ഇന്നു ഏല്‍പ്പിച്ച പണിയൊന്നും തൃപ്തികരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഞാനീ ഭിക്ഷക്കാരനു ദയവു കാണിച്ചെങ്കില്‍ എന്റെ കാര്യം 'ഗോവിന്ദ' തന്നെ! അങ്ങിനെ അച്ഛനെ പേടിച്ചു മനസില്ലാ മനസ്സോടെ പറ്റില്ലേന്നു പറഞ്ഞയച്ചു.

തിരിച്ചു പോയ്കൊണ്ടിരുന്ന ഭിക്ഷക്കാരന്‍ ഒരു വഴിപോക്കന്‍ എതിരില്‍ വരുന്നത്‌ കണ്ടു. അദ്ദേഹത്തോട്‌ വ്യസനസമേദം തന്റെ പ്രശ്നം പറഞ്ഞു. അടുത്തുള്ള വീട്ടില്‍ പോയി നിരാശനായി മടങ്ങുകയണെന്നും അറിയിച്ചു. കേട്ട മാത്രയില്‍ വഴിപോക്കന്‍ അരോടെന്നില്ലാതെ കോപകുലനായി. ഭിക്ഷുവോട്‌ കൂടെ പോരാന്‍ ആജ്നാപിച്ചു. സന്തോഷത്തോടെ പിന്നാലെ പോയി. അതേ വീട്ടിലാണു പിന്നെയും കയറിച്ചെന്നത്‌. യുവാവ്‌ രണ്ടുപേരും വരുന്നത്‌ കണ്ട്‌ ഇറയത്തു തന്നെ നില്‍ക്കുകയാണു.സന്യാസി ഒരു നികൃഷ്ഠ ജന്തുവിനേയെന്നപോലെ പരിഹാസ്യഭാവത്തില്‍ അവനെയൊന്നു നോക്കി.

മകന്‍ പ്രതീക്ഷിച്ചതുപോലെ അച്ഛന്‍ കേറി വന്നു-വന്നില്ല, തുടങ്ങി ശകാരവര്‍ഷം. മാനം കടവു കടന്നു. അത്‌ മുഴുവന്‍ കേട്ടു ഭാണ്ടമെല്ലാം ഇറക്കി സന്തോഷത്തോടെ തിണ്ണയില്‍ ഇരുപ്പുറപ്പിച്ച ഭിക്ഷുവോട്‌ അച്ഛന്‍ പറഞ്ഞു : "ഇവിടേ ഞാന്‍ ആരാണെന്നു നീ മനസ്സിലാക്കണം. എന്റെ സമ്മതമില്ലാതെ നിന്നോട്‌ പോകാന്‍ പറയാന്‍ ഇവനാരാണു? ഞാനാണു ഇവിടുത്തെ കുടുമ്പത്തലവന്‍. എന്റെ ഉത്തരവില്ലാതെ ഇവിടെ ഒരു സംഗതിയും നടക്കില്ല. അതു മനസിലാക്കിത്തരാനാണു നിന്നെ ഞാന്‍ ഇങ്ങോട്ടു കൂട്ടിക്കൊണ്ടു വന്നത്‌. " എന്താ മനസിലായോ ? "
"ഓ നന്നായി മനസിലായേ !"
"എന്നാല്‍ നിനക്ക്‌ പോകാം!"
"ങേ...! അങ്ങിനേയാണോ ? തമ്മില്‍ ഭേദം... പയ്യന്‍ തന്നെ ! "

Wednesday, August 16, 2006

വളരെ പഴയ ഒരു മലയാള ശ്ലോകം

" 'ആമ്‌'നാളേ ശുഭകര്‍മ്മമെന്റു പറവാ,-
നായു:സ്ഥിതീം കണ്ടതാ-
രാമ്‌നാളാവതു ചെയ്തുകൊള്‍കിലതു-
നന്റല്ലാതതില്ലേതുമേ,
ചാമ്‌നേരത്തു വരിന്റ ഭീതി കളവാന്‍,
സേവിക്ക നീ നിത്യമാ-
യാമ്‌നായത്തിനു മൂലമായ പരമം
ദേവം സദാ ചിത്തമേ."

