Thursday, June 14, 2007

മരണപത്രിക

കുപ്പുസാമി താത്തക്ക്‌ വയസ്സ്‌ 85. വക്കീല്‍ ഗുമസ്തനായി ജോലി ചെയ്തു പിരിഞ്ഞു വര്‍ഷം കുറെയായി. മകനും ഭാര്യയും മാത്രമാണ്‌ സ്വന്തം എന്നു പറയാന്‍. സാമിയുടെ കൂടെയാണ്‌ അവരും താമസിക്കുന്നത്‌.

അന്നൊരു ലീവ്‌ ദിവസമാണ്‌. ഉച്ചക്ക്‌ ഊണ്‌ കഴിച്ചു കൊണ്ടിരിക്കുകയാണ്‌ കുപ്പുസാമി താത്ത. അച്ചാറിന്റെ മണം മൂക്ക്‌ തുളക്കുന്നു. മാങ്ങ അച്ചാര്‍ വളരെ ഇഷ്ടമാണ്‌ സാമിക്ക്‌. അതും എണ്ണ ചേര്‍ക്കാതെ വരുന്ന പാലാട്ട്‌ അച്ചാറായാല്‍ ബഹുകേമം. പറഞ്ഞിട്ടെന്തു കാര്യം. മകനും ഭാര്യയും സിനിമ കാണാനോ മറ്റൊ പോകാനുള്ള ധൃതിയിലാണ്‌. ഡൈനിംഗ്‌ ടേബിളില്‍ അത്‌ ഇല്ല താനും.

"ലേശം മാങ്ങാ അച്ചാര്‍ വേണം മ്മോളെ..." താത്ത മരുമകളെ വിളിച്ചു പറഞ്ഞു. പറഞ്ഞത്‌ കേട്ടില്ലെന്നു തോന്നി കുറച്ചു കൂടി ഒച്ചത്തില്‍ ഒന്നു കൂടി വിളിച്ചു.

ദേഷ്യം പിടിച്ച മരുമകള്‍ ഓടി വന്നു. ഒറ്റ നോട്ടത്തില്‍ ത്തന്നെ കുപ്പുസാമി താത്തയെ ചുട്ട്‌ ചാമ്പലാക്കി. "അച്ചാറില്ലാതെ വേണമെങ്കില്‍ കഴിച്ചാല്‍ മതി" ഇത്രയും അലറിക്കൊണ്ടു മരുമകള്‍ സ്ഥലം വിട്ടു.

അലക്കിക്കൊണ്ടിരിക്കുന്ന വേലക്കാരി ഇത്‌ കേള്‍ക്കുന്നുണ്ടായിരുന്നു. അവള്‍ പതുക്കെ അകത്തോട്ട്‌ വന്ന് താത്തക്ക്‌ വേണ്ടുന്ന അച്ചാര്‍ എടുത്തു വിളമ്പിക്കൊടുത്തു. നടന്ന സംഭവം താത്തയെ തീരാദുഃഖത്തില്‍ തള്ളി വിട്ടു.

താത്ത ഒരു നിമിഷം പോലും പാഴാക്കാതെ അടുത്തുള്ള രണ്ടു സ്നേഹിതന്മാരെ വിളിച്ചു വരുത്തി. അവരെ സാക്ഷികളാകികൊണ്ട്‌ തന്റെ എല്ലാ സ്വത്തുക്കളും വേലക്കാരിക്ക്‌ എഴുതി വെച്ചുകൊണ്ടുള്ള ഒരു ഒസ്യത്ത്‌ തയാറാക്കി അവരെ ഏല്‍പ്പിച്ചു.

അധികനാള്‍ കഴിയുന്നതിന്‌ മുമ്പേ കുപ്പുസാമി താത്ത ഇഹലോകവാസം വെടിഞ്ഞു. സ്വത്തിന്‌ വേലക്കാരി പൂര്‍ണ്ണ അവകാശിയാവുകയും ചെയ്തു. തല്‍ക്കാലം ഈ സംഭവം ഇവിടെ നിര്‍ത്തുന്നു.

ഈ കഥ വായിച്ച ഒരാളുടെ കമന്റ്‌ എങ്ങിനേയിരിക്കും?

"രാഘവോ, തനിക്ക്‌ എത്ര പറഞ്ഞാലും മനസ്സിലാവില്ലേ? ഇതൊക്കെയാണോ ബ്ലോഗിലിടേണ്ടത്‌ ? വന്നിരിക്കുന്നൂ ഒരു കഥയും കൊണ്ട്‌! വെറുതെ എന്റെ സമയം കളയാന്‍."

അങ്ങിനെ തോന്നരുതല്ലോ എന്നു കരുതി ഞാന്‍ തുടരുന്നൂ. അത്ര എളുപ്പമായി എഴുതി വെക്കാവുന്നതാണോ ഒസ്യത്ത്‌ അഥവാ മരണപത്രിക ? കുപ്പുസാമി താത്തയുടെ മകനും ഭാര്യയും ചുമ്മാതിരിക്വോ ? നിയമപരമായി അവര്‍ക്ക്‌ നടപടിയെടുത്ത്‌ സ്വത്ത്‌ തിരിച്ച്‌ വാങ്ങിക്കൂടെ? ഇതൊക്കെ സ്വാഭാവികമായി നമുക്കുണ്ടാകാവുന്ന സംശയങ്ങളാണ്‌. മേല്‍പ്പറഞ്ഞ ഒസ്യത്ത്‌ നിയമപരമായി അംഗീകരിക്കുക തന്നെ ചെയ്തു. മകനും ഭാര്യയും പിന്നീട്‌ ദുഃഖിച്ചു.

ഒസ്യത്തെഴുതി വെക്കുന്നവര്‍ ശ്രദ്ധിക്കേണ്ട സംഗതികള്‍ താഴെ പറയുന്നവയാണ്‌.

* ഇത്‌ നിയമപരമായ ഒരു പ്രസ്താവനയാണ്‌. മരണ ശേഷം മാത്രമേ നടപ്പില്‍ വരൂ.

* ഇത്‌ മുദ്രപ്പത്രത്തില്‍ എഴുതേണ്ട ആവശ്യമില്ല.

* റെജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യവുമില്ല.

* 18 വയസ്സ്‌ പൂര്‍ത്തിയായ ഏതൊരാള്‍ക്കും തന്റെ വക സ്വത്തുണ്ടെങ്കില്‍ ഒസ്യത്തെഴുതി വെക്കാം. മാനസീകമായി ആരോഗ്യവാനായിരിക്കുന്ന ആളായിരിക്കണമെന്നു മാത്രം.

