Friday, May 30, 2008

ചില്ലറ


നേഷനല്‍ ഹൈവേയുടെ ഇരുവശത്ത്‌ കൂടിയാണ്‌ മോണിങ്ങ്‌ വാക്ക്‌. അതുകൊണ്ട്‌ രണ്ട്‌ മൂന്ന്‌ കാര്യങ്ങള്‍ സാധിക്കും. കോളസ്റ്റ്രോള്‍ കുറക്കല്‍ തന്നെ പ്രധാന കാര്യം. പാലും പേപ്പറും വാങ്ങുന്നതാണ്‌ മറ്റ്‌ രണ്ട്‌ സംഗതി. ഇങ്ങനെ നടന്ന്‌ നടന്ന്‌ പേപ്പര്‍ വാങ്ങി കഷ്ടപ്പെടേണ്ടതുണ്ടോ എന്നു ചോദിച്ചേക്കാം. അതിലുമുണ്ടൊര്‌ ബെനിഫിറ്റ്‌. നാട്ടില്‍ക്കിട്ടാവുന്ന എല്ലാ പത്രങ്ങളുടേയും തലക്കെട്ട്‌ പോസ്റ്ററുകള്‍ ആ പെട്ടിക്കടക്ക്‌ തോരണം പോലെ കെട്ടിത്തൂക്കിവെച്ചിട്ടുണ്ടാവും. അങ്ങിനെ നാലു വരി ഓസി ആയിട്ടും വായിക്കാം.

അങ്ങിനെ വായിച്ചോണ്ടും നടന്നുകൊണ്ടുമിരുന്നപ്പോളാണ്‌ പണപ്പെരുപ്പം എട്ട്‌ ശതമാനം എന്ന വാര്‍ത്ത. യഥാര്‍ത്ഥത്തില്‍ പണം രൂപയായും ചില്ലറയായുമൊക്കെ കൂടിയതുകൊണ്ടല്ലേ ഈ 'പെരുപ്പം'? ആയിരവും അഞ്ഞൂറുമൊക്കെ യഥേഷ്ടം പ്രിന്റ് ചെയ്യുന്നുണ്ടെങ്കിലും ചില്ലറ പൈസക്ക്‌ വളരെ ക്ഷാമം. ദിനപത്രം വാങ്ങി. ബാക്കി അമ്പത്‌ പൈസ തരാന്‍ കടക്കാരന്‌ അല്‌പം മടി. മുഖം കറുപ്പിച്ചപ്പോള്‍ തന്നു ഒര്‌ കോഫീ ബൈറ്റ്‌ ചോക്ളേറ്റ്‌. പാല്‍ കടയിലും ചില്ലറ പ്രശ്നം. അവിടന്നും കിട്ടി മിഠായി. മെഡിക്കല്‍ ഷോപ്പ്‌കാരനും ബാക്കിക്ക്‌ കൈനീട്ടിയപ്പോള്‍ തന്നത്‌ മിഠായി തന്നെ. ചില്ലറ സേവ്‌ ചെയ്തുവെക്കുന്ന ഭണ്ടാരം മിഠായി കൊണ്ട്‌ നിറഞ്ഞു. ഇനി മിഠായി സ്വീകരിക്കില്ല. ഭണ്ഡാരം വ്യക്തമാക്കി.

ചോക്ളേറ്റ്‌ കാലിയാക്കാനും ഒരു വഴി കണ്ടെത്തി. ഒരു ദിവസം പേപ്പര്‍ വാങ്ങി. കൊടുത്തു ഏഴ്‌ ചോക്ളേറ്റ്‌. പാല്‍ക്കവര്‍ വാങ്ങി. കൊടുത്തത്‌ ചോക്ളേറ്റ്‌ തന്നെ. ബാക്കി ഇനി ആറൊ ഏഴോ കാണും. കാല്‍ വേദനിക്കുന്നു. നടക്കാന്‍ വയ്യ. ബസില്‍ കയറാം. രണ്ടു സ്റ്റോപ്പുണ്ടല്ലോ.

ബസില്‍ കയറി. വിസിലടിച്ചു. ബസ്‌ നീങ്ങിത്തുടങ്ങി. കാണ്ടക്ടര്‍ വന്നു.ടിക്കറ്റ്‌ വാങ്ങി. പതുക്കെ കീശയില്‍നിന്നും ചോക്ളേട്‌ എടുത്തു. ശരിയായിട്ടുണ്ട്‌ ഏഴെണ്ണം. സര്‍ക്കാരുദ്യോഗസ്ഥന്‌ കൈക്കൂലി കൊടുക്കുന്ന ലാഘവത്തോടെ കൈമടക്കി.

"എന്താ വട്ടാണോ?"

"അല്ല. ചില്ലറ ക്ഷാമം"

നീട്ടിയടിച്ച വിസില്‍ ശബ്ദത്തില്‍ മയക്കത്തിലിരുന്ന യാത്രികര്‍ ഞെട്ടിവിറച്ചു. ഡ്രൈവര്‍ അവര്‍കളടിച്ച സഢന്‍ ബ്രെയ്ക്കില്‍ വാതായനങ്ങള്‍ രണ്ട്‌ വാ പിളര്‍ത്തി.

"ഇറങ്ങിപ്പോ" ഗര്‍ജ്ജിച്ചു കണ്ടക്ടര്‍.

"സാരല്ല്യ. വീട്‌ ദേ ആ കാണുന്നതാണ്‌. ലേശം നടന്നാല്‍ മതി. "

7 comments:

Raghavan P K said...

യഥാര്‍ത്ഥത്തില്‍ പണം രൂപയായും ചില്ലറയായുമൊക്കെ കൂടിയതുകൊണ്ടല്ലേ ഈ 'പെരുപ്പം'? പക്ഷെ ചില്ലറക്ക് ക്ഷാമം.

ഷിബു said...

ഇറങ്ങി പോവാന്‍ മാത്രമേ പറഞ്ഞുള്ളൂ ????ഒരു സംശയം :)

OAB said...

എല്ലാവരും ഒന്ന് ശ്രദ്ധിച്ചാല്‍ തീരുന്ന്തേയുള്ളു ഈ ചില്ലറയുടെ ചില്ലറ പ്രശ്നം. നിങ്ങളുടെ വീട്ടിലുള്ള, മേശ വലിപ്പില്‍, പല വിധ പാത്രത്തില്‍ നിങ്ങള്‍ അലക്ഷ്യമായി എറിഞ്ഞ ചില്ലറ തുട്ടുകള്‍ കുപ്പായ കീശ കനം തൂങ്ങുമെന്ന കാരണത്താല്‍ എടുക്കാന്‍ മടി കാണിക്കാതിരിക്കുക. കൊടുത്തെങ്കിലേ കിട്ടൂ എന്ന് മനസ്സിലാക്കുക.

നിഗൂഢഭൂമി said...

very good .i also feel so

ഹരിത് said...

:) കൊള്ളാം.

Areekkodan | അരീക്കോടന്‍ said...

കഥയും പാഠവും നന്നായി

Anonymous said...

കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com