Tuesday, December 19, 2006

വിറകു്

കൂറ്റന്‍ മതിലുകളാല്‍ സംരക്ഷിക്കപ്പെട്ട ഒരു കോട്ട പോലെ തോന്നിക്കുന്ന വ്യവസായശാല. മെയിന്‍ ഗേറ്റ്‌ കമ്പനി മുതലാളികള്‍ക്കുള്ളതാണു. ആടുത്തായുള്ള ഒരു മെലിഞ്ഞ വികൃതിക്കവാടം (വിക്കറ്റ്‌ ഗേറ്റ്‌) ഒരാള്‍ക്കു കഷ്ടിച്ചു കടന്നു പോകാവുന്ന തരത്തിലൂള്ളതാണു. അതിലൂടെ വേണം തൊഴിലാളികളും മറ്റ്‌ ഉദ്യോഗസ്ഥന്മാരും നുഴഞ്ഞു കടന്നു പോകാന്‍. മുതലാളിക്ക്‌ ഒരു പക്ഷേ അറിയാമായിരിക്കും, ഇവിടത്തെ ജോലി ചെയ്താല്‍പ്പിന്നെ ആരും തന്നെ ഇതില്‍ കൂടുതല്‍ വണ്ണം വെക്കാന്‍ സദ്ധ്യതയില്ലെന്ന്‌. ഫേക്ടറിക്കു്‌ ഉള്ളില്‍ കയറിയ ഉടനെ ആദ്യം കണ്ട കാഴ്ച്ച എന്നെ തെല്ലൊന്നമ്പരിപ്പിച്ചു. മലപോലെ അടുക്കിവെച്ചിരിക്കുന്ന പറങ്കിമാവിന്‍ തടിക്കഷണങ്ങള്‍! ഓ, നാലഞ്ചു പേരുള്ള വീട്ടിലേ എത്രമാത്രം വിറകാണു്‌ അട്ടത്തും പറമ്പിലുമൊക്കെ ആയി സ്റ്റോക്ക്‌ ചെയ്യുന്നത്‌! അപ്പോള്‍ അഞ്ഞൂറിലധികം തൊഴിലാളികളുള്ള ഇവിടെ ഇത്രയും വിറകു ഉണ്ടങ്കിലല്ലേ കാലാകാലത്തില്‍ അടുപ്പ്‌ പുകയൂ. അങ്ങിനെ ഞാന്‍ സമാശ്വസിച്ചു.

തൊഴിലാളികള്‍ നേരെ ടൈമാഫീസിലോട്ടാണു പോകുന്നത്‌. ഓരോ തൊഴിലാളിയും തന്റെ ഹാജര്‍ ഉറപ്പു വരുത്തുകയാണു്‌. സമയരേഖപ്പെട്ടിയും മറ്റു നൂതന ഹാജര്‍ കാര്‍ഡുകളൊക്കെയില്ലാഞ്ഞിട്ടല്ല. അവയെല്ലാം കഠിനാദ്ധ്വാനം ചെയ്തു ക്ഷീണിച്ചു അവശതയില്‍ക്കഴിയുകയാണു്‌. ചുമരിന്മേലുള്ള വലിയ ഒരു ബോഡില്‍ മുക്കാല്‍ പൈസാ പോലുള്ള ടോക്കണ്‍ കൊളുത്തിവെച്ചിട്ടുണ്ടു്‌. അതിന്മേല്‍ അവരവരുടെ നമ്പര്‍. ടോക്കെണ്‍ എടുത്തു അതിനടുത്തായി വെച്ചിട്ടുള്ള ബേലറ്റ്‌ ബോക്സ്‌ പോലുള്ള പെട്ടിയില്‍ ഇടണം. രത്നക്കല്ലിനു കാവല്‍ കിടക്കുന്ന സര്‍പ്പം പോലെ കഴുത്ത്‌ നീണ്ട ഒരാള്‍ കണ്ണുരുട്ടി വാച്ചു സദാ നോക്കിക്കൊണ്ട്‌ ആ പെട്ടിക്കരികിലായി ഇരിക്കുന്നു. വിരോധഭാസമായിത്തോന്നി, ഇദ്ദേഹത്തെ ടൈം-കീപ്പര്‍ എന്നു വിളിച്ചപ്പം. വാച്ചു നോക്കിയിരിക്കുന്നവനല്ലേ വാസ്തവത്തില്‍ വാച്ച്‌മാന്‍! ഗെയിറ്റില്‍ നില്‍ക്കുന്നവന്‍ ഗെയിറ്റ്‌-കീപ്പര്‍! കമ്പനി ശങ്കു്‌ ഊതിക്കഴിഞ്ഞാല്‍ ഗെയ്റ്റടച്ച്‌ കൃത്യനിഷ്ഠപാലിക്കുന്ന അവന്‍ അല്ലേ ശരിയായ ടൈം-കീപ്പര്‍!