* സ്വന്തമായി സമ്പാദിച്ച ധനവും സമ്പത്തും മാത്രമെ ഒസ്യത്തില്‍ ഉള്‍പ്പെടുത്താവൂ.

* രണ്ടു ദൃഃഖ്‌ സാക്ഷികളുടെ മുന്നില്‍ വേണം ഒസ്യത്ത്‌ തയ്യറാക്കാന്‍. അവരുടെ ഒപ്പും വളരെ പ്രധാനമാണ്‌. തര്‍ക്കം വന്നാല്‍ മറ്റു രേഖകള്‍ക്കെന്ന പോലെ തന്നെ സാക്ഷികളെ വിസ്തരിക്കാനിടയുണ്ട്‌.

* വസ്തു വിവരങ്ങള്‍ വളരെ വ്യക്തമായെഴുതിയിരിക്കണം.

* പൊതുതറവാട്ട്‌ സ്വത്ത്‌ ഇതില്‍ ഉള്‍പ്പെടുത്തരുത്‌.

* കുട്ടികള്‍ക്കും ജനിക്കാന്‍ പോകുന്ന കുട്ടികള്‍ക്കും വേണമെങ്കില്‍ അവകാശം വെക്കാം.

ഞാന്‍ പറഞ്ഞതൊക്കെ പൊതുവെ ഹിന്ദുക്കള്‍ക്ക്‌ മാത്രം ബാധകമായ പോയിന്റുകളാണ്‌. പ്രീയംവദ ബിര്‍ലായുടെ സ്വത്തു തര്‍ക്കം പ്രസിദ്ധമാണല്ലോ.

Saturday, April 07, 2007

കദ്രുജന്‍

അത്യാവശ്യമായി ഒന്ന്‌ ആ വീടുവരെ പോകേണ്ടതായി വന്നു. പുള്ളി വീട്ടുമുറ്റത്തെ മരച്ചോട്ടില്‍ തുണികൊണ്ടുള്ള പഴയ മോഡല്‍ ചാരുകസേരയില്‍ ഇരുന്ന്‌ പഴകി ദ്രവിച്ച ഏതോ പുസ്തകം വായിക്കുകയാണ്‌. കാലുകള്‍ നീട്ടി അടുത്ത ഒരു കല്ലില്‍ വെച്ച്ട്ടുണ്ട്‌. ചാരുകസേരയുടെ തൊട്ടടുത്ത്‌ ചായഗ്ലാസ്‌. ടീപ്പോയില്‍ പഴയ കത്തുകളും ഒന്നു രണ്ടു പഴകി ദ്രവിച്ച പുസ്തകങ്ങള്‍ വേറേയും. നേരം കുറച്ചായി ഈ വായനയെന്ന്‌ എനിക്ക്‌ തോന്നി. എന്നെ കണ്ട മാത്രയില്‍ ഉച്ചത്തില്‍ നീട്ടി വിളിച്ചു.

"സുശീ... ഇങ്ങോട്ടൊന്നു വന്നേ!"

സൂശീലേച്ചി ഓടിക്കിതച്ചെത്തി. അടുക്കളയില്‍ ദോശമാവരച്ചുകൊണ്ടിരുന്നതിനിടയില്‍ കൈകഴുകാനൊന്നും നേരം മെനക്കെടുത്താതെ വെള്ളയടിച്ച കയ്യുമായിട്ട്‌ ഓടിച്ചാടി വന്നു.

"അത്‌ പിന്നേയും വന്നോ? എവിടെ?"

ഈ വെപ്രാളം കണ്ട്‌ ഞാനൊന്നു ഞെട്ടി! ഇതെന്തുപറ്റി?

ഭരതേട്ടന്‍ സംഗതി പറഞ്ഞു. ഞാന്‍ അവിടെ എത്തുന്നതിനു കുറച്ചുമുമ്പ്‌ ചായ കൊണ്ടുവന്നപ്പോള്‍ ചേച്ചീ കണ്ടത്‌ ചാരുകസേരക്ക്‌ താഴെ കൂടിയിഴഞ്ഞു പോകുന്ന പാമ്പിനെയായിരുന്നു. സുശീലേച്ചിയുടെ ബഹളം കേട്ടു ചുറ്റുവട്ടാരത്തുള്ള ആബാലവൃദ്ധം ജനങ്ങളും തടിയും വടിയും കല്ലും കയ്യില്‍ക്കിട്ടിയ സര്‍വ്വായുധഭൂഷിതരായി ഓടിക്കൂടി. അപ്പോഴേക്കും ആ പാവം സ്ഥലംവിട്ടിരുന്നു. ആ ധാരണയിലാണ്‌ ചേച്ചി ഇപ്പോഴും പയ്യോളി എക്സ്പ്രസ്സ്‌ പോലെചാടി വന്നത്‌.

"അത്‌ വല്ല ചേരയുമായിരിക്കും." ഞാന്‍ പറഞ്ഞു.

"മനുഷ്യരെക്കൊണ്ട്‌ പാമ്പിനും വല്യ ശല്യം തന്നെ !" ഭരതേട്ടന്‍ എന്റെ നേരെ നോക്കിപ്പറഞ്ഞു.

അവിടന്നു തിരിച്ചപ്പോള്‍ സന്ധ്യയായി. കൊട്ടാരപ്പറമ്പ്‌ വഴി വേണം പോകാന്‍. അത്‌ ഭയങ്കരമായ സര്‍പ്പക്കാടാണ്‌. അല്ലങ്കില്‍ പോകേണ്ട വഴി വലിയ ചുറ്റാ. പൊതുവെ പാമ്പിനെ പേടിയുള്ള ഞാന്‍ ഒരു ഡയിലമ്മയിലായി. ഇരുട്ടുന്നതിനു മുന്‍പ്‌ അങ്ങട്ട്‌ കടക്കാം. കാല്‍ മുന്നോട്ട്‌ നീങ്ങി. കൊട്ടാരപ്പറമ്പിലെ നാഗത്താന്മാരുടെ അദ്ഭുതകഥകള്‍ പലതും ഇപ്പോള്‍ പറഞ്ഞുകേട്ടതേയുള്ളൂ.