തമിഴും മലയാളവും തമ്മിലുള്ള ആദ്യകാല ബന്ധം ഇതില്‍ പ്രതിഫലിക്കുന്നുണ്ട്‌.

Source:- unknown

Thursday, August 10, 2006

ഹനൂമന്തമീഡേ!

ഞങ്ങള്‍ കുറച്ചുപേര്‍ ചേര്‍ന്ന് വളരെ പുരാതനമായ ഒരു അമ്പലം സന്ദര്‍ശിക്കാന്‍ പോയി.ഗ്രാമപ്രദേശമായതു കൊണ്ടാവണം ആള്‍തിരക്ക്‌ കുറവായിരുന്നു.ചുറ്റമ്പലത്തിന്ന് വെളിയിലായി വലിയ അരയാല്‍ മരം. ചുറ്റി നാലഞ്ചടി പൊക്കത്തില്‍ തറയും. അഞ്ചാറു പെട്ടിക്കടകളൊഴിച്ചാല്‍ ചുറ്റും കാര്യമായിട്ടൊന്നുമില്ല. ലഗ്ഗേജ്‌ സൂക്ഷിക്കാന്‍ സൌകര്യമൊന്നും കണ്ടില്ല. അമ്പലത്തിനുള്ളില്‍ പോകാന്‍ മടിയായതുകാരണം ആ ജോലി ഞാനേറ്റു.ആല്‍ത്തറയിലോട്ടു കയറി ഞാന്‍ ഇരുന്നു.കൂടെ വന്നവരുടെ രണ്ടു കുട്ടികള്‍ ആല്‍റ്റ്‌ഹ്തറയില്‍ കയറി കളിക്കാന്‍ തുടങ്ങി. അങ്ങിനെ ആ കുട്ടികളെ ശ്രദ്ധിക്കേണ്ട പണിയും എനിക്ക്‌ വിട്ട്‌ തന്ന് മറ്റുള്ളവര്‍ ദര്‍ശനത്തിനായി പോയി.

