Monday, April 02, 2007

അയ്യനാര്‍ക്കാവുകള്‍

ആളുകളെ അകര്‍ഷിക്കുന്ന തുംഗസൗധങ്ങളോ വമ്പന്‍ കെട്ടിടങ്ങളോ ആപണവീഥികളോ കൂറ്റന്‍ വ്യവസായശാലകളോ അതുപോലുള്ള മറ്റു സ്ഥാപനങ്ങളോ ഇവിടത്തെ ഗ്രാമങ്ങളില്‍ നിങ്ങള്‍ കണ്ടില്ലെന്നിരിക്കും. എന്നാല്‍ ഗ്രാമീണകലകളുടേയും മതാചാരങ്ങളുടേയും ഒരു ദൈവീക സംഘമമാണ്‌ തമിഴ്‌നാട്ടിലെ പല ഗ്രാമങ്ങളിലും കണ്ടുവരുന്ന 'അയ്യനാര്‍ കാവുകള്‍'. ഇരുപത്‌ മുതല്‍ ഇരുപത്തഞ്ചടിയോളം വരുന്ന ഭീമാകാരമായ പത്തിരുപത്‌ പ്രതിമകളുടെ കൂട്ടം തീവണ്ടി യാത്രക്കിടയില്‍ മുമ്പൊക്കെ അങ്ങിങ്ങായി കാണാമായിരുന്നു. ഇന്ന് അത്ര സര്‍വ്വസാധാരണമായിക്കണ്ടെന്നുവരില്ല.

തമിഴകത്തില്‍ ഏതു ഗ്രാമാമായാലും അവിടെ ഒരു ദേവിക്ഷേത്രം (കോവില്‍) ഉണ്ടാകും. അരുള്‍മിഗു കാമാക്ഷി അമ്മന്‍, കാളിയമ്മന്‍, മുത്തുമാരിയമ്മന്‍, ശലൈകാരി അമ്മന്‍, വീര്യകാരിയമ്മന്‍, പേച്ചിയമ്മന്‍, മുണ്ടക്കണ്ണിയമ്മന്‍, പിഡാരിയമ്മന്‍, എല്ലയമ്മന്‍ എന്നീ വിവിധ നാമങ്ങളാല്‍ ഗ്രാമീണരാല്‍ ഓര്‍മ്മയുള്ള കാലം തൊട്ടേ ആരാധിക്കപ്പെട്ട്‌ വരുന്നവയാണു ഈ മൂര്‍ത്തികള്‍.

പരിസരങ്ങളില്‍ ദേവിയുടെ പരിവാരങ്ങളും കാവല്‍ ഭടന്മാരുമായി അനേകം ഭീകരമായ ശില്‍പ്പങ്ങളും സ്ഥാപിച്ചിരിക്കും. ഗ്രാമസംരക്ഷക കര്‍ത്താക്കളാണിവര്‍. ചില അനാചാരങ്ങളോടൊപ്പമാണെങ്കിലും പരിസ്ഥിതിസംരക്ഷണം അന്നൊക്കെ ദൈവീകമായിരുന്നു. ഗ്രാമത്തിന്റെ ജലശ്രോതസ്സും അതിന്‌ ചുറ്റുമുള്ള മരക്കൂട്ടങ്ങളും വളരെ ഭയഭക്തിയോടെ സംരക്ഷിച്ചിരിക്കുന്നതു കാണാം.

തികച്ചും പ്രാദേശീക ഉരുവത്തിലുള്ള ഈ ദൈവീക പ്രതിമകളെ അയ്യനാര്‍, കറുപ്പ സ്വാമി, മുനിയാണ്ടി, മുനീശ്വരന്‍, മധുരൈവീരന്‍, ശുടലൈ ഈരുളപ്പന്‍, മാടസാമി, അരുഞ്ഞുനൈ കാത്ത അയ്യനാര്‍, കല്ലാള്‍ അയ്യനാര്‍, നിറൈകുളത്തു അയ്യനാര്‍, പെരിയ ആണ്ടവര്‍, എന്നൊക്കെയാണ്‌ അറിയപ്പെടുന്നത്‌.