വര്‍ഷം മുന്‍പു ഭരതേട്ടന്‍ ഇവിടെ വരുമ്പോള്‍ കൊട്ടാരവളപ്പു കൊടുംകാടുപോലെയായിരുന്നു. സര്‍പ്പങ്ങളുടെ ശീല്‍ക്കാരവും പക്ഷികളുടെ കളകളനാദവും മറ്റും എന്നും കേള്‍ക്കാമത്രെ. വനാന്തരമ്പോലെയുള്ള ആ വളപ്പില്‍ അന്നൊക്കെ കണ്‍വെട്ടത്തുകൂടി പാമ്പുകള്‍ ഓടി നടക്കും. പക്ഷേ ആരെയും ഉപദ്രവിക്കാറില്ല. ഇത്രയും വര്‍ഷത്തിനിടെ ഇവിടെ ഒരു ജീവിയെപ്പോലും ആരും കൊന്നിട്ടുമില്ലത്രെ ! എനിക്ക്‌ പേടി തുടങ്ങി.

കാട്‌ നില്‍ക്കുന്ന സ്ഥലം മനുഷ്യന്റെ പാദസ്പര്‍ശനമേല്‍ക്കാതെ വിശുദ്ദമായിക്കിടക്കുന്നു. മരങ്ങളിലെ പഴങ്ങള്‍ ആരും പറിക്കാറില്ലന്നു തോന്നുന്നു. വീണുകിടക്കുന്ന പൂക്കളും പഴങ്ങളും കൂടി ഭീതി ജനിപ്പിക്കുന്ന മണം. കാട്ടുമരങ്ങളും വള്ളികളുമെല്ലാം ചേര്‍ന്ന്‌ വലിയൊരു ഗുസ്തി പിടിക്കുന്നതു പോലെ തോന്നിക്കും. ചുറ്റും ചെങ്കല്ലുകൊണ്ടുള്ള പൊട്ടിയും പൊളിഞ്ഞും കിടക്കുന്ന മതിലുണ്ട്‌. വര്‍ഷത്തിലൊരു ദിവസം മാത്രം പൂജയും ബഹളവും തെയ്യവും ഉണ്ടാകുന്ന നാഗത്തറ. മറ്റു ദിവസങ്ങളിലാരും അതിനടുത്തോട്ട്‌ പോകാറില്ല. വല്ലാത്തൊരു സ്ഥലം. അങ്ങോട്ട്‌ നോക്കാനേ ഒരു പേടി.

പക്ഷികള്‍ നിശ്ശബ്ദരായി. മരങ്ങള്‍ നിശ്ചലമായി. ഞാന്‍ മാത്രം ചലിക്കുന്നു. കരിയിലകള്‍ തട്ടിത്തെറിപ്പിച്ചുകൊണ്ടുള്ള നടത്തം. ഈ സായംസന്ധ്യയില്‍ മനസ്സില്‍ ' ഉടുക്ക്‌ മദ്ദളമിലത്താളം ...' മേളം കൊട്ടാന്‍ തുടങ്ങി. സൂപ്പര്‍ സ്പീഡില്‍ നടന്നു. കാലടി നിലത്തു തൊട്ടൂ തൊട്ടില്ല എന്ന മട്ടില്‍. ഇരുട്ടിന്റെ കാഠിന്യം ഹൃദയത്തുടിപ്പ്‌ കൂട്ടി. നേരിയ ശീല്‍ക്കാരം കേള്‍ക്കുന്നുണ്ടോ? പരിഭ്രമം മനസ്സിനെ പിടികൂടാത്തിരിക്കാന്‍ അതുവരെ വിശ്വസിക്കാന്‍ കൂട്ടാക്കാത്ത സര്‍വ്വ ക്ഷുദ്രദേവീദേവന്മാരേയും വിളിച്ച്‌ കാവല്‍ഭടന്മാരാക്കി. അന്ധവിശ്വാസങ്ങളെല്ലാം സ്വന്തവിശ്വാസങ്ങളാക്കി മാറ്റി. പലരും കേട്ടിട്ടുണ്ടെന്ന്‌ പറഞ്ഞ അതേ ശീല്‍ക്കാരം. അപ്പോഴെല്ലാം കളിയാക്കിയതിന്‌ നിബന്ധനയറ്റ പശ്ചാത്താപം നിര്‍ലോപമായി പ്രകടിപ്പിച്ചു. നല്ല പാമ്പ്‌ ആരേയും അനാവശ്യമായി ഉപദ്രവിക്കില്ലല്ലോ? ഞനോ വളരെ പാവം, ധൈര്യവാന്മാരുടെ റാങ്ക്‌ ലിസ്റ്റില്‍ മാത്രം വാലറ്റം!

അധോലോകത്തില്‍പെട്ട എഴാം ലോകമാണ്‌ പാതാളം. അത്‌ സര്‍പ്പങ്ങളുടെ ആവാസകേന്ത്രങ്ങളാണ്‌. സ്കൂളില്‍ പഠിപ്പിച്ച സകല പുരാണകഥകളും മനസ്സില്‍ തെളിഞ്ഞു. സര്‍പ്പങ്ങളില്‍ ഉപരിവര്‍ഗ്ഗമായ തക്ഷകന്‍ കാളിയന്‍ എന്നിവര്‍ വസിക്കുന്നതാകട്ടെ അഞ്ചാമത്തെ അധോലോകത്തിലും.ഞാന്‍ നടക്കുന്നത്‌ ഏതു ലോകത്തിലാണ്‌? എന്തായാലും ഞങ്ങളൊക്കെ കശ്യപപരമ്പരയല്ലേ? സഹോദരങ്ങളല്ലേ? സ്വാര്‍ഥത ക്രൂരത ഇവയുടെ മൂര്‍ത്തികളല്ലേ? കദ്രു അമ്മേ, കുട്ടികളോട്‌ എന്നെ ഉപദ്രവിക്കരുതെന്ന് അപേക്ഷിക്കണേ? പിറുപിറുപ്പ്‌ കൂടുന്നുണ്ടോ ?

ആവൂ സമാധാനമായി! ഒരു വിധത്തില്‍ കടമ്പകളെല്ലാം കടന്നു വീടിന്റെ കോണിക്കലെത്തി. ഇനി പ്രശ്നമില്ല. എങ്കിലും എല്ലാതിലും ഒരനക്കം. കൈനടയിലെത്തി. തൊടിയില്‍ വീണ ചപ്പിലകള്‍ക്കും കുറ്റിച്ചെടികള്‍ക്കും ഒരനക്കം. കല്ലിനും പുല്ലിനും കൂടി അനക്കം. കണ്ണില്‍പ്പെടുന്നതിനെല്ലാം ഒരനക്കം. ധൈര്യമളക്കാനുള്ള 'മനോ-മീറ്റര്‍' വെച്ചു നോക്കിയിരുന്നെങ്കില്‍ പൊട്ടിച്ചിതറിപ്പോയേനേ! അത്രയും ധ്രുതഗതിയിലാ നടപ്പ്‌. കൈനടയില്‌ ഒരു കാല്‍ വെച്ചതും ഉടനെ പുറകോട്ടുചാടിയതും ഒപ്പം കഴിഞ്ഞു.

