Sunday, November 19, 2006

ഭരതവാക്യം

ചന്ദ്രന്റെ ഭാര്യയാണു രുക്കു. വീട്ടില്‍ രുക്കു 'ഇല്ലെങ്കില്‍' എങ്ങിനേയിരിക്കുമെന്നു ഊഹിക്കാന്‍ കൂടി വയ്യ! എന്തുവേണമെങ്കിലും അവളോടു പറഞ്ഞാല്‍ മതി. സ്നേഹം കൊണ്ട്‌ വീര്‍പുമുട്ടിക്കുന്ന പത്നി. അതു പോലെ തന്നെ കോപവും താപവും കൂടുംബോള്‍ സകല ജംഗമ വസ്തുക്കളും അഗ്നിമിസെയിലുകളായും ബ്രഹ്മോസ്‌ മിസെയിലുകളായും പറക്കും. ഇതു രുക്കൂന്റെ വിരോധികള്‍ പറഞ്ഞു പരത്തുന്ന ശുദ്ധ നൂണയാണെന്ന് ഭരതേട്ടന്‍ എന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. 'കാണാന്‍ പോകുന്ന പൂരം കേട്ടേറിയണോ?' എന്ന ഭാവത്തില്‍ ഞാനും അദ്ദേഹതിന്റെ കൂടെ ആ വീട്ടിലോട്ടു്‌ പോകാന്‍ നിര്‍ബന്ധിതനായി. സ്നേഹിതം വരുത്തി വെക്കുന്ന ചില വയ്യാവേലകള്‍!

കല്ലും കരടും മാത്രമല്ല 'മുള്ള്‌ മുരട്‌ മൂര്‍ഖന്‍ പാമ്പു്‌' കൂടി ഉണ്ടാവാന്‍ സാദ്ധ്യതയുള്ള ഇടവഴിയും കടന്നു നമ്മള്‍ കോണിയും കേറി കൈനട പാതിവരെ എത്തി. കോണി കേറുമ്പോഴേ എന്തോ ഒരു പന്തികേടുള്ളതു പോലെ എനിക്ക്‌ തോന്നി. സംശയാലുക്കള്‍ക്കു എപ്പോഴും സംശയം തന്നെ! വീട്ടുടമ, വീട്ടിന്റെ വറാന്തയിലെ വാതില്‍ക്കല്‍നിന്നും തല ഉള്ളോട്ട്‌ കടത്തി എന്തോ ഉറക്കെ പറയുന്നുണ്ട്‌ . അതിന്റെ റിയേക്‌ഷന്‍ എന്നോണം അകത്തു ചടപട ശബ്ദം. നിമിഷങ്ങള്‍ക്കുള്ളില്‍ എന്റെ സംശയം നിശ്ശേഷം മാറി! പലതും പറക്കാന്‍ തുടങ്ങി. ഈ അസമയത്തു്‌ എനിക്ക്‌ അവിടെ കയറിച്ചെല്ലാനുള്ള ദുര്‍ഭാഗ്യമുണ്ടാക്കിയ സമയദോഷത്തെ മനസില്‍ ശപിച്ചു.
'താന്‍ പാതി ഭരതേട്ടന്‍ പാതി' എന്ന ഫോര്‍മുല പ്രകാരം ഞാന്‍ യഥായഥം കുറ്റിയടിച്ചതു പോലെ കൈനടയുടെ പാതിവഴിയില്‍ നിന്നു. മുന്നിലോട്ട്‌ അദ്ദേഹം നീങ്ങി. അദ്യം പറന്നു വീണതു്‌ സുദര്‍ശന ചക്രം പോലുള്ള ഒരു ചപ്പാത്തി പലക. പിന്നാലേ അതിന്റെ ഡീയര്‍ ഫ്രന്റ്‌ ചപ്പാത്തിക്കോല്‌. തുടര്‍ന്ന് പല പാത്രങ്ങള്‍ കുടുമ്പസമേതം. 'കറാട്ടേയും' 'കുങ്ങ്‌ഫൂ'വും 'ജൂഡോ'യും ഒക്കെ പ്രയോഗിച്ചു രുക്കുവിന്റെ പ്രാണനാഥന്‍ തന്റെ പ്രാണരക്ഷാര്‍ത്തം മിസെയിലുകളെയെല്ലാം നിര്‍വീര്യമാക്കിക്കൊണ്ടിരുന്നു. ഹെല്‍മെറ്റാവശ്യമില്ലാത അദ്ദേഹത്തിന്റെ തല ഒരു പോറലുമേല്‍ക്കാതേ വെടിക്കെട്ടിന്റെ അവസാന രംഗം വരെ താക്ക്‌ പിടിച്ചു. സ്റ്റോക്ക്‌ തീര്‍ന്നു കാണും. ഗ്രാന്റ്‌ ഫൈനലായി ഒരു പൂക്കുറ്റിയില്‍നിന്നും അഗ്നിപുഷ്പങ്ങള്‍ വീഴുന്നതു പോലെ കുറെ അവിലിന്‍ ദളങ്ങള്‍ പുഷ്പവൃഷ്ടിയായി ഭരതേട്ടനെ എതിരേറ്റു. ഹാവൂ, സമാദാനമായി! പിന്നീടൊന്നും പറന്നുവന്നില്ല.