ശുദ്ധ വായു കിട്ടാതെ-കിട്ടിയപ്പോള്‍ നല്ല ഉന്മേഷം തോന്നി.ഗ്രാമത്തോടും ആ പരിസരത്തോടും എനിക്കു എന്തെന്നില്ലാത്ത മതിപ്പു തോന്നി.ഗ്രാമങ്ങളിലാണു ഇന്ത്യ വസിക്കുന്നതെന്ന മഹാത്മാവിന്റെ വാക്കുകള്‍ ഓര്‍മ്മിച്ചു. കുളിര്‍കാറ്റില്‍ ആടി ഉലയുന്ന അരയാലിലകള്‍ ശൃഷ്ടിക്കുന്ന സ്വരരാഗസുധ എന്നെ സ്ഥലകാലബോധം ഇല്ലാത്തവനാക്കി. തറയില്‍ വീണുകിടക്കുന്നു ഒരു അരയാലില ! മഹാ കവിയെ ഓര്‍ത്തു. പൂവായാലും ഇലയായാലും ഇതു താന്‍ ഗതി. ഹൃദയാകാരത്തിലുള്ള ആ ഇല കയ്യിലെടുത്തു. സ്‌നേഹത്തിന്റെ ചിഹ്നം! എന്തൊരു ഭംഗി! Ficus religiosa എന്ന ബോട്ടണി നാമം റിലിജിയനുമായുള്ള ബന്ധം കുറിക്കുന്നതാണോ ?പെട്ടന്ന് കുട്ടികളെയോര്‍മ്മ വന്നു. ലഗ്ഗേജിന്റെ മേലെ വെച്ചിരുന്ന വാഴപ്പഴപ്പൊതി അഴിച്ചു പറിച്ചു കളിക്കുകയായിരുന്നു കുട്ടികള്‍ ചോട്ടിയും മോട്ടിയും.
മേലെനിന്നും പെട്ടെന്നിറങ്ങി വന്ന നമ്മുടെ പൂര്‍വികന്മാര്‍ യതൊരു കൂസലുമില്ലാതെ എല്ലാ പഴവും തട്ടിയെടുത്തോണ്ടു ഞങ്ങളേ നോക്കികൊണ്ട്‌ അങ്ങിങ്ങായി നിലയുറപ്പിച്ചു.പേടിച്ചലറുന്ന കുട്ടികളേയും കെട്ടിപ്പിടിച്ചു ഞാനും ഒരു പാറാങ്കല്‍ പോലെ എന്തു ചെയ്യണമെന്നറിയാതെ നിന്നു. താഴേ വീണു കിടക്കുന്ന ഒരേയൊരു പഴം മോട്ടി കയ്യിലെടുത്തു. പത്തടി മേലെ നിന്നു വീക്ഷിച്ച്‌ കൊണ്ടിരുന്ന group Leader ആണെന്നു തോന്നുന്ന ഒരു മോട്ടാ വാനരന്‍ മോട്ടീയുടെ മേലേക്കൊരു ചാട്ടം. ഞങ്ങള്‍ മൂന്നു പേരും ഒറ്റക്കെട്ടായി പേടിച്ചരണ്ട്‌..... ആല്‍തറയില്‍ വീണുരുണ്ടു. നൊടികള്‍ക്കുള്ളില്‍ മോട്ടിയുടെ കാലില്‍ കയറി വാനരന്‍ പിടിച്ചു. കടക്കാര്‍ രണ്ടു മൂന്നു പേര്‍ ഓടി വന്നു. എന്തു ചെയ്യണമെന്നറിയാതെ അവരും സ്തമ്പിച്ചു നിന്നു. ദര്‍ശനം കഴിഞ്ഞ്‌ നൈവേദ്യവുമായ്‌ അതു വഴി വന്ന ഏതോ ഒരു ഭക്തന്‍ കയ്യിലുള്ള വാഴപ്പഴം വാനരന്നു നേര്‍ക്ക്‌ നീട്ടി. അത്‌ കിട്ടിയ താമസം പിടി വിട്ട്‌ അവന്‍ കൂട്ടുകാരോടൊപ്പം ആല്‍മരത്തിന്മേലോട്ട്‌ ചാടി കയറി . ഞാനും ചോട്ടിയും മോട്ടിയും ആല്‍തറയില്‍നിന്നും ഉരുണ്ട്‌ പെരണ്ട്‌ കീഴോട്ടൂം!

നന്ദി പറയാന്‍ പോലും അവസരം തരാതെ ആ ഭക്തന്‍ ഏതോ സ്ത്രോത്രം ചൊല്ലിക്കൊണ്ട്‌ നടന്നു നീങ്ങി. അപ്പോഴേക്കും നമ്മളുടെ ആള്‍ക്കാര്‍ ഭംഗിയായി ദര്‍ശനം കഴിഞ്ഞ്‌ സന്തോഷത്തോടെ തിരിച്ചെത്തി. ഇതുപോലൊരു പ്രശ്നം ഇനി വന്നാല്‍ ജപിക്കേണ്ട ഹനുമാന്‍സ്തുതി ( താഴെ കൊടുത്തിരിക്കുന്നത്‌) മനപ്പാഠമാക്കിയിട്ടാണു ഞാനിപ്പോഴ്‌ അമ്പലത്തില്‍ പോകാറുള്ളത്‌.