"പാമ്പ്‌!" ഞാന്‍ പുലമ്പി!

പുറത്തെ വരാന്തയിലിരുന്ന്‌ അമ്മ ഇത്‌ കാണുന്നു. ഞാന്‍ സ്തംഭിച്ചുനില്‍ക്കുന്നത്‌ കണ്ടപ്പോള്‍ അമ്മ ടോര്‍ച്ച്‌ലൈറ്റുമായി മുറ്റത്തിറങ്ങി.

"ഇങ്ങുപോര്‌."

അധൈര്യത്തിന്റെ ഉച്ഛഘട്ടത്തിലെത്തിയ ഞാന്‍ രണ്ടും കല്‍പ്പിച്ച്‌ പാസ്സാക്കിയ ട്രിബിള്‍ ജമ്പില്‍ മലക്കുത്തം മറിഞ്ഞുവീണത്‌ മുറ്റത്തെ അശോകമരച്ചെടിമേലായിരുന്നു. തിരിഞ്ഞു നോക്കിയപ്പോള്‍ അതാ വഴിയില്‍ കിടന്ന ഒരു കഷണം കയറെടുത്ത്‌ അമ്മ ദൂരേക്കെറിയുന്നു, കൂടെ വറാന്തയില്‍നിന്നും മറ്റുള്ളവരുടെ പൊട്ടിച്ചിരിയും!

സുന്ദരികള്‍ ചവിട്ടിയാല്‍ അശോകം പൂക്കുമെന്ന്‌ കേട്ടിട്ടുണ്ട്‌. ഞാന്‍ ചവുട്ടിയൊടിച്ച അശോകച്ചെടിയിനി കിളുര്‍ക്കുകപോലും അസാധ്യം!

Monday, April 02, 2007

അയ്യനാര്‍ക്കാവുകള്‍

ആളുകളെ അകര്‍ഷിക്കുന്ന തുംഗസൗധങ്ങളോ വമ്പന്‍ കെട്ടിടങ്ങളോ ആപണവീഥികളോ കൂറ്റന്‍ വ്യവസായശാലകളോ അതുപോലുള്ള മറ്റു സ്ഥാപനങ്ങളോ ഇവിടത്തെ ഗ്രാമങ്ങളില്‍ നിങ്ങള്‍ കണ്ടില്ലെന്നിരിക്കും. എന്നാല്‍ ഗ്രാമീണകലകളുടേയും മതാചാരങ്ങളുടേയും ഒരു ദൈവീക സംഘമമാണ്‌ തമിഴ്‌നാട്ടിലെ പല ഗ്രാമങ്ങളിലും കണ്ടുവരുന്ന 'അയ്യനാര്‍ കാവുകള്‍'. ഇരുപത്‌ മുതല്‍ ഇരുപത്തഞ്ചടിയോളം വരുന്ന ഭീമാകാരമായ പത്തിരുപത്‌ പ്രതിമകളുടെ കൂട്ടം തീവണ്ടി യാത്രക്കിടയില്‍ മുമ്പൊക്കെ അങ്ങിങ്ങായി കാണാമായിരുന്നു. ഇന്ന് അത്ര സര്‍വ്വസാധാരണമായിക്കണ്ടെന്നുവരില്ല.

തമിഴകത്തില്‍ ഏതു ഗ്രാമാമായാലും അവിടെ ഒരു ദേവിക്ഷേത്രം (കോവില്‍) ഉണ്ടാകും. അരുള്‍മിഗു കാമാക്ഷി അമ്മന്‍, കാളിയമ്മന്‍, മുത്തുമാരിയമ്മന്‍, ശലൈകാരി അമ്മന്‍, വീര്യകാരിയമ്മന്‍, പേച്ചിയമ്മന്‍, മുണ്ടക്കണ്ണിയമ്മന്‍, പിഡാരിയമ്മന്‍, എല്ലയമ്മന്‍ എന്നീ വിവിധ നാമങ്ങളാല്‍ ഗ്രാമീണരാല്‍ ഓര്‍മ്മയുള്ള കാലം തൊട്ടേ ആരാധിക്കപ്പെട്ട്‌ വരുന്നവയാണു ഈ മൂര്‍ത്തികള്‍.

പരിസരങ്ങളില്‍ ദേവിയുടെ പരിവാരങ്ങളും കാവല്‍ ഭടന്മാരുമായി അനേകം ഭീകരമായ ശില്‍പ്പങ്ങളും സ്ഥാപിച്ചിരിക്കും. ഗ്രാമസംരക്ഷക കര്‍ത്താക്കളാണിവര്‍. ചില അനാചാരങ്ങളോടൊപ്പമാണെങ്കിലും പരിസ്ഥിതിസംരക്ഷണം അന്നൊക്കെ ദൈവീകമായിരുന്നു. ഗ്രാമത്തിന്റെ ജലശ്രോതസ്സും അതിന്‌ ചുറ്റുമുള്ള മരക്കൂട്ടങ്ങളും വളരെ ഭയഭക്തിയോടെ സംരക്ഷിച്ചിരിക്കുന്നതു കാണാം.

തികച്ചും പ്രാദേശീക ഉരുവത്തിലുള്ള ഈ ദൈവീക പ്രതിമകളെ അയ്യനാര്‍, കറുപ്പ സ്വാമി, മുനിയാണ്ടി, മുനീശ്വരന്‍, മധുരൈവീരന്‍, ശുടലൈ ഈരുളപ്പന്‍, മാടസാമി, അരുഞ്ഞുനൈ കാത്ത അയ്യനാര്‍, കല്ലാള്‍ അയ്യനാര്‍, നിറൈകുളത്തു അയ്യനാര്‍, പെരിയ ആണ്ടവര്‍, എന്നൊക്കെയാണ്‌ അറിയപ്പെടുന്നത്‌.