ഭരതേട്ടന്‍ മുറ്റത്തെത്തി.

"ഹാ.. രുക്കൂ, ദെ, ആരാ ഒരു പുതിയ ആള്‌ വന്നിരികുന്നൂന്ന് നോക്കൂ!"

ഭരതേട്ടന്റെ അകന്ന ബന്ധുവും ബാല്യകാല സ്നേഹിതനുമാണു്‌. വിദേശത്തായിരുന്നപ്പം നാട്ടിലെ കാര്യങ്ങളൊക്കെ ഇദ്ദേഹമാണു കൈകാര്യം ചെയ്തിരുന്നത്‌. വിശേഷിച്ചും മാനസീക പ്രശ്നങ്ങളുള്ള ഭരതേട്ടന്റെ അമ്മയെ ശുശ്രൂഷിക്കുന്നത്‌ പുള്ളിക്കാരനും ഭാര്യയുമാണു്‌. അമ്മയെ വീട്ടിലോട്ട്‌ കൂട്ടിക്കൊണ്ടു പോകാന്‍ ഇനിയും സാധിച്ചിട്ടില്ല. അമ്മയെക്കാണാനും ആ വകയില്‍ കുറച്ചു പൈസ ചന്ദ്രനു കൊടുക്കാനും ഉദ്ദേശിച്ചിട്ടാണ്‌ ഈ വരവ്‌.

ഒന്നും സംഭവിക്കാത്തതു പോലെ രുക്കുവും അയാളും വറാന്തയിലും മുറ്റത്തും അങ്ങിങ്ങായിക്കിടന്ന പാത്രവും മറ്റും വൃത്തിയാക്കിക്കൊണ്ടേ സംഭാഷണവും തുടര്‍ന്നു. ഞാനും പതിയെ പോയി അവരോടൊത്ത്‌ ഉപവിഷ്ടനായി.
ഭരതേട്ടന്‍ ചന്ദ്രനെ അടുത്തു്‌ വിളിച്ചു രൂപ വെച്ചിരുന്ന കവര്‍ കൈയ്യില്‍ കൊടുത്തു. ചന്ദ്രന്റെ മുഖഭാവം മാറി. മുഖം വാടി. ജീവിതാശകള്‍ തകര്‍ന്ന ഒരു മനുഷ്യന്റെ മുഖം പ്രത്യക്ഷമായി. മ്ലാനതേജസ്സായി നില്‍ക്കുന്നൂ ചന്ദ്രന്‍ രുക്കുവിനെ വിളിച്ചു. ആ കവര്‍ അവളുടെ കൈയില്‍ക്കൊടുത്തു.

"ചേട്ടാ ഇതെന്താണു്‌?" രുക്കു ചോദിച്ചു.

സംഗതി എന്താണെന്നറിഞ്ഞും അറിയാത്തതു പോലെ ഭാവിച്ചു ഭരതേട്ടന്റെ നേരെ കൈ നീട്ടിക്കൊണ്ട്‌ ചന്ദ്രന്‍ പറഞ്ഞു,
"അവിടെ ചോദിക്കൂ."

കവര്‍ ടീപോയിമേലെ വെച്ചു രുക്കു ഉള്ളേ പോയി.
അതേ സ്പീഡില്‍ ഒരു പ്ലേറ്റില്‍ അവിലുമായി തിരിച്ചു വന്നു.

"ദാ ഇപ്പോ ചായ കൊണ്ടുവരാം"

വീണ്ടും അകത്തോട്ട്‌ പോയി. പ്ലേറ്റില്‍ നിന്ന്‌ ഒരുപിടി അവില്‍ വാരിയെടുത്ത്‌ ഭരതേട്ടന്‍ വായിലിട്ടു. കൂട്ടിനു്‌ ഞാനും. ഫസ്റ്റ്‌ക്ലാസ്‌ അവില്‌! വീണ്ടും ഒരുപിടി വാരിയെടുത്ത്‌ വായിലോട്ടെറിയാന്‍ മുതിര്‍ന്നപ്പോള്‍, അകത്തുനിന്നും ചാടി വന്നു ഒരു സ്ത്രീ. പ്രായമുള്ള സ്ത്രീ. ഭരതേട്ടന്റെ കൈയില്‍ കടന്നുപിടിച്ചു. ആ സ്ത്രീ പറയുന്നു:

"ഭഗവന്‍, ഇനി മതിയാക്കൂ. അങ്ങയുടെ ഭക്തന്‌ എത്രത്തോളം സമ്പത്തുണ്ടാകണമോ, ദേവന്മാര്‍ക്കുപോലും ദുര്‍ലഭമായ ആ സമ്പത്ത്‌ ഒരുപിടി അവില്‍ ഭക്ഷിച്ചതുകൊണ്ട്‌ ഭക്തനായ ബ്രാഹ്മണശ്രേഷ്ഠന്‌ സിദ്ധിച്ചിരിക്കുന്നു. അങ്ങ്‌ ഒരുപിടി അവില്‍ ഭക്ഷിച്ചതുകൊണ്ടു മാത്രം പരമ സാത്വികനായ ഈ ഭക്തന്‌ മോക്ഷം പോലും സിദ്ധിച്ചിരിക്കുന്നു. അരുതു്‌ ഇനി ഭക്ഷിക്കരുതു്‌."

"അമ്മേ, എന്താണു അമ്മ പറയുന്നത്‌! ഇതു ഞാനാണു്‌. നിങ്ങളുടെ മകന്‍. ഭരതന്‍."
ഗദ്ഗദത്താല്‍ വാക്കുകള്‍ ഇടറുന്നൂ.

അമ്മയുടെ ഇരുകൈകളും മാറില്‍ച്ചേര്‍ത്തുപിടിച്ചു കൊണ്ട്‌ വാവിട്ടു കരയുന്നൂ ആ കൊച്ചുകുട്ടി.

9 comments:

Raghavan P K said...

അമ്മയുടെ ഇരുകൈകളും മാറില്‍ച്ചേര്‍ത്തുപിടിച്ചു കൊണ്ട്‌ വാവിട്ടു കരയുന്നൂ ആ കൊച്ചുകുട്ടി.

പെരിങ്ങോടന്‍ said...

രാഘവേട്ടനു് ഇങ്ങനെയും ചില പരിപാടികള്‍ അറിയാമല്ലേ. കൊള്ളാം.

ദിവ (diva) said...

Touching, Raghavetta...

:)

(sorry for using English)

കലേഷ്‌ കുമാര്‍ said...

ടച്ചിംഗ്!
നന്നായിട്ടുണ്ട് രാഘവേട്ടാ!

കുറുമാന്‍ said...

ഹെല്‍മെറ്റാവശ്യമില്ലാത അദ്ദേഹത്തിന്റെ തല ഒരു പോറലുമേല്‍ക്കാതേ വെടിക്കെട്ടിന്റെ അവസാന രംഗം വരെ താക്ക്‌ പിടിച്ചു. സ്റ്റോക്ക്‌ തീര്‍ന്നു കാണും. ഗ്രാന്റ്‌ ഫൈനലായി ഒരു പൂക്കുറ്റിയില്‍നിന്നും അഗ്നിപുഷ്പങ്ങള്‍ വീഴുന്നതു പോലെ കുറെ അവിലിന്‍ ദളങ്ങള്‍ പുഷ്പവൃഷ്ടിയായി ഭരതേട്ടനെ എതിരേറ്റു - കൊള്ളാലോ രാഘവേട്ടാ, രുക്കു സ്നേഹമയിയായ ഉത്തമ ഭാര്യ തന്നെ.

Sul | സുല്‍ said...

രാഘവേട്ടാ,

നല്ല അവതരണം, നല്ല കഥ, നല്ല ശൈലി.
ഇഷ്ടപ്പെട്ടു.

-സുല്‍

മുരളി വാളൂര്‍ said...

രാഘവേട്ടാ... കൊള്ളാല്ലോ കഥ... നന്നായിട്ടുണ്ട്‌, രസിച്ചു....

മുസാഫിര്‍ said...

നന്നായിരിക്കുന്നു രാഘവേട്ടാ.ഈ ഭരതെട്ടന്‍ ഒരു സ്ഥിരം കഥാപാത്രമാണെന്നു തോന്നുന്നു ?

കരീം മാഷ്‌ said...

പല ഇതിഹാസങളിലും അറബിക് ഖിസ്സ കളിലും അവിലിനെക്കുറിച്ചു പ്രതിപാദിച്ചു കന്റിട്ടുണ്ട്‌.കൊയ്തും മെതിയും കഴിഞ്ഞാല്‍ അന്നു ഞങളുടെ തറവാട്ടിലും ഗംഭീര അവിലുകൊഴയുണ്ടാവുമായിരുന്നു.ഇന്നതൊക്കെ ഓരമ്മയായി.പാടത്തും പല്ല്യാളിയിലും മണ്ണിട്ടു വാടകപ്പുരകളായി.