" കരോദ്ഭാസിടങ്കം കിരീടിധ്വജാങ്കം
ഹൃതാശേഷപങ്കം രണേ നിര്‍വിശങ്കം
ത്രിലോകീമൃഗാങ്കം ക്ഷണം ദഗ്ദ്ധലങ്കം
സദാ നിഷ്കളങ്കം ഹനൂമന്തമീഡേ! "

Sunday, August 06, 2006

ശിവ.. ശിവ...

തണുപ്പു കാലം. നല്ല ഉറക്കം. അതിരാവിലെ നാലുമണി കഴിഞ്ഞു കാണും. എങ്ങുനിന്നോ നേരിയ മണി ശബ്ദം കേള്‍ക്കുന്നു. കുട്ടിമോള്‍ ഉണര്‍ന്നു. കിടന്നുകൊണ്ടുതന്നെ ജനല്‍ വഴി വെളിയിലോട്ട്‌ നോക്കി.കൂനാക്കൂരിരുട്ട്‌ !
യക്ഷിക്കഥ ഒന്നു കേട്ടിട്ട്‌ കുറച്ചു ദിവസായി.അതിനു ശേഷം രാത്രി എന്ത്‌ ശബ്ദം കേട്ടാലും പേടിയാ കുട്ടിമോള്‍ക്ക്‌. വിശാലമായ പറമ്പിനു നടുവിലായിട്ടാ വീട്‌. വരുന്ന വഴി ചിറൂമ്പ ഭഗവതിയുടെ കാവും ഉപയോഗശൂന്യമായിക്കിടക്കുന്ന പൊട്ടക്കിണറും. നട്ടുച്ചക്കും പാതിരാത്രിയുമൊക്കെ പ്രേതങ്ങള്‍ വിളയാടുന്ന സ്ഥലം. അതു കടന്നു വരുമ്പോള്‍ പിടികൂടിയ പേടി വേറേയും. മണി ശബ്ദം കൂടി വരുന്നുണ്ടോ ... ഹൃദയംചെണ്ട കൊട്ടുന്നു, കൈകള്‍ ഇലത്താളമടിക്കുന്നൂ, വായയില്‍നിന്നും അച്ഛാ... അച്ച.. ഒച്ച..ച്ചാ... എന്നീ ഭയസ്വരാരാഗങ്ങള്‍ ...! അച്ഛനുണ്ടോ വിളി കേള്‍ക്കുന്നൂ ! അച്ഛന്‍ പുതച്ച കമ്പിളി വലിച്ചെടുത്ത്‌ അതിനുള്ളില്‍ക്കൂടാന്‍ ശ്രമിച്ചു.

കുട്ടീടെ ഞരങലും മൂളലും കേട്ട്‌ അമ്മ എഴുന്നേറ്റ്‌ വന്നു. കൈ പിടിച്ചുകൊണ്ട്‌ ചോദിച്ചു
"എന്താ മോളേ ?"
"ഒച്ച..ച്ചാ...മണിയടീ..ഒച്ചാ.. "
"മോള്‍ ഉറങ്ങിക്കോ.. അമ്മ നോക്കീട്ട്‌ വരാം."
"എനിക്കു പേടിയാവ്ന്‍ ഞാനും വരാം."
അമ്മയേ ഒട്ടിപ്പിടിച്ചുക്കൊണ്ട്‌ മോളും പിന്നാലേ... നടന്നു.
പൂജാ മുറിയിലെ തൂക്കുവിളക്കില്‍ ഒരു തിരി കൊളുത്തി. ശിവ ശിവ നാമം ചൊല്ലിക്കൊണ്ടു അമ്മ വാതില്‍ തുറന്നു. ഭയങ്കരമായ മണിശബ്ദം മുറ്റത്തെത്താറായി. അമ്മ ഒരു പാത്രം നിറയെ അരിയെടുത്തു അതില്‍ കുറച്ചു നണയങ്ങളുമിട്ടു പ്‌ഉറത്തെ ഇറവാരത്തില്‍ വന്നു നിന്നു.

