Tuesday, January 23, 2007

പതനം

വഴിയില്‍നിന്നും നോക്കിയാല്‍ ആ പഴയ ആ കെട്ടിടം കാണാന്‍ പറ്റില്ല. അത്രയും ഉയരത്തിലാണു സ്കൂള്‍ പറമ്പ്‌. നല്ലപോലെ സൂക്ഷിച്ചു നോക്കിയാല്‍ ഒരു കൊടിമരം കാണാം. ഉച്ചനേരമാകുന്നതിനു മുന്‍പാണെങ്കില്‍ അതിനു പിറകിലായി കുറച്ചു ദൂരെ അടുപ്പില്‍ നിന്നുമുള്ള പുകയും ഉയരുന്നത്‌ കാണാം. കയറിച്ചെല്ലാന്‍ ആറേഴു കല്‍പടവുകളുണ്ട്‌. അങ്ങിങ്ങായി ഇളകിയും പറിഞ്ഞും കൊഴിഞ്ഞും ഉള്ള ആ പടികള്‍ സൂക്ഷിച്ചു വേണം കയറാന്‍. അടി തെറ്റിയാല്‍ ആരാണു വീഴാതിരിക്കുക!

പടികള്‍ കയറിയാലെത്തുന്നത്‌ പ്ലേഗ്രൗണ്ടിലാണു. എന്നുവെച്ചാല്‍ വലിയ സ്റ്റേഡിയം പോലുള്ള ഗ്രൗണ്ടൊന്നുമല്ല. കഴിഞ്ഞ സ്പോട്‌സ്ഡേക്ക്‌ ലോങ്ങ്‌ ജമ്പ്‌ ചാടിയപ്പോള്‍ ഒന്നാം സമ്മാനക്കാരനായ കുട്ടി പോയി വീണത്‌ അടുത്ത ഇടവഴിയിലായിരുന്നു.

ഗ്രൗണ്ടിനു മദ്ധ്യഭാഗത്തായിട്ട്‌ ഉയര്‍ന്നു നിവര്‍ന്ന് നില്‍ക്കുന്ന കൊടിമരം. നമ്മുടെ അഭിമാനചിഹ്നമായ മൂവര്‍ണ്ണക്കൊടി പറക്കാറുള്ളത്‌ അതിന്റെ ശിഖരത്തിലാണെന്നോര്‍ത്തപ്പോള്‍ ശരീരം കോള്‍മയിര്‍ക്കൊണ്ടു. എത്രയെത്ര സ്വതന്ത്ര്യദിനാഘോഷങ്ങള്‍ കണ്ടതാണീ കൊടിമരം. ജനാധിപത്യം നമ്മുടെ നാട്ടില്‍ നല്ലപോലെ ഉറച്ചിട്ടുണ്ടോയെന്നു നോക്കാനെന്ന പോലെ ആ പോസ്റ്റ്‌ കുഴിച്ചിടുമ്പോള്‍ എത്ര തവണ പിടിച്ച്‌ കുലുക്കി നോക്കിയിട്ടുണ്ടാവണം! ഈ തത്വമാണു 'സ്ഥൂണാനിഖനനം ന്യായം' എന്നു അറിയപ്പെടുന്നത്‌. ഈ ന്യായപ്രകാരമണു പല സിദ്ധാന്തങ്ങളും ഇന്നു നിലവില്‍ വന്നിരിക്കുന്നത്‌. ബൂലോഗത്തില്‍ സിദ്ധാന്തങ്ങള്‍ക്കൊന്നും വലിയ മാര്‍ക്കെറ്റില്ലന്നറിയാഞ്ഞിട്ടല്ല. ഇതു ചിലവാക്കാനുള്ള മറ്റൊരവസരംവരെ കാത്തിരിക്കാനുള്ള ക്ഷമയില്ലാത്തതുകൊണ്ടാണ്‌ ഈ ന്യായത്തെപറ്റി ഇവിടെ സൂചിപ്പിച്ചത്‌.

