Tuesday, December 26, 2006

സുനാമി- ഒരു് ഓര്മ്മക്കുറിപ്പു്


സുനാമിദുരന്തം നടന്നിട്ട് ഇന്നേക്ക് ( 2006 Dec26) രണ്ടുവര്ഷംകഴിഞ്ഞു. സര്ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും തീവ്രമായ പ്രയത്നം ഒരു പരിധി വരെ ദുരന്തബാധിതരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു എന്നതില് അല്പം സമാദാനിക്കാം. എങ്കിലും, എത്രയോ പ്രശ്നങ്ങള് അവശേഷിക്കുകയാണ്.

അന്നു് പ്രളയമായിരുന്നു. സര്വത്ര പ്രളയം. തമിഴ്നാട്ടിലെ തീരദേശ ജില്ലകളെ ഒന്നൊഴിയാതെ തിരമാലകള് ആഞ്ഞടിച്ചു. കടലിലും കടല്ക്കരയിലും ജനിച്ചു വളര്ന്ന മുക്കുവര്പോലും ഭയന്നു വിറച്ചു. പല കൊടുങ്കാറ്റും കടല് ക്ഷോഭവും അവര് കണ്ടിട്ടുണ്ട്. ചെന്നയ്ക്ക് വടക്ക് എരണാവൂര് ബീച്ചില് 1998-ല് ഒരു കപ്പല്തന്നെ കൊടുങ്കാറ്റില്പെട്ടു കരക്കെത്തിയിരുന്നു. ഇരുപത്തഞ്ചു വര്ഷങ്ങല്ക്കകം കടല് ഏകദേശം ഒരു കിലോമീറ്ററെങ്കിലും ഈ ഗ്രാമത്തിന്റെ കരയെ കീഴടക്കിയിട്ടുണ്ടു്. ഇതൊക്കെയാണെങ്കിലും 2004 ഡിസംബര് 26-ന് ഉണ്ടായ ദുരന്തം ജനങ്ങള്ക്കു് പുതിയ ഒരു അനുഭവമായിരുന്നു. 'സുനാമി' എന്ന പേര് അന്നാണു ആദ്യമായി ജനങ്ങള് കേള്ക്കാന് തുടങ്ങിയത്.

ഔദ്യോഗിക കണക്കനുസരിച്ച് 8009 പേര് മരിച്ചു.പതിനായിരക്കണക്കിനു് വീടുകള് തറമട്ടമായി. നിരാലംബരായ സാധാരണക്കാരില് സാധാരണക്കാരായ തീരദേശവാസികളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരിക എന്നതായിരുന്നു സര്ക്കാരിനും വിവിധ സന്നദ്ധസംഘടനകള്ക്കും മുന്നിലുണ്ടായിരുന്ന ആദ്യത്തെ വെല്ലുവിളി. ഇതില് അടിസ്ഥാന സൌകര്യങ്ങള് ഒരുക്കുക എന്ന ദൌത്യം സര്ക്കാര് ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി ദുരിതബാധിതരെ പുനരധിവസിപ്പിക്കാന് അനുയോജ്യമായ സ്ഥലം സര്ക്കാര് കണ്ടെത്തുന്ന കാര്യത്തില് ഭാഗികമായെ വിജയിച്ചുള്ളൂ. ചെന്നയിലും ചെന്നൈക്ക് വടക്കുള്ള ചിന്നക്കുപ്പം, ഏരണാവൂര്, എണ്ണൂര്ക്കുപ്പം, താളംകുപ്പം, നൊച്ചിക്കുപ്പം പോലുള്ള കടല്ക്കരയില് വസിച്ചിരുന്നവരുടെ പുനരധിവാസം പൂര്ണ്ണമായും നടപ്പിലാക്കാന് ഇനിയും കഴിഞ്ഞിട്ടില്ല. വിവിധ സന്നദ്ധ സംഘടനകളുടെ സംരക്ഷണത്തിലാണു് പലരും ഇപ്പോഴും കഴിയുന്നത്. കടല്ത്തീരം വിട്ടു മാറി താമസിക്കാന് ഇവര് തയ്യാറല്ല. ആവരുടേ ഉപജീവന മാര്ഗ്ഗം കടലിലാണു. കടലിനടുത്തായി സ്ഥലം ഇല്ല താനും. അങ്ങിനെയുള്ള ഊരാക്കുടുക്കുകള് പലതും പുനരധിവസിപ്പിക്കലില് വിലങ്ങു തടിയാവുന്നു. നല്ല വീടുകളും സ്ഥലവും കാണുമ്പോള് ദുരിതമനുഭവിക്കാത്തവര് കൂടി രാഷ്ട്രീയക്കാരുടെ സ്വാധീനമുപയോഗിച്ച് അര്ഹരായവരുടെ വയറ്റിലടിക്കുന്നുതും വിരളമല്ല. 