ഒരു ഭീകര രൂപം അടുത്തേക്കു വരുന്നു.. .! അമ്മയുടെ പിന്നില്‍നിന്നും ഒളിഞ്ഞു നോക്കി. മണിയടി മുറുകി. അമ്മയുടേ ശിവ... ശിവ.. എന്ന നാമം... ഇതു പരമശിവന്‍ ദൈവം തന്നെ..! പൂജാമുറിയിലെ ഫോട്ടോവിലുള്ള അതേ രൂപം. തലയില്‍ ജട, കഴുത്തില്‍ രുദ്രാക്ഷ മാലകള്‍ , കയ്യില്‍ ചുവന്ന പട്ടുതുണി പൊതിഞ്ഞ ഒരു തലയോട്ടിന്‍പാത്രം. മുറ്റത്തെ തുളസിത്തറക്കു പ്രദക്ഷിണം ചെയ്യുന്നു.ഓരോ ചുറ്റിലും പാത്രം അമ്മയുടെ നെരേ നീട്ടുന്നു.അമ്മ അരിയും നാണയവും ഭയഭക്തിയോടെ അതിലോട്ടു പകരുന്നു. ഒരു നുള്ള്‌ തുമ്പപൂവ്‌ കിരീടത്തില്‍നിന്നും എടുത്ത്ത്‌ അമ്മയുടെ കയ്യിലുള്ള പാത്രത്തിലേക്കിട്ടുകൊണ്ട്‌ വന്ന അതേ വേഗതയില്‍ ഒന്നും മിണ്ടാതെ മണിയടി നിര്‍ത്താതെ ആ രൂപം ഇരുട്ടില്‍ അലിഞ്ഞു പോയി. അതോടെ മകളുടെ പേടിയും.
"ആരാമ്മേ അതു ? "
"അതാണൂ കേളീപാത്രം "
" കേളീപാത്രം...! "

