Thursday, June 14, 2007

മരണപത്രിക

കുപ്പുസാമി താത്തക്ക്‌ വയസ്സ്‌ 85. വക്കീല്‍ ഗുമസ്തനായി ജോലി ചെയ്തു പിരിഞ്ഞു വര്‍ഷം കുറെയായി. മകനും ഭാര്യയും മാത്രമാണ്‌ സ്വന്തം എന്നു പറയാന്‍. സാമിയുടെ കൂടെയാണ്‌ അവരും താമസിക്കുന്നത്‌.

അന്നൊരു ലീവ്‌ ദിവസമാണ്‌. ഉച്ചക്ക്‌ ഊണ്‌ കഴിച്ചു കൊണ്ടിരിക്കുകയാണ്‌ കുപ്പുസാമി താത്ത. അച്ചാറിന്റെ മണം മൂക്ക്‌ തുളക്കുന്നു. മാങ്ങ അച്ചാര്‍ വളരെ ഇഷ്ടമാണ്‌ സാമിക്ക്‌. അതും എണ്ണ ചേര്‍ക്കാതെ വരുന്ന പാലാട്ട്‌ അച്ചാറായാല്‍ ബഹുകേമം. പറഞ്ഞിട്ടെന്തു കാര്യം. മകനും ഭാര്യയും സിനിമ കാണാനോ മറ്റൊ പോകാനുള്ള ധൃതിയിലാണ്‌. ഡൈനിംഗ്‌ ടേബിളില്‍ അത്‌ ഇല്ല താനും.

"ലേശം മാങ്ങാ അച്ചാര്‍ വേണം മ്മോളെ..." താത്ത മരുമകളെ വിളിച്ചു പറഞ്ഞു. പറഞ്ഞത്‌ കേട്ടില്ലെന്നു തോന്നി കുറച്ചു കൂടി ഒച്ചത്തില്‍ ഒന്നു കൂടി വിളിച്ചു.

ദേഷ്യം പിടിച്ച മരുമകള്‍ ഓടി വന്നു. ഒറ്റ നോട്ടത്തില്‍ ത്തന്നെ കുപ്പുസാമി താത്തയെ ചുട്ട്‌ ചാമ്പലാക്കി. "അച്ചാറില്ലാതെ വേണമെങ്കില്‍ കഴിച്ചാല്‍ മതി" ഇത്രയും അലറിക്കൊണ്ടു മരുമകള്‍ സ്ഥലം വിട്ടു.

അലക്കിക്കൊണ്ടിരിക്കുന്ന വേലക്കാരി ഇത്‌ കേള്‍ക്കുന്നുണ്ടായിരുന്നു. അവള്‍ പതുക്കെ അകത്തോട്ട്‌ വന്ന് താത്തക്ക്‌ വേണ്ടുന്ന അച്ചാര്‍ എടുത്തു വിളമ്പിക്കൊടുത്തു. നടന്ന സംഭവം താത്തയെ തീരാദുഃഖത്തില്‍ തള്ളി വിട്ടു.

താത്ത ഒരു നിമിഷം പോലും പാഴാക്കാതെ അടുത്തുള്ള രണ്ടു സ്നേഹിതന്മാരെ വിളിച്ചു വരുത്തി. അവരെ സാക്ഷികളാകികൊണ്ട്‌ തന്റെ എല്ലാ സ്വത്തുക്കളും വേലക്കാരിക്ക്‌ എഴുതി വെച്ചുകൊണ്ടുള്ള ഒരു ഒസ്യത്ത്‌ തയാറാക്കി അവരെ ഏല്‍പ്പിച്ചു.

അധികനാള്‍ കഴിയുന്നതിന്‌ മുമ്പേ കുപ്പുസാമി താത്ത ഇഹലോകവാസം വെടിഞ്ഞു. സ്വത്തിന്‌ വേലക്കാരി പൂര്‍ണ്ണ അവകാശിയാവുകയും ചെയ്തു. തല്‍ക്കാലം ഈ സംഭവം ഇവിടെ നിര്‍ത്തുന്നു.

ഈ കഥ വായിച്ച ഒരാളുടെ കമന്റ്‌ എങ്ങിനേയിരിക്കും?