ഇനിയുമൊരു സുനാമി ഉണ്ടാകരുതെ എന്നു പ്രാര്ത്ഥിക്കുന്നു.

Sunday, December 24, 2006

രാജാവിന്റെ രാജ

ക്രൈസ്തവ സഹോദരീ സഹോദരന്മാര്ക്കെല്ലാവര്ക്കും എന്റെ ക്രിസ്ത്മസ് ആശംസകള്. ഇത്തരുണത്തില് പണ്ടെന്നോ വായിച്ച ഒരു കഥയാണു് മനസ്സില് തെളിയുന്നത്. ക്രിസ്ത്മസ് ശുഭ ദിനത്തില് ഞാനിതിവിടെ പകര്ത്തുന്നു.

അഗസ്റ്റസ് സീസര് ചക്രവര്ത്തിയുടെ ഗവര്ണ്ണരുടെ മകന്. പതിമൂന്നു വയസ്സുള്ള ആണ്കുട്ടി. അച്ഛന്റെ കര്ക്കശമായ വളത്തല്കൊണ്ടു് ശ്വാസം മുട്ടി ജീവിക്കുന്നവന്. ഗ്രാമത്തിലെ മാര്ക്കെറ്റില് പോയി ചില സാധനങ്ങള് വാങ്ങി വരാന് അമ്മ അയച്ചു.

രണ്ടു മൈലകലെയുള്ള ഒരുഗ്രാമം. അമ്മ പറഞ്ഞയച്ച ഭക്ഷണസാധനങ്ങള് വാങ്ങി കുട്ടി തിരിച്ചു വരികയാണു്. അച്ഛന് വരുന്നതിനു മുന്പെ വീട്ടിലെത്തിക്കൊള്ളാമെന്നു അമ്മക്കു് വാക്കു് കൊടുത്തിരുന്നു. അച്ഛന് വളരെ മുന് കോപിയും കര്ശ്ശനക്കാരനുമായിരുന്നു. ഗ്രാമീണരുമായുള്ള സഹവാസം നിരോധിച്ചിരുന്നു. അവരുടെ കുട്ടികളോടൊപ്പം കളിക്കാനും അനുവാദമുണ്ടായിരുന്നില്ല. അവന് തിരിച്ചു വരുമ്പോള് നേരം വൈകി. പരിസരമാകെ ഇരുള് പടരാന് തുടങ്ങി തെരുവുകളിലെല്ലാം പാവപ്പെട്ട ജനങ്ങള്. നാളെ കാനെഷുമാരി കണക്കു എടുക്കുന്നതിനു അവന്റെ അച്ഛനെ ഉത്തരവിട്ടിട്ടുണ്ടു്.