പറഞ്ഞുവന്നത്‌ സ്കൂളിന്റെ പ്രശ്നങ്ങളായിരുന്നു. പല മാസങ്ങള്‍ കഴിഞ്ഞു! റിപ്പബ്ലിക്ക്‌ ദിനവും അടുത്തു. ഗെയിംസ്‌ പിരീഡ്‌ വിട്ടാല്‍ കുട്ടികള്‍ നേരെ ഓടുന്നത്‌ പോസ്റ്റിന്മേല്‍ക്കയറി കളിക്കാനാണ്‌. വീണു കയ്യൊടിച്ച കുട്ടികളുമുണ്ട്‌.നേരെ കാണുന്ന രണ്ടു മൂന്നു സ്റ്റെപ്പുകള്‍ കൂടി കയറി വേണം സ്കൂളിന്റെ ഉള്ളിലോട്ട്‌ ചെല്ലാന്‍. പല ഭാഗങ്ങളും പൊട്ടിത്തകര്‍ന്നുകിടക്കുന്നു. മേല്‍പ്പുരയുടെ ഓടുകള്‍ പട്ടിക ദ്രവിച്ച്‌ ഇളകിത്തൂങ്ങിക്കിടക്കുന്നു. ഏതു സമയത്തും വീഴാവുന്ന സ്ഥിതിയാണ്‌.കഴുക്കോലുകള്‍ ദ്രവിച്ച്‌ കെട്ടിടം അപകടഭീഷണിയിലായിട്ട്‌ അദ്ധ്യയനവര്‍ഷങ്ങള്‍ നാലഞ്ച്‌ കഴിഞ്ഞു. ക്ലാസ്സുകളുടെ അതിര്‍വരമ്പുകളെല്ലാം ഭേദിച്ച്‌ 'എല്ലാവരും ഒരേ പോലെ എന്ന തത്വത്തില്‍' കുട്ടികളും ക്ലാസ്സുകളും. തുറന്നു കിടക്കുന്ന ആഫീസ്‌ മുറിയില്‍ കാറ്റിനും വെളിച്ചത്തിനും ഒരു പഞ്ഞവുമുണ്ടാവില്ല. മഴക്കാലത്ത്‌ കുടചൂടണമെന്നു മാത്രം. കാറ്റടിച്ചാല്‍ അതില്‍നിന്നും പാറിപ്പറന്നു കളിക്കുന്ന കടലാസുകള്‍ പിടിക്കാന്‍ കുട്ടികള്‍ക്ക്‌ വലിയ ഉത്സാഹമാണ്‌. അങ്ങിനെ അസൗകര്യങ്ങളുടെ നടുവില്‍ എറ്റവും ഉയര്‍ന്നു നില്‍ക്കുന്ന സ്കൂള്‍.

കരയുന്ന കുട്ടിക്കേ ഇവിടെ പാലില്ല. കെട്ടിടം പുതുക്കിപ്പണിയാനും മറ്റും നടപടി സ്വീകരിക്കണമെന്ന്‌ സ്കൂള്‍ സംരക്ഷണസമിതി അധികൃതരോടഭ്യര്‍ത്ഥിക്കാന്‍ തുടങ്ങിയിട്ട്‌ വര്‍ഷം പലതു കഴിഞ്ഞു. യാതൊരു ഫലവുമില്ല. സമരമല്ലാതെ വെറെ പോംവഴിയുമില്ലായെന്ന് സംരക്ഷണസമിതി കണ്ടെത്തി. സമരത്തിലിറങ്ങാന്‍ തീരുമാനിച്ചു. പ്രദേശത്തെ ഒരു നേതാവിന്റെ നേതൃത്വത്തില്‍ പരിപാടിക്കള്‍ ആസൂത്രണം ചെയ്തു. സസന്തോഷം സമരം ഉത്ഘാടനം ചെയ്യാന്‍ അങ്ങോര്‍ സമ്മതിച്ചു.
അങ്ങിനെ സമരം ഉദ്ഘാടനം ചെയ്യാന്‍ പോകുന്നു. നേതാവിനെ പതാക ഉയര്‍ത്താനായി കോടിമരത്തിനടുത്തേക്ക്‌ ആനയിക്കപ്പെട്ടു. കുട്ടികളും അദ്ധ്യാപകരും നാട്ടുകാരും ഗ്രൗണ്ടില്‍ സന്നിഹിതരാണ്‌.