കാലം വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടെങ്കിലും തലമുറകളില്‍ ആവര്‍ത്തിക്കപ്പെടുന്ന ഏതോ നിയോഗത്തിന്റെ ഫലമായി ഇവ നിര്‍മ്മിക്കുന്നത്‌ ഗ്രാമത്തിലെ വേലവന്‍ സമുദായക്കാരാണ്‌. പരമ്പരയായി മണ്‍പാത്രനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരാണിവര്‍. മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന ചില വ്രതാനുഷ്ഠാനങ്ങളോടെ വേണം ഈ പണി ചെയ്യാന്‍. കളിമണ്ണില്‍ മെനഞ്ഞെടുത്ത പ്രതിമകള്‍ക്ക്‌ ചായങ്ങള്‍ പകര്‍ന്ന് ഉത്സവ സമയത്ത്‌ കാവുകളില്‍ കൊണ്ടുപോയി പ്രതിഷ്ഠിച്ച്‌ പൂജിക്കുന്നു. വര്‍ഷം തോറും പുതിയവ ഉണ്ടാക്കുകയായിരുന്നു പഴയ രീതി. നാടന്‍ കലയും ദൈവവുമായി ബന്ധപ്പെട്ട ആ പൊന്‍കാലം മാറി മറഞ്ഞു പോവുകയാണ്‌. ലോഹനിര്‍മ്മിതമായ പുതിയ പ്രതിമകള്‍ക്ക്‌ കളിമണ്‍ പ്രതിമകള്‍ വഴിമാറിക്കൊടുക്കുകയാണിപ്പോള്‍.

Friday, March 02, 2007

കോപ്പിറൈറ്റ്‌ പ്രശ്‌ നം-ഒരു വാര്‍ത്ത

കോപ്പിറൈറ്റ്‌ പ്രശ്‌ നം: യാഹൂവിനെതിരെ പ്രതിഷേധം ശക്തമാകുന്നു
(ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ വന്ന റിപ്പോറ്ട്ട്)

പകര്‍പ്പവകാശ നിയമം ലംഘിച്ച്‌ സ്വതന്ത്ര ബ്ലോഗുകളില്‍ നിന്ന്‌ ഉള്ളടക്കം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട്‌ ഇന്ത്യയിലെ വന്‍കിട പോര്‍ട്ടലുകളിലൊന്നായ യാഹൂവിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. ബ്ലോഗുകളില്‍ നിന്നും, പുഴ.കോമില്‍ നിന്നുമായി പത്തോളം കൃതികള്‍ എഴുത്തുകാരുടെയോ, പ്രസാധകരുടെയോ അറിവോടെയല്ലാതെ യാഹൂവിന്റെ മലയാളം പതിപ്പില്‍ പ്രസിദ്ധീകരിച്ചു എന്നതാണ്‌ വിവാദത്തിനാധാരം. ബാധിക്കപ്പെട്ട ബ്ലോഗുകളുടെ ഉടമകളും എഴുത്തുകാരും ഇതിനെതിരെ മാര്‍ച്ച്‌ 5 പ്രതിഷേധ ദിനമായി ആചരിക്കുകയാണ്‌.

സംഭവം നിയമപരമായി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും ഇവര്‍ ആലോചിക്കുന്നുണ്ട്‌. എന്നാല്‍, തങ്ങള്‍ക്ക്‌ കരാര്‍ വ്യവസ്ഥയില്‍ ഉള്ളടക്കങ്ങള്‍ തരുന്ന വെബ്‌ ദുനിയ.കോം ആണ്‌ പകര്‍പ്പാവകാശ ലംഘനത്തിന്‌ കാരണക്കാരെന്നാണ്‌ യാഹൂവിന്റെ നിലപാട്‌. ഇക്കാര്യം വെബ്‌ ദുനിയ.കോം അധികൃതര്‍ സമ്മതിക്കുകയും സംഭവത്തില്‍ മാപ്പ്‌ പറയുകയും ചെയ്‌ തിട്ടുണ്ട്‌. എന്നാല്‍ വെബ്‌ ദുനിയയുമായുള്ള ഇടപാട്‌ യാഹൂവിന്റെ മാത്രം പ്രശ്‌ നമാണെന്നും വിവാദ സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം യാഹൂവിനാണെന്നുമാണ്‌ ബ്ലോഗര്‍മാരുടെ നിലപാട്‌. സംഭവത്തില്‍ യാഹൂ നിഷേധാത്മക നിലപാടാണ്‌ സ്വീകരിച്ചിരിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

Tuesday, January 23, 2007

പതനം

വഴിയില്‍നിന്നും നോക്കിയാല്‍ ആ പഴയ ആ കെട്ടിടം കാണാന്‍ പറ്റില്ല. അത്രയും ഉയരത്തിലാണു സ്കൂള്‍ പറമ്പ്‌. നല്ലപോലെ സൂക്ഷിച്ചു നോക്കിയാല്‍ ഒരു കൊടിമരം കാണാം. ഉച്ചനേരമാകുന്നതിനു മുന്‍പാണെങ്കില്‍ അതിനു പിറകിലായി കുറച്ചു ദൂരെ അടുപ്പില്‍ നിന്നുമുള്ള പുകയും ഉയരുന്നത്‌ കാണാം. കയറിച്ചെല്ലാന്‍ ആറേഴു കല്‍പടവുകളുണ്ട്‌. അങ്ങിങ്ങായി ഇളകിയും പറിഞ്ഞും കൊഴിഞ്ഞും ഉള്ള ആ പടികള്‍ സൂക്ഷിച്ചു വേണം കയറാന്‍. അടി തെറ്റിയാല്‍ ആരാണു വീഴാതിരിക്കുക!

പടികള്‍ കയറിയാലെത്തുന്നത്‌ പ്ലേഗ്രൗണ്ടിലാണു. എന്നുവെച്ചാല്‍ വലിയ സ്റ്റേഡിയം പോലുള്ള ഗ്രൗണ്ടൊന്നുമല്ല. കഴിഞ്ഞ സ്പോട്‌സ്ഡേക്ക്‌ ലോങ്ങ്‌ ജമ്പ്‌ ചാടിയപ്പോള്‍ ഒന്നാം സമ്മാനക്കാരനായ കുട്ടി പോയി വീണത്‌ അടുത്ത ഇടവഴിയിലായിരുന്നു.