കാലം വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടെങ്കിലും തലമുറകളില്‍ ആവര്‍ത്തിക്കപ്പെടുന്ന ഏതോ നിയോഗത്തിന്റെ ഫലമായി ഇവ നിര്‍മ്മിക്കുന്നത്‌ ഗ്രാമത്തിലെ വേലവന്‍ സമുദായക്കാരാണ്‌. പരമ്പരയായി മണ്‍പാത്രനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരാണിവര്‍. മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന ചില വ്രതാനുഷ്ഠാനങ്ങളോടെ വേണം ഈ പണി ചെയ്യാന്‍. കളിമണ്ണില്‍ മെനഞ്ഞെടുത്ത പ്രതിമകള്‍ക്ക്‌ ചായങ്ങള്‍ പകര്‍ന്ന് ഉത്സവ സമയത്ത്‌ കാവുകളില്‍ കൊണ്ടുപോയി പ്രതിഷ്ഠിച്ച്‌ പൂജിക്കുന്നു. വര്‍ഷം തോറും പുതിയവ ഉണ്ടാക്കുകയായിരുന്നു പഴയ രീതി. നാടന്‍ കലയും ദൈവവുമായി ബന്ധപ്പെട്ട ആ പൊന്‍കാലം മാറി മറഞ്ഞു പോവുകയാണ്‌. ലോഹനിര്‍മ്മിതമായ പുതിയ പ്രതിമകള്‍ക്ക്‌ കളിമണ്‍ പ്രതിമകള്‍ വഴിമാറിക്കൊടുക്കുകയാണിപ്പോള്‍.

5 comments:

Raghavan P K said...

ഗ്രാമസംരക്ഷക കര്‍ത്താക്കളാണിവര്‍. ചില അനാചാരങ്ങളോടൊപ്പമാണെങ്കിലും പരിസ്ഥിതിസംരക്ഷണം അന്നൊക്കെ ദൈവീകമായിരുന്നു. ഗ്രാമത്തിന്റെ ജലശ്രോതസ്സും അതിന്‌ ചുറ്റുമുള്ള മരക്കൂട്ടങ്ങളും വളരെ ഭയഭക്തിയോടെ സംരക്ഷിച്ചിരിക്കുന്നതു കാണാം.

ലാപുട said...

നല്ല കുറിപ്പ്. ദ്രാവിഡപ്പഴമയുടെ മണ്ണടയാളങ്ങളെ പരിചയപ്പെടുത്തിയതിന് നന്ദി...

Asok said...

Dravidian culture even when it is immersed in mythical rituals, a love and respect for nature is ingrained in it.

A good note.

vimathan said...

ഇന്ന് നടന്നുകൊണ്ടിരിക്കുന്ന “ഹൈന്ദവവല്‍ക്കരണ” പ്രക്രിയയുടെ അവസാനം ഈ കാവുകള്‍ ഇല്ലാതാകും, അവിടെ ഇന്നു കാണുന്നുവെന്ന് താങ്കള്‍ പറഞ്ഞ അരുള്‍മിഗു കാമാക്ഷി അമ്മന്‍, കാളിയമ്മന്‍, മുത്തുമാരിയമ്മന്‍, ശലൈകാരി അമ്മന്‍, വീര്യകാരിയമ്മന്‍, പേച്ചിയമ്മന്‍, മുണ്ടക്കണ്ണിയമ്മന്‍, പിഡാരിയമ്മന്‍, എല്ലയമ്മന്‍, അയ്യനാര്‍, കറുപ്പ സ്വാമി, മുനിയാണ്ടി, മുനീശ്വരന്‍, മധുരൈവീരന്‍, ശുടലൈ ഈരുളപ്പന്‍, മാടസാമി, അരുഞ്ഞുനൈ കാത്ത അയ്യനാര്‍, കല്ലാള്‍ അയ്യനാര്‍, നിറൈകുളത്തു അയ്യനാര്‍, പെരിയ ആണ്ടവര്‍,തുടങിയ ദ്രാവിഡ ദൈവങള്‍ ഒക്കെ അന്ന് ആര്യ ബ്രാഹ്മണ ദൈവങള്‍ ആകും.

Pramod.KM said...

ജീവിതത്തിന്റെ തിരക്കുകള്‍ നമ്മളെ മണ്ണില്‍ നിന്ന് അകറ്റുകയും ലോഹങ്ങളുടെ യാന്തികതയിലേക്ക് നയിക്കുകയും ചെയ്യുന്നു.
ആരെയും കുറ്റപ്പെടുത്താതെ ഉള്ളതു മാത്രം കാണുക മാത്രമാണ്‍ നമ്മുടെ മുന്നിലുള്ള വഴി.
നന്നായി കുറിപ്പ്.