ഇരുട്ടില് അവന് അവ്യക്തമായ ചില നിഴല് രൂപം കണ്ടു.ആടുത്ത് പോയി. ഒരു താടി വളര്ത്തി മുഷിഞ്ഞ വസ്ത്രം ധരിച്ച മനുഷ്യന്. കൂടെ ഒരു കഴുതയും, കഴുതയുടെ മേല് ഒരു തടിച്ച പര്ദ ധരിച്ച സ്ത്രീയും. അയാള് അടുത്തുള്ള സത്രത്തില്പ്പോയി കിടക്കാനുള്ള സ്ഥലമനേഷിച്ചു് നിരാശനായി തിരിച്ചു വന്നു. കഴുതയുടെ കയറും പിടിച്ചു വലിച്ചു കൊണ്ടു് സത്രത്തിനു പിന്നിലുള്ള ആടുമാടുകളേയും കോഴികളേയും കൊണ്ടു നിറഞ്ഞ തൊഴുത്തിന്റെ ഉള്ളിലേക്കു പോയി.
കുട്ടി അവരെ പിന്തുടര്ന്നു. ആ വൃത്തികേട്ട ആലയിലെ നിലത്താണെങ്കില് വൈക്കോലും ചാണകവും കൊണ്ടു മൂടി കിടന്നിരുന്നു. സഹിക്കാന് കഴിയാത രൂക്ഷ ഗന്ധം വമിക്കുന്ന തൊഴുത്തു്. കഴിയുന്നത്ര ശുദ്ധപ്പെടുത്തി ആ താടിക്കാരന് സ്ത്രീയെ അവിടെ ഇരുത്തി. ആലയിലുണ്ടായിരുന്ന തൊട്ടിയിലെ വെള്ളം തന്റെ ഇരുകൈകളും ചേര്ത്തു കോരി ആ സ്ത്രീക്കു കുടിക്കാനയി കൊടുത്തു. ആലയുടെ കതവിന്റെ വിടവീലൂടെ ശ്രദ്ധിച്ചു കൊണ്ടിരുന്ന ബാലനു ഒന്നും മനസ്സിലായില്ല. വീണ്ടും വെള്ളം കൊണ്ടുവരാനായി അദ്ദേഹം പോയപ്പോള് ആ സ്ത്രീയുടെ മുഖത്തുനിന്നും കറുത്ത പര്ദ നീങ്ങി താഴോട്ടു വീണു. ആ മുഖം കണ്ട മാത്രയില് ബാലനു ഒരു ദിവ്യമായ അനുഭൂതിയുണ്ടായി. എന്തു ചൈതന്യം! എത്ര മനോഹരം! വാതില് തുറന്നു ഓടിച്ചെന്നു ആ അമ്മയുടെ മുന്നില് മുട്ടുകുത്തി നിന്നു. കയ്യിലുണ്ടായിരുന്ന മാതളം പഴം കൊടുത്തു. അത്തിപ്പഴം കൊടുത്തു. പുഞ്ചിരിയോടെ എല്ലാം വാങ്ങി വെച്ചു. ഒന്നും തന്നെ മിണ്ടിയില്ല.

ആ റോമന് കുട്ടി എഴുന്നേറ്റ് വന്ന വഴിയേ തിരിച്ചു് വീട് നോക്കി വേഗത്തില് നടക്കാന് തുടങ്ങി. മനസ്സില് നിറയെ ആ അമ്മയുടെ രൂപം മാത്രം. ഇരുട്ടാണെങ്കിലും അവന് മനസ്സിനെ ദൃഢപ്പെടുത്തി മുന്നോട്ട് നീങ്ങി. അവന്റെ തലക്കു നേരെ മേലെ ഒരെ ഒരു നക്ഷത്രം മിന്നിത്തിളങ്ങുന്നതു് അവന് കണ്ടു. മറ്റു നക്ഷത്രങ്ങള്ക്കെന്തു പറ്റി? അവന് അത്ഭുതപ്പെട്ടു. അപ്പോഴതാ സന്തോഷത്താല് തുള്ളിച്ചാടി ആട്ടവും പാട്ടവുമായി ഒരു കൂട്ടം ആട്ടിടയന്മാര് എതിരെ വരുന്നു. പെട്ടെന്നൊരു മിന്നല്. അസാധാരണ പ്രകാശം പരന്നു. ഇടയന്മാര് നിശ്ശബ്ദരായി മുട്ടുകുത്തി ആകാശത്തോട്ടു നോക്കി നിന്നു.

വീണ്ടും ഇരുട്ട്. ധൈര്യം നടിച്ച് കുട്ടി മുന്നോട്ടു നടന്നു. അവന്റെ ബംഗ്ലാവിന്റെ കവാടമെത്താറായി. എന്തോ ഒരു നിഴല് അടുത്തു വന്നു. ഇപ്പോള് വ്യക്തമായി. മൂന്നു് ഒട്ടകങ്ങള്. അവയുടെ പുറത്ത് ഓരോ സവാരിക്കാരനും. മിന്നിത്തിളങ്ങുന്ന വസ്ത്രവും അവരുടെ പ്രൌഢിയും ചോദ്യവും എല്ലാം തന്നെ ബാലനെ അത്ഭുതപ്പെടുത്തി. അവര്ക്കു ഇപ്പോള് ജനിച്ച രാജാവിനെ കാണണം. കുട്ടിക്കറിയാവുന്ന രജാവാകട്ടെ ഹെറോഡ് മാത്രമണു്.