ഗ്രൗണ്ടിനു മദ്ധ്യഭാഗത്തായിട്ട്‌ ഉയര്‍ന്നു നിവര്‍ന്ന് നില്‍ക്കുന്ന കൊടിമരം. നമ്മുടെ അഭിമാനചിഹ്നമായ മൂവര്‍ണ്ണക്കൊടി പറക്കാറുള്ളത്‌ അതിന്റെ ശിഖരത്തിലാണെന്നോര്‍ത്തപ്പോള്‍ ശരീരം കോള്‍മയിര്‍ക്കൊണ്ടു. എത്രയെത്ര സ്വതന്ത്ര്യദിനാഘോഷങ്ങള്‍ കണ്ടതാണീ കൊടിമരം. ജനാധിപത്യം നമ്മുടെ നാട്ടില്‍ നല്ലപോലെ ഉറച്ചിട്ടുണ്ടോയെന്നു നോക്കാനെന്ന പോലെ ആ പോസ്റ്റ്‌ കുഴിച്ചിടുമ്പോള്‍ എത്ര തവണ പിടിച്ച്‌ കുലുക്കി നോക്കിയിട്ടുണ്ടാവണം! ഈ തത്വമാണു 'സ്ഥൂണാനിഖനനം ന്യായം' എന്നു അറിയപ്പെടുന്നത്‌. ഈ ന്യായപ്രകാരമണു പല സിദ്ധാന്തങ്ങളും ഇന്നു നിലവില്‍ വന്നിരിക്കുന്നത്‌. ബൂലോഗത്തില്‍ സിദ്ധാന്തങ്ങള്‍ക്കൊന്നും വലിയ മാര്‍ക്കെറ്റില്ലന്നറിയാഞ്ഞിട്ടല്ല. ഇതു ചിലവാക്കാനുള്ള മറ്റൊരവസരംവരെ കാത്തിരിക്കാനുള്ള ക്ഷമയില്ലാത്തതുകൊണ്ടാണ്‌ ഈ ന്യായത്തെപറ്റി ഇവിടെ സൂചിപ്പിച്ചത്‌.

പറഞ്ഞുവന്നത്‌ സ്കൂളിന്റെ പ്രശ്നങ്ങളായിരുന്നു. പല മാസങ്ങള്‍ കഴിഞ്ഞു! റിപ്പബ്ലിക്ക്‌ ദിനവും അടുത്തു. ഗെയിംസ്‌ പിരീഡ്‌ വിട്ടാല്‍ കുട്ടികള്‍ നേരെ ഓടുന്നത്‌ പോസ്റ്റിന്മേല്‍ക്കയറി കളിക്കാനാണ്‌. വീണു കയ്യൊടിച്ച കുട്ടികളുമുണ്ട്‌.നേരെ കാണുന്ന രണ്ടു മൂന്നു സ്റ്റെപ്പുകള്‍ കൂടി കയറി വേണം സ്കൂളിന്റെ ഉള്ളിലോട്ട്‌ ചെല്ലാന്‍. പല ഭാഗങ്ങളും പൊട്ടിത്തകര്‍ന്നുകിടക്കുന്നു. മേല്‍പ്പുരയുടെ ഓടുകള്‍ പട്ടിക ദ്രവിച്ച്‌ ഇളകിത്തൂങ്ങിക്കിടക്കുന്നു. ഏതു സമയത്തും വീഴാവുന്ന സ്ഥിതിയാണ്‌.കഴുക്കോലുകള്‍ ദ്രവിച്ച്‌ കെട്ടിടം അപകടഭീഷണിയിലായിട്ട്‌ അദ്ധ്യയനവര്‍ഷങ്ങള്‍ നാലഞ്ച്‌ കഴിഞ്ഞു. ക്ലാസ്സുകളുടെ അതിര്‍വരമ്പുകളെല്ലാം ഭേദിച്ച്‌ 'എല്ലാവരും ഒരേ പോലെ എന്ന തത്വത്തില്‍' കുട്ടികളും ക്ലാസ്സുകളും. തുറന്നു കിടക്കുന്ന ആഫീസ്‌ മുറിയില്‍ കാറ്റിനും വെളിച്ചത്തിനും ഒരു പഞ്ഞവുമുണ്ടാവില്ല. മഴക്കാലത്ത്‌ കുടചൂടണമെന്നു മാത്രം. കാറ്റടിച്ചാല്‍ അതില്‍നിന്നും പാറിപ്പറന്നു കളിക്കുന്ന കടലാസുകള്‍ പിടിക്കാന്‍ കുട്ടികള്‍ക്ക്‌ വലിയ ഉത്സാഹമാണ്‌. അങ്ങിനെ അസൗകര്യങ്ങളുടെ നടുവില്‍ എറ്റവും ഉയര്‍ന്നു നില്‍ക്കുന്ന സ്കൂള്‍.

കരയുന്ന കുട്ടിക്കേ ഇവിടെ പാലില്ല. കെട്ടിടം പുതുക്കിപ്പണിയാനും മറ്റും നടപടി സ്വീകരിക്കണമെന്ന്‌ സ്കൂള്‍ സംരക്ഷണസമിതി അധികൃതരോടഭ്യര്‍ത്ഥിക്കാന്‍ തുടങ്ങിയിട്ട്‌ വര്‍ഷം പലതു കഴിഞ്ഞു. യാതൊരു ഫലവുമില്ല. സമരമല്ലാതെ വെറെ പോംവഴിയുമില്ലായെന്ന് സംരക്ഷണസമിതി കണ്ടെത്തി. സമരത്തിലിറങ്ങാന്‍ തീരുമാനിച്ചു. പ്രദേശത്തെ ഒരു നേതാവിന്റെ നേതൃത്വത്തില്‍ പരിപാടിക്കള്‍ ആസൂത്രണം ചെയ്തു. സസന്തോഷം സമരം ഉത്ഘാടനം ചെയ്യാന്‍ അങ്ങോര്‍ സമ്മതിച്ചു.
അങ്ങിനെ സമരം ഉദ്ഘാടനം ചെയ്യാന്‍ പോകുന്നു. നേതാവിനെ പതാക ഉയര്‍ത്താനായി കോടിമരത്തിനടുത്തേക്ക്‌ ആനയിക്കപ്പെട്ടു. കുട്ടികളും അദ്ധ്യാപകരും നാട്ടുകാരും ഗ്രൗണ്ടില്‍ സന്നിഹിതരാണ്‌.

എല്ലാവരും നിശ്ശബ്ദരായി നേതാവ്‌ വലിച്ചു കയറ്റുന്ന കൊടിച്ചുരുള്‍ നോക്കിക്കൊണ്ട്‌ മുഖം ആകാശത്തേക്കുയര്‍ത്തി. പോരാ പോരാ ഇനിയും ഉയരട്ടെ എന്റെ കക്ഷിക്കൊടി എന്ന് നേതാവു പാടി. കൊടിച്ചുരുള്‍ ശിഖരത്തിലെത്തി. ജയ്‌ വിളിക്കാനും സല്യൂട്ടടിക്കാനും സദസ്യര്‍ ആവേശഭരിതരാവുന്നത്‌ നേതാവിനെ പുളകം കൊള്ളിച്ചു. പുഷ്പവൃഷ്ടിനടക്കാന്‍ പോകുന്നു, കൊടിച്ചുരുള്‍ നിവരാന്‍ പൊകുന്നു. തന്റെ ഭാവിയും ഈ സമരതന്ത്രത്താല്‍ ഭദ്രമാകുന്നു. കൊടിക്കയര്‍ വലിച്ചു.ഒന്നുമെ സംഭവിക്കുന്നില്ല. സമരാവേശം സിരകളില്‍ രക്തസമ്മര്‍ദ്ദം കൂട്ടി.അത്ഭുതം! സര്‍വശക്തിയുമുപയോഗിച്ച്‌ ആഞ്ഞു വലിച്ചു. കൊടിച്കുരുള്‍ നിവര്‍ന്നു.
പുഷ്പവൃഷ്ടിയും തുടങ്ങി!