എല്ലാവരും നിശ്ശബ്ദരായി നേതാവ്‌ വലിച്ചു കയറ്റുന്ന കൊടിച്ചുരുള്‍ നോക്കിക്കൊണ്ട്‌ മുഖം ആകാശത്തേക്കുയര്‍ത്തി. പോരാ പോരാ ഇനിയും ഉയരട്ടെ എന്റെ കക്ഷിക്കൊടി എന്ന് നേതാവു പാടി. കൊടിച്ചുരുള്‍ ശിഖരത്തിലെത്തി. ജയ്‌ വിളിക്കാനും സല്യൂട്ടടിക്കാനും സദസ്യര്‍ ആവേശഭരിതരാവുന്നത്‌ നേതാവിനെ പുളകം കൊള്ളിച്ചു. പുഷ്പവൃഷ്ടിനടക്കാന്‍ പോകുന്നു, കൊടിച്ചുരുള്‍ നിവരാന്‍ പൊകുന്നു. തന്റെ ഭാവിയും ഈ സമരതന്ത്രത്താല്‍ ഭദ്രമാകുന്നു. കൊടിക്കയര്‍ വലിച്ചു.ഒന്നുമെ സംഭവിക്കുന്നില്ല. സമരാവേശം സിരകളില്‍ രക്തസമ്മര്‍ദ്ദം കൂട്ടി.അത്ഭുതം! സര്‍വശക്തിയുമുപയോഗിച്ച്‌ ആഞ്ഞു വലിച്ചു. കൊടിച്കുരുള്‍ നിവര്‍ന്നു.
പുഷ്പവൃഷ്ടിയും തുടങ്ങി!

പിന്നാലെ ആ പോസ്റ്റും സ്കൂള്‍ കെട്ടിടവും!

6 comments:

Raghavan P K said...

ബൂലോഗത്തില്‍ സിദ്ധാന്തങ്ങള്‍ക്കൊന്നും വലിയ മാര്‍ക്കെറ്റില്ലന്നറിയാഞ്ഞിട്ടല്ല. ഇതു ചിലവാക്കാനുള്ള മറ്റൊരവസരംവരെ കാത്തിരിക്കാനുള്ള ക്ഷമയില്ലാത്തതുകൊണ്ടാണ്‌ ഈ ന്യായത്തെപറ്റി ഇവിടെ സൂചിപ്പിച്ചത്‌.

സു | Su said...

ഒരു കഥ പോലെ വായിച്ചു.

അടിത്തറ ഭദ്രമായിരിക്കണം എന്തിന്റേയും. എന്നാല്‍ പതനം ഉണ്ടാകില്ല.

indiaheritage said...

അടിത്തറ ഉറച്ചതായിരുന്നെങ്കിലും, ദ്രവിക്കാതെയും നോക്കണം ഇല്ലെങ്കില്‍ താഴെപ്പോരില്ലേ

ദില്‍ബാസുരന്‍ said...

എന്നിട്ട് നേതാവിന്റെ പതിനാറടിയന്തിരത്തിന് സദ്യ ഉണ്ടായിരുന്നില്ലേ? :-)

മനു said...

ഈ സിദ്ധാന്തങ്ങള്‍ക്കൊക്കെ മാര്‍കറ്റുണ്ടു കേട്ടോ
തുടക്കം എടുത്തുപറയത്തക്കതാണ്.

കലേഷ്‌ കുമാര്‍ said...

നന്നായിട്ടുണ്ട്!

ഞാനിതിപ്പഴാ കണ്ടത്.