ആകാശത്തിലെ ആ നക്ഷത്രത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടു് കുട്ടിയോട് ചോദിച്ചു:
"ആ നക്ഷത്രം പ്രകാശിക്കുന്നതെവിടെയാണു്?"
അതു ബെത്ലഹേം ആണെന്ന് അവനറിയാം."
"അവിടെക്കാണില്ല! നിങ്ങളന്വേഷിക്കുന്ന രാജാവിന്റെ രാജാവിനെ അവിടെക്കാണില്ല." അവന് പറഞ്ഞു.

അതിനു മറുപടിയായി അവര് ദൈവപ്രവചനം ഉരുവിട്ടു. കുട്ടിക്കു് ഒന്നേ അറിയൂ. അഗസ്റ്റസ് സീസര് ചക്രവര്ത്തിയാണു് ഇസ്രായേലും ഈ ലോകവും ഭരിക്കുന്നത്!

നേരം വൈകി. അവന് ഓടി വീട്ടിലെത്തി.
അച്ഛന്! ശബ്ദമുയര്ത്തിക്കൊണ്ടു ചോദിച്ചുഃ
"എന്താണു വൈകിയതു?"
"സാധനങ്ങളെവിടെ?"
മറുപടിയില്ല.
"അമ്മ തന്ന വെള്ളിക്കാശുകളെവിടെ?"
ഒന്നും മിണ്ടാതെ കയ്യിലുണ്ടായിരുന്ന ബാക്കി ഒരു നാണയം എടുത്തു നീട്ടി. അച്ഛന് വിശ്വസിക്കുന്നില്ല. അവന് നടന്നതെല്ലാം തുറന്നു പറഞ്ഞു. അപ്പോഴും അച്ഛന് വിശ്വസിച്ചില്ല. അച്ഛന് ഉപദേശിച്ചുഃ
"നമ്മള് റോമന്കാര്. ബുദ്ധിമാന്മാര്. സത്യത്തില് വിശ്വസിക്കുന്നവര്. ഈ ലോകം ഭരിക്കാനര്ഹതയുള്ളവര്. സത്യം പറയാന് നീ കൂട്ടാക്കുന്നില്ലങ്കില്..." കുട്ടി പറഞ്ഞതുതന്നെ വീണ്ടും വീണ്ടും ആവര്ത്തിച്ചു.

കുപിതനായ അവന്റെ അച്ഛന് തന്റെ അരപ്പട്ട അഴിച്ച് ആ പിഞ്ചു ബാലനെ അരിശം തീരുന്നതുവരെ ആഞ്ഞടിച്ചു. അവശനായ ബാലനെ ഒടുവില് അവന്റെ അമ്മ മുറിയില് കൊണ്ടുപോയി കിടത്തി. അടികൊണ്ടുണ്ടായ മുറിവുകള്ക്ക് മരുന്നു വെക്കാനായി വസ്ത്രം അഴിച്ചപ്പോള് കുട്ടിയുടെ ദേഹത്ത് ഒരു പോറലുമില്ല! മാത്രമല്ല, ദേഹം മുന്പത്തേക്കാളും സുന്ദരമായും ആരോഗ്യമായും കാണപ്പെട്ടു. അമ്മ സന്തോഷിച്ചു.
മോന് പറഞ്ഞത് സത്യമാണു്. അമ്മക്കറിയാം!