പിന്നാലെ ആ പോസ്റ്റും സ്കൂള്‍ കെട്ടിടവും!

Thursday, January 18, 2007

എം ജി ആര്

തമിഴ് നാടിന്റെ മുൻ മുഖ്യമന്ത്രിയായിരുന്ന എം ജി ആർ യശഃശ്ശരീരനായിട്ട് രണ്ട് ദശാബ്ദങ്ങള്  കഴിഞ്ഞു. എം ജി ആര് ഇന്നും തമിഴകത്തിലെ ജനങ്ങളുടെ മനസ്സില് ജീവിക്കുന്നു എന്നു പറഞ്ഞാല് അതിശയോക്തിയാവില്ല. 

ഇന്നലെ എം ജി ആറുടെ 92-മത്തെ ജന്മദിനമായിരുന്നു 'കാണുംപൊങ്കല്'  ആയ ഇന്ന്. തമിഴ്നാട്ടിലെ പാമരജനങ്ങളുടെ കണ്ണിലുണ്ണിയായിരുന്ന എം ജി ആറിന്റെ മെറീനാ കടല്ക്കരയിലുള്ള സമാധി ദര്ശിക്കാത്തവരാരും തന്നെ ഇന്നത്തെ ബീച്ച് സന്ദര്ശകരില് ഉണ്ടാവില്ല. സമാധിക്കല്ലില് കാതുവെച്ച് എം ജി ആറിന്റെ റിസ്റ്റ്വാച്ചിന്റെ ശബ്ദം കേള്ക്കാന് ശ്രമിക്കുന്നവരും അക്കൂട്ടത്തില് ഉണ്ട്.

എം ജി ആര് ഒരു 'മെഡിക്കല് മിറാക്ക്ള്' കൂടി ആയിരുന്നു. രണ്ടു മൂന്നു വര്ഷം സംസാരശേഷിയില്ലാത്തെതന്നെ ഭരണം നടത്തി.ഇത്രയും ജനപ്രീതി സമ്പാദിച്ച വേറൊരു മുഖ്യനെ തമിഴര് കണ്ടിട്ടില്ല. എം ജി ആര് പാവപ്പെട്ട കുട്ടികള്ക്കായി ഒരു നേരത്തെ ഉച്ചഭക്ഷണം സ്കൂളില് കൊടുക്കാന് തീരുമാനിച്ചപ്പോള് 'അസാദ്ധ്യമായ കാര്യം' എന്നു വിശേഷിപ്പിച്ചവര് പിന്നീടു അതിന്റെ വിജയം കണ്ട് അന്ധാളിച്ചു പോവുകയാണുണ്ടായത്. കുട്ടികള്ക്ക് പഠിപ്പിനോട് താല്പര്യം കൂടുക മാത്രമല്ല അവരുടെ ആരോഗ്യം നന്നായി വരുന്നതായും കണ്ടതോടെ ഈ പരിപാടിക്കു ദേശീയ അംഗീകാരം ലഭിച്ചു. ഇതു പോലെ ചെറിയ തോതിലുള്ള പരിപാടികള് രാജാജി, കാമരാജ് പോലുള്ള വലിയ നേതാക്കന്മാര് ഇതിനു മുന്പും പരീക്ഷിച്ചിട്ടുണ്ടെങ്കിലും സാമ്പത്തീകഭാരം കാരണം കാണിച്ച് ഉപേക്ഷിക്കുകയാണുണ്ടായത്.

അന്ന് എം ജി ആറിന്റെ കേബിനറ്റ് സെക്രട്ടരിമാര് ഈ പരിപാടിയുണ്ടാക്കാവുന്ന സാമ്പത്തീക പ്രത്യാഘാതം പരാമര്ശിപ്പോള് ചീഫ് സെക്രട്ടരി ആയിരുന്ന ടി വി ആന്റണിയോട് എം ജി ആര് ചോദിച്ചത് ഇതാണ്. നിങ്ങളിലാരെങ്കിലും ഒരു ദിവസം ഒരു നേരമെങ്കിലും പട്ടിണി കിടന്നിട്ടുണ്ടോ? ആര്ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല.പദ്ധതി നല്ലവിധത്തില് നടപ്പിലാക്കാനുള്ള മാര്ഗം മാത്രമായിരുന്നൂ പിന്നീടുണ്ടായ ചര്ച്ച.

എം ജി ആറിന്റെ സിനിമകള് നല്ല നല്ല ഉപദേശങ്ങളും പാട്ടുകളും കൊണ്ട് സമൃദ്ധമാണ്. അത് പിൻ പറ്റിയിരുന്നെങ്കിൽ ജയലളിത ഇന്നനുഭവിക്കുന്ന കഷ്ടങ്ങൾ ഉന്റാകുമായിരുന്നോ! ഇല്ല എന്നു തന്നെ പറയാം.

"... കൊടുത്തതെല്ലാം കൊട്ത്താം, യാരുക്കാഗ കൊടുത്താം, 
ഒരുത്തരുക്കാ കൊടുത്താം ഇല്ലൈ ഊരുക്കാഗ കൊട്ത്താം..."
ഇങ്ങനെയ്യൊരു പാട്ട്. ഇത് ഡി എം കെ യില് നിന്നും പുറത്താക്കപ്പെട്ടപ്പോഴുള്ളതാണ്. പാര്ട്ടിയുടെ ട്രഷറര് എന്ന നിലയില് പാര്ട്ടിഫണ്ടിന്റെ കണക്കു ചോദിച്ചതിനാണ് അന്നു മുഖ്യനായിരുന്ന തിരു കരുണാനിധി എം ജി ആറെ 'ഡി എം കെ' യില് നിന്നും പുറത്താക്കിയത്.

