Thursday, November 09, 2006

അംബ

അഭ്യസ്തവിദ്യരുടെ തൊഴില്ലായ്മ നാട്ടില്‍ കൊടികുത്തി വാഴുന്ന കാലം. പ്രഗല്‍ഭരായ എന്റെ സഹപാടികളും സുഹ്രുത്തുക്കളും കഴുത്തില്‍ ടൈയ്യും, മെയ്യില്‍ ടെര്‍ലിന്‍ ഷര്‍ട്ടും, കാല്‍ക്കുഴലിനു കീഴെ ഒരു ജോടി ഷൂവും, വായ്‌ നിറയേ പൊയ്യുമായി ജോലി അന്വേഷിച്ചു്‌ പട്ടണങ്ങളിലും പട്ടിക്കാട്ടിലും അലയുന്ന സമയം. എനിക്ക്‌ ഏതാണ്ട്‌ ഒരു ജോലി ശരിയാവുന്ന ലക്ഷണം. ഈ സന്തോഷ വാര്‍ത്ത കൈമാറാന്‍ പറ്റിയ ഒരു കുടുംബം ഉണ്ടങ്കില്‍ അതു ഭരതേട്ടന്റെതു മാത്രമാണു്‌. അതെന്താ അങ്ങിനെ? 'A friend in need is a friend indeed!'കേട്ടിട്ടില്ലെ,അതുതന്നെ. 'അകത്തു കത്തിയും പുറത്തു പത്തിയുമായിട്ടുള്ള' എന്റെ സ്വന്തക്കാരും ബന്ധക്കാരും പലപ്പോഴും കീറാമുട്ടികളായിരുന്നു. ഉപകാരത്തിലേറെ ഉപദേശവും ഉപദ്രവവും.

അതുമിതും ചിന്തിച്ച്‌ തല പുണ്ണാവുന്നതിനു മുന്‍പേ ഞാന്‍ മെല്ലെ ഇറങ്ങി നടന്നു. സുശീലേച്ചി സുസ്മേരവദനയായി പൂമുഖത്തു തന്നെയിരിപ്പുണ്ട്‌. എന്നെ കണ്ടു്‌ രണ്ടേ രണ്ടു നിമിഷം ആയിട്ടുണ്ടാവില്ല. നോക്കൂ, ദാ ചായയും പലഹാരവും ടീപോയിമേലെ നിരന്നു!

പ്ലെയിറ്റിലുള്ള അവസാനത്തെ നെയ്യപ്പവും എന്റെ കയ്യില്‍നിന്ന് അപ്രത്യക്ഷമായി! കയ്യില്‍ പുരണ്ട വെളിച്ചെണ്ണ 'പലതുള്ളി-പെരുവെള്ളമായി' മാറുന്നതിനു മുന്‍പുതന്നെ കാലിലും കൈകളിലും നന്നായി തടവി മിനുക്കി. ആവി പറക്കുന്ന ചായ കുടിക്കുന്നതിനിടയില്‍ ഭരതേട്ടന്‍ കയറി വന്നു. രണ്ടാമത്തെ കപ്പെടുത്തു ചേച്ചി ഭരതേട്ടന്റെ കയ്യില്‍ കൊടുത്തു.
"രണ്ടു കപ്പല്ലെ ചായ കാണുന്നുള്ളൂ. സൂ, നീ കുടിച്ചോ ചായ?" സ്നേഹം വടിഞ്ഞൊഴുകിയ ചോദ്യം.
"ഓ. ഞാനിപ്പോ കുടിച്ചതേയുള്ളു."
(പാവം ചേച്ചി! എന്താ പാവം? ത്യാഗം ചെയ്തതു പോരേ കള്ളം പറയണോ?)
"ഞാനാ മെക്കാനിക്ക്‌ മോഹന്റെ ഷെഡ്‌ വരേ പോയതാ. ഓനാടീല്ല."
"മെക്കാനിക്കിന്റെ അവശ്യം?" സംഗതി അറിയാന്‍ ഞാന്‍ തോക്കിനകത്തോട്ട്‌ വെടിവെച്ചു.
"ഞാനൊരു 'അംബ' കച്ചോടാക്കീട്ടുണ്ട്‌. അതൊന്നു ഷെഡ്ഡിന്നെറക്കണം"
"അത്ര പഴയതാണോ ഭരതേട്ടാ?" ഞാന്‍ സംശയനിവര്‍ത്തിക്കായി ചോദിച്ചു.
"കുറച്ചു പഴയതു തന്നെ. എന്നുവെച്ചു അത്ര വളരെ പഴയൊതൊന്ന്വുല്ല."
അങ്ങിനെ ഭരതേട്ടന്‍ അംബയുടെ ഉത്ഭവ കഥ പറയാന്‍ തുടങ്ങി.
"രാഘവനറ്യോ, തൊള്ളായിരത്തമ്പതിലാണു്‌ അംബ ആദ്യമായി ഇന്ത്യയില്‍ കാലു കുത്തിയത്‌. Morris Oxford രണ്ട്‌, മൂന്നു എന്നീ മോഡല്‍സാണു ആദ്യം ഇറക്കിയത്‌. ഇവിടെ അതു Landmaster-ന്നാ അപ്പോ പറയ്യ്‌വാ. അമ്പത്തേഴായപ്പോളേക്കും പേര്‌ Ambassador-ന്നാക്കി. ഫസ്റ്റ്‌ ക്ലാസ്സ്‌ വണ്ടി. മന്ത്രിമാരും തന്ത്രിമാരും പിന്നെ 'അംബയും അമ്പിയും' ഒക്കെ ഉണ്ടങ്കിലേ പൊറത്തെറങ്ങൂന്നായി. അതിന്റെ ഫ്രന്റ്‌ നോക്ക്‌, എന്തു രസാണു ആ ഗ്രില്ല് കാണാന്‍."