Tuesday, December 19, 2006

വിറകു്

കൂറ്റന്‍ മതിലുകളാല്‍ സംരക്ഷിക്കപ്പെട്ട ഒരു കോട്ട പോലെ തോന്നിക്കുന്ന വ്യവസായശാല. മെയിന്‍ ഗേറ്റ്‌ കമ്പനി മുതലാളികള്‍ക്കുള്ളതാണു. ആടുത്തായുള്ള ഒരു മെലിഞ്ഞ വികൃതിക്കവാടം (വിക്കറ്റ്‌ ഗേറ്റ്‌) ഒരാള്‍ക്കു കഷ്ടിച്ചു കടന്നു പോകാവുന്ന തരത്തിലൂള്ളതാണു. അതിലൂടെ വേണം തൊഴിലാളികളും മറ്റ്‌ ഉദ്യോഗസ്ഥന്മാരും നുഴഞ്ഞു കടന്നു പോകാന്‍. മുതലാളിക്ക്‌ ഒരു പക്ഷേ അറിയാമായിരിക്കും, ഇവിടത്തെ ജോലി ചെയ്താല്‍പ്പിന്നെ ആരും തന്നെ ഇതില്‍ കൂടുതല്‍ വണ്ണം വെക്കാന്‍ സദ്ധ്യതയില്ലെന്ന്‌. ഫേക്ടറിക്കു്‌ ഉള്ളില്‍ കയറിയ ഉടനെ ആദ്യം കണ്ട കാഴ്ച്ച എന്നെ തെല്ലൊന്നമ്പരിപ്പിച്ചു. മലപോലെ അടുക്കിവെച്ചിരിക്കുന്ന പറങ്കിമാവിന്‍ തടിക്കഷണങ്ങള്‍! ഓ, നാലഞ്ചു പേരുള്ള വീട്ടിലേ എത്രമാത്രം വിറകാണു്‌ അട്ടത്തും പറമ്പിലുമൊക്കെ ആയി സ്റ്റോക്ക്‌ ചെയ്യുന്നത്‌! അപ്പോള്‍ അഞ്ഞൂറിലധികം തൊഴിലാളികളുള്ള ഇവിടെ ഇത്രയും വിറകു ഉണ്ടങ്കിലല്ലേ കാലാകാലത്തില്‍ അടുപ്പ്‌ പുകയൂ. അങ്ങിനെ ഞാന്‍ സമാശ്വസിച്ചു.

തൊഴിലാളികള്‍ നേരെ ടൈമാഫീസിലോട്ടാണു പോകുന്നത്‌. ഓരോ തൊഴിലാളിയും തന്റെ ഹാജര്‍ ഉറപ്പു വരുത്തുകയാണു്‌. സമയരേഖപ്പെട്ടിയും മറ്റു നൂതന ഹാജര്‍ കാര്‍ഡുകളൊക്കെയില്ലാഞ്ഞിട്ടല്ല. അവയെല്ലാം കഠിനാദ്ധ്വാനം ചെയ്തു ക്ഷീണിച്ചു അവശതയില്‍ക്കഴിയുകയാണു്‌. ചുമരിന്മേലുള്ള വലിയ ഒരു ബോഡില്‍ മുക്കാല്‍ പൈസാ പോലുള്ള ടോക്കണ്‍ കൊളുത്തിവെച്ചിട്ടുണ്ടു്‌. അതിന്മേല്‍ അവരവരുടെ നമ്പര്‍. ടോക്കെണ്‍ എടുത്തു അതിനടുത്തായി വെച്ചിട്ടുള്ള ബേലറ്റ്‌ ബോക്സ്‌ പോലുള്ള പെട്ടിയില്‍ ഇടണം. രത്നക്കല്ലിനു കാവല്‍ കിടക്കുന്ന സര്‍പ്പം പോലെ കഴുത്ത്‌ നീണ്ട ഒരാള്‍ കണ്ണുരുട്ടി വാച്ചു സദാ നോക്കിക്കൊണ്ട്‌ ആ പെട്ടിക്കരികിലായി ഇരിക്കുന്നു. വിരോധഭാസമായിത്തോന്നി, ഇദ്ദേഹത്തെ ടൈം-കീപ്പര്‍ എന്നു വിളിച്ചപ്പം. വാച്ചു നോക്കിയിരിക്കുന്നവനല്ലേ വാസ്തവത്തില്‍ വാച്ച്‌മാന്‍! ഗെയിറ്റില്‍ നില്‍ക്കുന്നവന്‍ ഗെയിറ്റ്‌-കീപ്പര്‍! കമ്പനി ശങ്കു്‌ ഊതിക്കഴിഞ്ഞാല്‍ ഗെയ്റ്റടച്ച്‌ കൃത്യനിഷ്ഠപാലിക്കുന്ന അവന്‍ അല്ലേ ശരിയായ ടൈം-കീപ്പര്‍!