പുതിയ ജോലിയില്‍ പ്രവേശിച്ചു ആഴ്ച്ച ഒന്നു കഴിഞ്ഞു. ആരോടെങ്കിലും വിശേഷങ്ങൊളൊക്കെ പറയണ്ടെ. ഭരതേട്ടന്റെ വീട്ടിലോട്ടു നടന്നു. മുക്കിലും മൂലയിലും നിറനിറെ പൂത്തുനില്‍ക്കുന്ന പറങ്കിമാവിന്‍ മരങ്ങള്‍. പറങ്കിയണ്ടി കാശിനെട്ടു വിറ്റിരുന്ന കാലത്തായിരിക്കണം വെള്ളക്കാരന്‍ കേഷ്യൂനട്ട്‌ എന്നു്‌ പേരിട്ടത്‌. ഇപ്പോള്‍ നോക്കിയാല്‍ നട്ടും(nut) ഇല്ലാ കേഷും ഇല്ല. പൂക്കുലകള്‍ പന്തം കൊളുത്തി തീയില്‍ കരിച്ചതു പോലെ ചില്ലകളില്‍ കാണുമ്പോള്‍ മനസ്സിലെവിടേയോ ഒരു വേദന. കണ്ണേ മടങ്ങുക! മരത്തിലിരുന്നേ കരിഞ്ഞു്‌ മെലിഞ്ഞു്‌ നില്‍ക്കുന്ന പൂവേ എനിക്കും നിന്നെ കണ്ടുനില്‍ക്കാനുള്ള കരുത്തില്ല. പറങ്കിയണ്ടിക്കു മുന്‍കൂര്‍ പണം കടം വാങ്ങിയ കര്‍ഷകാ, ഇനി നീ എന്തു്‌ ചെയ്യും? കശുമാവിനെ നശിപ്പിക്കുന്ന തേയില കൊതുകിനെതിരെ തളിക്കേണ്ട മരുന്ന്‌ കര്‍ഷകര്‍ക്ക്‌ കൃഷിഭവനില്‍ ഫ്രീയായി കൊടുക്കാറുണ്ടു്‌. നീ അതു ദുരുപയോഗപ്പെടുത്തരുതേ!

കശുമാവു്‌ പോലുള്ള മരത്തടിക്കഷണങ്ങള്‍ തറിച്ചു്‌ മുറിച്ചു്‌ പുഴുങ്ങി അരച്ച്‌ പള്‍പ്പാക്കിയാണു്‌ ആ വ്യവസായശാലയില്‍ ഹാഡ്ബോഡ്‌ പലക ഉണ്ടാക്കുന്നത്‌. അഞ്ചാറു മാസത്തേക്കു വേണ്ടുന്ന അസംസ്കൃത സാധനം സ്റ്റോക്കു ചെയ്തെങ്കിലേ തുടര്‍ന്നു കമ്പനി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ. മരങ്ങള്‍ ഇങ്ങിനെ മുറിച്ചു പോയാല്‍ നാട്ടിന്റെ നില എന്താകും? ഇങ്ങനെയുള്ള വിചിന്തനകളോടെയാണു്‌ ഞാന്‍ ഭരതേട്ടന്റെ വീട്ടില്‍ എത്തിയത്‌.

ഒരു്‌ ഏക്‌സിഡന്റല്‍ കോയിന്‍സിഡന്‍സ്‌ എന്നോണം, അവിടെയും ചര്‍ച്ചാവിഷയം വിറക്‌ തന്നെ!
"അട്ടത്തുള്ള വീറക്‌ തീരാറായി. മഴക്കാലം വരാന്‍ പോകുന്നു. സുശീലക്ക്‌ അടുക്കളയില്‍ വിറക്‌ വേണം. ഏതു്‌ തടിയാണു്‌ മുറിക്കേണ്ടത്‌?"
ഒരു തീരുമാനത്തിലെത്താന്‍ കഴിയാതെ ചര്‍ച്ച സ്‌തംഭിച്ച നിലയിലുള്ളപ്പോഴാണു എന്റെ അന്തര്‍ഗ്ഗമനം! എന്നോടായി ഭരതേട്ടന്‍ തുടര്‍ന്നുഃ
"വിറകെടുപ്പാന്‍ വിറകെടുത്തൂ വിറകെടുത്തൂ വിറകെടുത്തൂ. രാഘവനു്‌ മനസ്സിലായിക്കാണും."
"മനസ്സിലായി... എന്നാലും ഒരു നേരിയ സംശയം! അതെന്തിനാണു്‌ മൂന്നു നാലു തവണ വിറകെടുക്കാന്‍ പറേണ്‌?"
എന്റെ വിഡ്ഡിത്തം അമ്പലമായി.
"അതൊരു യമകാലങ്കാര പ്രയാഗമാണു്‌." സുശീലേച്ചിയാണു്‌ മറുപടി നല്‍കിയത്‌ "മനക്കലെ മന്ദബുദ്ധിയായ ഒരു ബ്രാഹ്മണക്കുട്ടി ദൈവാദീനത്താല്‍ ബുദ്ധിമാനായപ്പൊള്‍ ആദ്യം ഉരുവിട്ട വാക്കുകളാണതത്രേ!"
ബാക്കി ഞാന്‍ പറയാം. ഭരതേട്ടന്‍ തുടര്‍ന്നു.