ആന വരുന്നതിനു മുന്‍പേ കേള്‍ക്കുന്ന മണിയൊച്ചപോലെ ഭരതേട്ടന്‍ അംബപ്പുരാണം പറഞ്ഞു തീരുന്നതിനിടയില്‍ സുശീല ചേച്ചിയുടെ അതൃപ്തി പ്രകടനംഃ

"രാഘവാ, ഞാനന്നേരേ പറഞ്ഞതാ നമുക്കൊരു 'പ്രമീയറോ' 'പദ്‌മിനിയോ' ഒക്കെയാ നല്ലതെന്നു്‌. അന്നേരം ഓറെന്നെ കളിയാക്കി. ഇപ്പോ പത്തു ദിവസായി മെക്കാനിക്കിനീം പെയിന്ററീം തേടി നടക്ക്വാ."

ഉരുളക്കുപ്പേരി പോലെ ഭരതേട്ടന്റെ പ്രതികരണംഃ

"ഞാന്‍ ഒരു സുശീലയെക്കൊണ്ടേ സഹികെട്ടുനടക്കുമ്പം വെറൊരു പദ്‌മിനി ഇവിടെ ശരിയാവ്വോ, നീ തന്നെ പറയൂ മോനേ?"
തമാശയിലൂടെ പറഞ്ഞ കാര്യം സുശീലേച്ചിയെ കിടിലം കൊള്ളിച്ചു. രോഷാകുലയായ ചേച്ചിയുടെ അപ്പോഴത്തെ തലവെട്ടിച്ചുള്ളൊര്‌ നോട്ടം! എന്റെ ഈശ്വരാ, അബദ്ധത്തിലെങ്ങാനും ദൈവം സ്ത്രീകള്‍ക്കു ഒരു നെറ്റിക്കണ്ണു കൊടുത്തിരുന്നെങ്കില്‍ എന്തായിരിക്കും ഭരതേട്ടന്റെ സ്ഥിതി? എന്റെ മനസ്സില്‍ ഒരു പിണര്‍ പോലെ ആ സീന്‍ മിന്നി മറഞ്ഞു. വെളിയില്‍ ആകാശത്ത്‌ സൂര്യന്റെ പ്രകാശം വളരെ കുറഞ്ഞു.

നെയ്യപ്പത്തിന്റെ മാധുര്യവും ചായയുടെ ചൂടും നാക്കില്‍ വെച്ചുകൊണ്ടു എങ്ങനയാ ഭരതേട്ടനെ ന്യായീകരിക്കുക? കരയിലിട്ട മീനെപ്പോലെ എന്റെ മനസ്സ്‌ ഒന്നു പിടഞ്ഞു.

"ഹാ....! ഞാന്‍ പറയാന്‍ വന്ന കാര്യം മറന്നു." എനിക്കു്‌ വിഷയം മാറ്റാന്‍ ഒരു പഴുത്‌ കിട്ടി.

ഞാനും പച്ചപിടിക്കാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ ആ ദമ്പതികള്‍ഇരുവരുടെ 'മൂഡും' പഴയ ഫോമിലേക്കു തിരിച്ചു വന്നു. മാനത്ത്‌ കാര്‍മേഘക്കൂട്ടത്തില്‍ ഒളിച്ചിരുന്ന സൂര്യനും ഭൂമിയിലോട്ട്‌ നോക്കി മന്ദഹസിച്ചു.

8 comments:

വിഷ്ണു പ്രസാദ് said...

ലളിതമായ കാര്യങ്ങളില്‍ ഒളിച്ചിരിക്കുന്ന ജീവിതത്തിന്റെ സൌന്ദര്യം
മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു.

Kiranz..!! said...

അംബയെന്ന ടൈറ്റില്‍ കണ്ടപ്പോള്‍ ,നമ്മുടെ ഭീഷ്മരണ്ണന്‍ വഴിയാധാരമാക്കിയ ചേച്ചിയുടെ കാര്യമാ ഓര്‍മ്മ വന്നത്..ഇതാണു സിമ്പിള്‍ കഥ..ഇഷ്ടപ്പെട്ടു മാഷേ..!

പാര്‍വതി said...

നല്ല കഥ...ഒത്തിരി ഇഷ്ടമായി..ലളിതമായി തന്നെ പറഞ്ഞിരിക്കുന്നു.

-പാര്‍വതി.

വേണു venu said...

ലളിതം തിരുമധുരം.
നല്ല കഥ.

Raghavan P K said...

സഹ്രുദയരെ ഈ പോസ്റ്റിലേക്കു വന്ന് വായിച്ചു കമന്റെഴുതാന്‍ കാണിച്ച സ്നേഹത്തിനും അഭിനന്ദനത്തിനും എന്റെ നമോവാകം.

ശിശു said...

ലളിതമായ ആഖ്യാന ശെയിലി, സരസമായ വിവരണം, മൂന്നു കഥാപാത്രങ്ങള്‍ക്കും ജീവനുണ്ട്‌,
നല്ല കഥ, പോരാ, വളരെ നല്ലകഥ.
തുടര്‍ന്നും എഴുതണം.

സു | Su said...

കഥ നന്നായിട്ടുണ്ട്. പാട്ടിഷ്ടപ്പെടുന്ന ഭരതേട്ടന്‍ തന്നെയല്ലേ ഇതും ?

Raghavan P K said...

പാട്ടിഷ്ടപ്പെടുന്ന ഭരതേട്ടന്‍ തന്നെയല്ലേ ഇതും ?
അതേ ഭരതേട്ടന്‍ തന്നെ.
സു-വിനും,ശിശുവിനും എന്റെ നന്ദി.