പുതിയ ജോലിയില്‍ പ്രവേശിച്ചു ആഴ്ച്ച ഒന്നു കഴിഞ്ഞു. ആരോടെങ്കിലും വിശേഷങ്ങൊളൊക്കെ പറയണ്ടെ. ഭരതേട്ടന്റെ വീട്ടിലോട്ടു നടന്നു. മുക്കിലും മൂലയിലും നിറനിറെ പൂത്തുനില്‍ക്കുന്ന പറങ്കിമാവിന്‍ മരങ്ങള്‍. പറങ്കിയണ്ടി കാശിനെട്ടു വിറ്റിരുന്ന കാലത്തായിരിക്കണം വെള്ളക്കാരന്‍ കേഷ്യൂനട്ട്‌ എന്നു്‌ പേരിട്ടത്‌. ഇപ്പോള്‍ നോക്കിയാല്‍ നട്ടും(nut) ഇല്ലാ കേഷും ഇല്ല. പൂക്കുലകള്‍ പന്തം കൊളുത്തി തീയില്‍ കരിച്ചതു പോലെ ചില്ലകളില്‍ കാണുമ്പോള്‍ മനസ്സിലെവിടേയോ ഒരു വേദന. കണ്ണേ മടങ്ങുക! മരത്തിലിരുന്നേ കരിഞ്ഞു്‌ മെലിഞ്ഞു്‌ നില്‍ക്കുന്ന പൂവേ എനിക്കും നിന്നെ കണ്ടുനില്‍ക്കാനുള്ള കരുത്തില്ല. പറങ്കിയണ്ടിക്കു മുന്‍കൂര്‍ പണം കടം വാങ്ങിയ കര്‍ഷകാ, ഇനി നീ എന്തു്‌ ചെയ്യും? കശുമാവിനെ നശിപ്പിക്കുന്ന തേയില കൊതുകിനെതിരെ തളിക്കേണ്ട മരുന്ന്‌ കര്‍ഷകര്‍ക്ക്‌ കൃഷിഭവനില്‍ ഫ്രീയായി കൊടുക്കാറുണ്ടു്‌. നീ അതു ദുരുപയോഗപ്പെടുത്തരുതേ!

കശുമാവു്‌ പോലുള്ള മരത്തടിക്കഷണങ്ങള്‍ തറിച്ചു്‌ മുറിച്ചു്‌ പുഴുങ്ങി അരച്ച്‌ പള്‍പ്പാക്കിയാണു്‌ ആ വ്യവസായശാലയില്‍ ഹാഡ്ബോഡ്‌ പലക ഉണ്ടാക്കുന്നത്‌. അഞ്ചാറു മാസത്തേക്കു വേണ്ടുന്ന അസംസ്കൃത സാധനം സ്റ്റോക്കു ചെയ്തെങ്കിലേ തുടര്‍ന്നു കമ്പനി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ. മരങ്ങള്‍ ഇങ്ങിനെ മുറിച്ചു പോയാല്‍ നാട്ടിന്റെ നില എന്താകും? ഇങ്ങനെയുള്ള വിചിന്തനകളോടെയാണു്‌ ഞാന്‍ ഭരതേട്ടന്റെ വീട്ടില്‍ എത്തിയത്‌.