Wednesday, August 02, 2006

കമ്മോഡരും കറുപ്പയ്യനും

അര്‍ദ്ധരാത്രിയാവാറായ്‌. ക്ലബ്ബില്‍നിന്നും വന്നയുടനേ നേരെ ശയനമുറിയിലേക്കാണു പോയത്‌ കമ്മോഡര്‍ കന്തസാമി. കട്ടബ്രഹ്മചാരിയാണു കമ്മോഡര്‍.
പരിചാരകന്‍ കറുപ്പയ്യന്‍ ഡൈനിംഗ്‌ ടേബിളിനടുത്ത്‌ തന്നെ കാത്തിരിപ്പുണ്ട്‌. പതിവു പോലെ രണ്ടു വരണ്ട ചപ്പാത്തിയും വേവിച്ച കുറച്ചു സബ്ജിയും ഒരു ഗ്ലാസ്‌ ഓ-ട്‌-സും വെച്ചു കാത്ത്‌ നില്‍ക്കുകയാണു." എന്താണാവോ ഇന്നു പറ്റിയത്‌ ..!...ഏപ്പോഴും പോലെ തന്നെയാണു ഇന്നും ക്ലബ്ബിലോട്ടു പോയത്‌.ഏപ്പോഴും ഇതൊക്ക കഴിച്ചിട്ടാണല്ലോ ഉറങ്ങാന്‍ പോവ്വാ. ഇന്നെന്തെ. ഏനിക്കും വിശക്കുന്നൂ ...? "
ഒരു ഭ്രിത്യനാണങ്കിലും ഞാന്‍ ഇവിടെ അദ്ദേഹത്തിന്റെ മകനേപ്പോലെയാണു കഴിയുന്നത്‌.. അനാഥനായ എന്നെ വളര്‍ത്തി ഇത്രത്തോളം ആളാക്കിയത്‌ അയ്യാ ആണു. ഇന്നു കാലത്തു കൂടെ ഞാന്‍ കല്യണം കഴിക്കാന്‍ സമ്മതിക്കാത്തതെന്താണെന്നതിനെ പറ്റിയാ ചര്‍ച്ച.
ബെഡ്‌ റൂമില്‍ പോയി നോക്കി. നല്ല ഉറക്കമാ. കാലിലെ ഷൂസ്‌ അഴിച്ചു മാറ്റി എല്ലം നെരയാക്കി കമ്പിളി പുതപ്പെടുത്തു മേലോട്ട്‌ കയാറ്റി. പോക്കെറ്റ്‌ ബള്‍ജായിരിക്കുന്നു. തപ്പി നോക്കി. Asthmaക്കാരുപയോഗിക്കുന്ന Inhalerആണു. അതേപോലെ ഇനിയുമൊന്ന്ഇരിപ്പുണ്ട്‌. ഓ....അതു കൈത്തോക്കാണു. രണ്ടൂമെടുത്ത്‌ തലയണക്കടിയില്‍ വെച്ചു. ഫാന്‍ സ്പീഡ്‌ കുറച്ച്‌ വെച്ചു. ഭക്ഷണം കഴിച്ച്‌ ഞാന്‍ ഉറങ്ങാന്‍ കിടന്നു.
പതിവ്‌ പോലെയല്ലങ്കില്‍ ഉറക്കം വരാന്‍ പ്രയാസമാ. നല്ല കാര്യങ്ങളോര്‍തു ഉറങ്ങാം. ഉച്ച്ക്കു അയ്യാ പറഞ്ഞ തമാശ മനസ്സില്‍ തെളിഞ്ഞു.
പോകുന്ന വഴിയിലാണു ബീംസിങ്ങിന്റെ ക്വാട്ടേര്‍സ്‌.
Beant Singh B A എന്ന ബോഡ്‌ മാറ്റി Beant Singh M A എന്നുള്ള ബോഡ്‌ വെച്ചിരുന്നു.
ഈയ്യിടേ തിരിച്ചും Beant Singh B A എന്നു എഴുതി വെച്ചിരിക്കുന്ന്..!
ഇതു പറഞ്ഞു വല്ലാത്ത ഒരു ചിരി. ഞാന്‍ സംഗതി മനസ്സിലാക്കാതെ കൂടെ ചിരിച്ചു.
"വിഡ്ഡീ, നീ എന്താ ചിരിച്ചേ? "
"അയ്യാ ചിരിച്ചൂ, ഞാനും ചിരിച്ചു !"
"ശരിയയ റ്റ്യൂബ്‌ ലൈറ്റ്‌"
"ഓ.. ഇപ്പോ മനസ്സിലായി !"
"എന്തു...? " " M A പഠിച്ചാ പിന്നെ എങ്ങനാ തിരിച്ചും B A ക്കാരനാവുന്നേ "
"ആയല്ലോ..!... സര്‍ദാര്‍ജി പറഞ്ഞൂ ..അവളും ഓടിപ്പോയെന്നു. അതോണ്ടാ Bachelor Again ബോഡ്‌ വെച്ചതത്രേ." അറിയാതെ ചിരിച്ചു പോയി.
പെട്ടെന്നൊരു വെടി ശബ്ദം.അയ്യാ റൂമിലേക്ക്‌ ഞാന്‍ ഓടി. ഞാന്‍ ഞെട്ടിവിറച്ചു. വായില്‍ കൈത്തോക്ക്‌,തല രക്തത്തില്‍ കിടക്കുന്നു. ആവസാന വാക്കെന്നോണം എന്നോടായി "മാറിപ്പോ..യ്‌....!" എല്ലാം നൊടിയിടക്കുള്ളില്‍ തീര്‍ന്നു.
താഴെ വീണുക്കിടക്കുന്ന Asthma Inhaler*റും കമ്മോഡര്‍ കയ്യിലുള്ള Revolverറും കറുപ്പയ്യന്‍ മാറി മാറി നോക്കി സ്തമ്പിച്ചു നിന്നു !