"രാഘവോ, തനിക്ക്‌ എത്ര പറഞ്ഞാലും മനസ്സിലാവില്ലേ? ഇതൊക്കെയാണോ ബ്ലോഗിലിടേണ്ടത്‌ ? വന്നിരിക്കുന്നൂ ഒരു കഥയും കൊണ്ട്‌! വെറുതെ എന്റെ സമയം കളയാന്‍."

അങ്ങിനെ തോന്നരുതല്ലോ എന്നു കരുതി ഞാന്‍ തുടരുന്നൂ. അത്ര എളുപ്പമായി എഴുതി വെക്കാവുന്നതാണോ ഒസ്യത്ത്‌ അഥവാ മരണപത്രിക ? കുപ്പുസാമി താത്തയുടെ മകനും ഭാര്യയും ചുമ്മാതിരിക്വോ ? നിയമപരമായി അവര്‍ക്ക്‌ നടപടിയെടുത്ത്‌ സ്വത്ത്‌ തിരിച്ച്‌ വാങ്ങിക്കൂടെ? ഇതൊക്കെ സ്വാഭാവികമായി നമുക്കുണ്ടാകാവുന്ന സംശയങ്ങളാണ്‌. മേല്‍പ്പറഞ്ഞ ഒസ്യത്ത്‌ നിയമപരമായി അംഗീകരിക്കുക തന്നെ ചെയ്തു. മകനും ഭാര്യയും പിന്നീട്‌ ദുഃഖിച്ചു.

ഒസ്യത്തെഴുതി വെക്കുന്നവര്‍ ശ്രദ്ധിക്കേണ്ട സംഗതികള്‍ താഴെ പറയുന്നവയാണ്‌.

* ഇത്‌ നിയമപരമായ ഒരു പ്രസ്താവനയാണ്‌. മരണ ശേഷം മാത്രമേ നടപ്പില്‍ വരൂ.

* ഇത്‌ മുദ്രപ്പത്രത്തില്‍ എഴുതേണ്ട ആവശ്യമില്ല.

* റെജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യവുമില്ല.

* 18 വയസ്സ്‌ പൂര്‍ത്തിയായ ഏതൊരാള്‍ക്കും തന്റെ വക സ്വത്തുണ്ടെങ്കില്‍ ഒസ്യത്തെഴുതി വെക്കാം. മാനസീകമായി ആരോഗ്യവാനായിരിക്കുന്ന ആളായിരിക്കണമെന്നു മാത്രം.

* സ്വന്തമായി സമ്പാദിച്ച ധനവും സമ്പത്തും മാത്രമെ ഒസ്യത്തില്‍ ഉള്‍പ്പെടുത്താവൂ.

* രണ്ടു ദൃഃഖ്‌ സാക്ഷികളുടെ മുന്നില്‍ വേണം ഒസ്യത്ത്‌ തയ്യറാക്കാന്‍. അവരുടെ ഒപ്പും വളരെ പ്രധാനമാണ്‌. തര്‍ക്കം വന്നാല്‍ മറ്റു രേഖകള്‍ക്കെന്ന പോലെ തന്നെ സാക്ഷികളെ വിസ്തരിക്കാനിടയുണ്ട്‌.

* വസ്തു വിവരങ്ങള്‍ വളരെ വ്യക്തമായെഴുതിയിരിക്കണം.

* പൊതുതറവാട്ട്‌ സ്വത്ത്‌ ഇതില്‍ ഉള്‍പ്പെടുത്തരുത്‌.

* കുട്ടികള്‍ക്കും ജനിക്കാന്‍ പോകുന്ന കുട്ടികള്‍ക്കും വേണമെങ്കില്‍ അവകാശം വെക്കാം.

ഞാന്‍ പറഞ്ഞതൊക്കെ പൊതുവെ ഹിന്ദുക്കള്‍ക്ക്‌ മാത്രം ബാധകമായ പോയിന്റുകളാണ്‌. പ്രീയംവദ ബിര്‍ലായുടെ സ്വത്തു തര്‍ക്കം പ്രസിദ്ധമാണല്ലോ.