ഒരു്‌ ഏക്‌സിഡന്റല്‍ കോയിന്‍സിഡന്‍സ്‌ എന്നോണം, അവിടെയും ചര്‍ച്ചാവിഷയം വിറക്‌ തന്നെ!
"അട്ടത്തുള്ള വീറക്‌ തീരാറായി. മഴക്കാലം വരാന്‍ പോകുന്നു. സുശീലക്ക്‌ അടുക്കളയില്‍ വിറക്‌ വേണം. ഏതു്‌ തടിയാണു്‌ മുറിക്കേണ്ടത്‌?"
ഒരു തീരുമാനത്തിലെത്താന്‍ കഴിയാതെ ചര്‍ച്ച സ്‌തംഭിച്ച നിലയിലുള്ളപ്പോഴാണു എന്റെ അന്തര്‍ഗ്ഗമനം! എന്നോടായി ഭരതേട്ടന്‍ തുടര്‍ന്നുഃ
"വിറകെടുപ്പാന്‍ വിറകെടുത്തൂ വിറകെടുത്തൂ വിറകെടുത്തൂ. രാഘവനു്‌ മനസ്സിലായിക്കാണും."
"മനസ്സിലായി... എന്നാലും ഒരു നേരിയ സംശയം! അതെന്തിനാണു്‌ മൂന്നു നാലു തവണ വിറകെടുക്കാന്‍ പറേണ്‌?"
എന്റെ വിഡ്ഡിത്തം അമ്പലമായി.
"അതൊരു യമകാലങ്കാര പ്രയാഗമാണു്‌." സുശീലേച്ചിയാണു്‌ മറുപടി നല്‍കിയത്‌ "മനക്കലെ മന്ദബുദ്ധിയായ ഒരു ബ്രാഹ്മണക്കുട്ടി ദൈവാദീനത്താല്‍ ബുദ്ധിമാനായപ്പൊള്‍ ആദ്യം ഉരുവിട്ട വാക്കുകളാണതത്രേ!"
ബാക്കി ഞാന്‍ പറയാം. ഭരതേട്ടന്‍ തുടര്‍ന്നു.

"ദാ കേട്ടോ. മന്ദബുദ്ധി മാറ്റാനായി ദൈവത്തെ ഭജിച്ചു്‌ അമ്പലത്തിനുള്ളില്‍ അകപ്പെട്ട കുട്ടി രാത്രി നേരം മുഴുവനും അമ്പലത്തിനുള്ളിലേ കഴിയേണ്ടി വന്നു. കഠിനമായ തണുപ്പും പേടിയും വിശപ്പും കൊണ്ട്‌ കുട്ടി ആകെ പേടിച്ചുവിറച്ചു. വെളിയില്‍ ശക്തമായ ഇടിവെട്ടും മിന്നലും. തുടര്‍ന്നു്‌ കാറ്റും മഴയും. കുട്ടി സോപാനത്തിലിരുന്നു്‌ കരഞ്ഞു. അപ്പോള്‍ ഒരു അശരീരി ശബ്ദം അവനോടു്‌ അവിടെയുള്ള വിറകെടുത്തു തീ കത്തിച്ചു ശീതം മാറ്റാന്‍ പറഞ്ഞു. അതിനു ശേഷം നിവേദ്യത്തിനുള്ള പഴമെടുത്തു തിന്നു്‌ വിശപ്പും മാറ്റിക്കൊള്ളാന്‍ കല്‍പ്പിച്ചു. കുട്ടി അതുപോലെ തന്നെ ചെയ്തു്‌ അവിടെത്തന്നെ കിടന്നുറങ്ങി. കാലത്തു കുട്ടിയെ അന്വേഷിച്ച്‌ അമ്മ എത്തി. എന്തിനാണു്‌ അമ്പലത്തിലെ വിറകു എടുത്തതെന്നു ചോദിച്ചു. അതിനു്‌ കുട്ടി കൊടുത്ത മറുപടിയാണു്‌ഃ 'വിറകെടുപ്പാന്‍ വിറകെടുത്തൂ വിറകെടുത്തൂ വിറകെടുത്തൂ.' ഇത്രയും കേട്ടതും അമ്മക്ക്‌ സംഗതി മനസ്സിലായി. മന്ദബുദ്ധിയായിരുന്ന തന്റെ മകന്‍ ഈശ്വരാനുഗ്രഹത്താല്‍ അധിബുദ്ധിമാനായി മാറിയിരിക്കുന്നൂ. അവിടെ കിടന്ന പഴത്തൊലി എടുത്ത്‌ ഭക്ഷിച്ച അമ്മയും പില്‍ക്കാലത്ത്‌ ഒരു കവയിത്രിയായത്രെ! അതാണു്‌ കഥ. ഇപ്പോ മനസ്സിലായോ?"

"എന്തു്‌?"

"ബുദ്ധിമാനാകണമെങ്കില്‍ വിറകു്‌ കത്തിക്കണമെന്ന്!"

"ശരിയാ അമ്പലത്തിനുള്ളിലല്ല, അടുക്കളയില്‍!"