"...ഞാന് ആണയിട്ടാല് അതു നടന്തു വിട്ടാല് ഇങ്കൈ ഏഴൈകള് കണ്ണീര്പ്പെടമാട്ടാര്!"
ഇലക്ഷനില് ജയിച്ച് ഇവയെല്ലാം യഥാര്ത്ഥ ഭരണത്തിലും കടപിടിച്ച ഒരു നേതാവും നടനുമാണ് എം ജി ആര് എന്നതില് സംശയമില്ല. 16 വര്ഷം മുഖ്യമന്ത്രിയായി തുടര്ന്നു. ഇന്ത്യാ ഗവണ്മന്റ് 'ഭാരതരത്ന' ബിരുദം നല്കി ബഹുമാനിച്ചു. പ്രാദേശിക കക്ഷിയുടെ നേതാവാണെങ്കിലും ഒരു യഥാര്ത്ഥ രാജ്യസ്നേഹിയും കേന്ദ്രസര്ക്കാര് സുശക്തമായിരിക്കണമെന്ന വിശ്വാസത്തില് അടിയുറച്ച് വിശ്വസിക്കുന്നവരുമാണ്.

മരണാനന്തരം തന്റെ സ്വത്തെല്ലാം അംഗവൈകല്യമുള്ളവരുടെ വിദ്യാഭ്യാസനത്തിനായി സംഭാവന ചെയ്ത് എന്നെന്നേക്കുമായി തന്റെ സേവ്വനം ജനങ്ങൾക്കായി സമർപ്പിച്ച എം ജി ആറെ മറക്കാൻ കഴിയുമോ!

Tuesday, January 16, 2007

തിരുവള്ളുവര്


ഇന്ന് തിരുവള്ളുവര് ദിനം.

'തിരുക്കുരലി'ന്റെ രചയിതാവായ തിരുവള്ളുവരുടെ ജന്മദിനമാണു ഇന്ന്. 2000 വര്ഷങ്ങള്ക്കു മുന്പ് തമിഴില് രചിച്ച എറ്റവും മഹത്തായ ഒരു ഗ്രന്ഥമാണു തിരുക്കുരല്. അതിന്റെ പേരില് ഇന്ന് തമിഴ്നാട്ടില് സര്ക്കാര് സ്ഥാപനങ്ങള്ക്കെല്ലാം അവധിയാണ്.

ഭഗവത്ഗീതയെപ്പോലെ പ്രാധാന്യമര്ഹിക്കുന്ന ശ്ലോക സമാഹാരമാണ് ഈ ഗ്രന്ഥം. തിരുക്കുരലില് പ്രതിപാദിക്കാത്ത ഒരു അംശം പോലും ജീവിതത്തിലുണ്ടാകാന് സാദ്ധ്യതയില്ല! ഒരു മനുഷ്യന് അറിഞ്ഞിരിക്കേണ്ട സംഗതികള് അത്രയും ശുദ്ധമായ തമിഴില് ഈരടികളായി തിരുക്കുരലിലൂടെ ഉപദേശിക്കുന്നു. തമിഴ്ഭാഷയുടെ വളര്ച്ചക്ക് തിരുക്കുരലിന്റെ സംഭാവന മഹത്തായതാണ്. 60-ലധികം ഭാഷകളില് ഇത് വിവര്ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

1330 ഈരടി ശ്ലോകങ്ങളാല് സമൃദ്ധമായ ഈ ഗ്രന്ഥം മൂന്ന് ഭാഗമായി വിഭജിച്ചിരിക്കുന്നു.10 ശ്ലോകങ്ങളുള്ള 133 അദ്ധ്യായങ്ങളാണ് മൊത്തം.

മനുഷ്യധര്മ്മത്തെ വെളിപ്പെടുത്തുന്ന 'അറം' ആണ് ഒന്നാമത്തേത്.38 അദ്ധ്യായങ്ങളാണ് ഇതിനുള്ളത്.
'ധനം' ആണ് രണ്ടാമത്തേത്. സാമൂഹ്യ സാമ്പത്തീകമായ ഉപദേശങ്ങളടങ്ങിയ 70 അദ്ധ്യായങ്ങളാണിതിനുള്ളത്.
മൂന്നാമത്തേത് 'കാമം'. 25 അദ്ധ്യായങ്ങള്കൊണ്ട ഈ വിഭാഗം ജീവിതത്തിലെ മാനസീക-വികാരങ്ങള്ക്ക് വഴികാട്ടുന്നു.

തിരുവള്ളുവരുടെ ഓര്മ്മക്കായി ചെന്നയില് ഒരു ഓഡിറ്റോറിയം ഉണ്ട്. 'വള്ളുവര് കോട്ടം' എന്നാണിതിന്റെ പേര്. അതുപോലെ കന്യാകുമാരിയില് 133 അടി പൊക്കമുള്ള ഒരു കരിങ്കല് പ്രതിമ സ്ഥപിച്ചിട്ടുണ്ട്. ഈ പ്രതിമക്ക് 133 അടി ഉയരം കൊടുത്തത് തിരുക്കുരലിലെ മുന്പറഞ്ഞ 133 അദ്ധ്യായങ്ങളെ ഉദ്ധേശിച്ചാണ്. അതില് 38 പടികളുള്ള തറയ്ക്കു മുകളിലാണ് വള്ളുവരുടെ ശില സ്ഥിതി ചെയ്യുന്നത്.ഈ 38 പടികള് 'അറം' എന്ന ഒന്നാം ഭാഗത്തിലെ 38 അദ്ധ്യായങ്ങളെ പ്രതിനിധീകരിക്കുന്നു.ഉം ഉള്പ്പെടുന്നു.

2037 കൊല്ലങ്ങള്ക്കു മുന്പാണ് അനശ്വരമായ തിരുക്കുരല് രചിച്ച തിരുവള്ളുവര് ജനിച്ചത്. ജന്മസ്ഥലം ഇപ്പോഴത്തെ ചെന്നയിലെ മയിലൈ എന്നാണെന്റെ അറിവ്. തമിഴ് കലണ്ടര് വള്ളുവരുടെ ജീവിതകാലത്ത് തുടങ്ങിയതാണ്.

ദ്രാവിഡ രാഷ്ട്രീയ കക്ഷികള് സമയോജിതമായി തിരുക്കുരല് ഉദ്ദരിച്ചുകൊണ്ടാണ് പലപ്പോഴും പ്രസംഗിക്കുക. സര്ക്കാരാഫീസുകളിലും തിരുക്കുരലിന്റെ മാഹാത്മ്യം വിളിച്ചറിയിക്കുന്ന ബോര്ഡുകള് നിരവധി കാണാം.