"ദാ കേട്ടോ. മന്ദബുദ്ധി മാറ്റാനായി ദൈവത്തെ ഭജിച്ചു്‌ അമ്പലത്തിനുള്ളില്‍ അകപ്പെട്ട കുട്ടി രാത്രി നേരം മുഴുവനും അമ്പലത്തിനുള്ളിലേ കഴിയേണ്ടി വന്നു. കഠിനമായ തണുപ്പും പേടിയും വിശപ്പും കൊണ്ട്‌ കുട്ടി ആകെ പേടിച്ചുവിറച്ചു. വെളിയില്‍ ശക്തമായ ഇടിവെട്ടും മിന്നലും. തുടര്‍ന്നു്‌ കാറ്റും മഴയും. കുട്ടി സോപാനത്തിലിരുന്നു്‌ കരഞ്ഞു. അപ്പോള്‍ ഒരു അശരീരി ശബ്ദം അവനോടു്‌ അവിടെയുള്ള വിറകെടുത്തു തീ കത്തിച്ചു ശീതം മാറ്റാന്‍ പറഞ്ഞു. അതിനു ശേഷം നിവേദ്യത്തിനുള്ള പഴമെടുത്തു തിന്നു്‌ വിശപ്പും മാറ്റിക്കൊള്ളാന്‍ കല്‍പ്പിച്ചു. കുട്ടി അതുപോലെ തന്നെ ചെയ്തു്‌ അവിടെത്തന്നെ കിടന്നുറങ്ങി. കാലത്തു കുട്ടിയെ അന്വേഷിച്ച്‌ അമ്മ എത്തി. എന്തിനാണു്‌ അമ്പലത്തിലെ വിറകു എടുത്തതെന്നു ചോദിച്ചു. അതിനു്‌ കുട്ടി കൊടുത്ത മറുപടിയാണു്‌ഃ 'വിറകെടുപ്പാന്‍ വിറകെടുത്തൂ വിറകെടുത്തൂ വിറകെടുത്തൂ.' ഇത്രയും കേട്ടതും അമ്മക്ക്‌ സംഗതി മനസ്സിലായി. മന്ദബുദ്ധിയായിരുന്ന തന്റെ മകന്‍ ഈശ്വരാനുഗ്രഹത്താല്‍ അധിബുദ്ധിമാനായി മാറിയിരിക്കുന്നൂ. അവിടെ കിടന്ന പഴത്തൊലി എടുത്ത്‌ ഭക്ഷിച്ച അമ്മയും പില്‍ക്കാലത്ത്‌ ഒരു കവയിത്രിയായത്രെ! അതാണു്‌ കഥ. ഇപ്പോ മനസ്സിലായോ?"

"എന്തു്‌?"

"ബുദ്ധിമാനാകണമെങ്കില്‍ വിറകു്‌ കത്തിക്കണമെന്ന്!"

"ശരിയാ അമ്പലത്തിനുള്ളിലല്ല, അടുക്കളയില്‍!"

2 comments:

Raghavan P K said...

കണ്ണേ മടങ്ങുക! മരത്തിലിരുന്നേ കരിഞ്ഞു്‌ മെലിഞ്ഞു്‌ നില്‍ക്കുന്ന പൂവേ എനിക്കും നിന്നെ കണ്ടുനില്‍ക്കാനുള്ള കരുത്തില്ല.

സു | Su said...

വിറക് നന്നായി. വ്യവസായശാലയില്‍ പോയി വന്നതുപോലെ ആയി.

അവസാനം പറഞ്ഞ തരത്തിലുള്ള കഥകള്‍ കേള്‍ക്കാറുണ്ടായിരുന്നു.:)