Monday, November 06, 2006

പാട്ടുകാരന്‍

ആഫ്രിക്കയില്‍ 'ഉഗണ്ടാ'യിലായിരുന്നു, ഭരതേട്ടന്‍. ഇടി അമീനിന്റെ അടിയും ഇടിയും സഹിക്കാന്‍ വയ്യാതായപ്പോള്‍ ആ നാടു വിട്ട്‌ ഓടിപ്പോന്നതാ. സര്‍വ്വവും അവിടെ ഉപേക്ഷിച്ച്‌ ജീവനും കൊണ്ടാണോടിയത്‌. എന്നിരുന്നാലും തന്റെ സന്തതസഹചാരിയായിരുന്ന ഒരു സാധനം മാത്രം, അതേ ആ റേഡിയോ, അവിടെ വിട്ടോണ്ട്‌ പോരാന്‍ പുള്ളിക്ക്‌ മനസ്സില്ലായിരുന്നു. ഡള്ളസ്‌ സായിപ്പ്‌ ആഫ്രിക്ക വിടുമ്പോള്‍ കൊടുത്ത സമ്മാനം. തന്നെ പാട്ടു പാടുമ്പോഴെല്ലാം പ്രോല്‍സാഹിപ്പിച്ച ഒരേ ഒരു വ്യക്തിയാണ്‌ സായിപ്പ്‌. ആ നല്ല മനുഷ്യനെ എങ്ങിനെ മറക്കും ? അതുകൊണ്ടുതന്നെ വളരെ കഷ്ടപ്പാടുകള്‍ സഹിച്ച്‌ കെട്ടിപ്പേറി എങ്ങിനേയോ അത്‌ നാട്ടില്‍ കൊണ്ടു പോന്നത്‌.

പഴയ ഒരു വീടാണ്‌ ഭരതേട്ടന്റെത്‌. കഷ്ഠിച്ചു താമസിക്കാനുള്ള സൌകര്യമേയുള്ളു. ആ റേഡിയോ വെക്കാന്‍ ഒരു ഇടം ശരിയായിട്ടില്ല. പത്തായം പേറിക്കോണ്ടാ ഇദ്ദേഹം നാട്ടില്‍ വന്നതെന്ന് നട്ടുകാരൊക്കെ കളിയാക്കി. ഞാനും കണ്ടു ആ സാധനം. ഒരു 'മിനി-പത്തായം' തന്നെ. എങ്കിലും 'old is gold' എന്നാണല്ലോ പ്രമാണം. കുറച്ചു ദിവസമായിട്ടു അതവരുടെ ഡൈനിംഗ്‌ ടേബിള്‍മേലെ പ്രതിഷ്ഠിച്ചിരിക്ക്വാ. മദ്ദളക്കാരന്റെ മടിയിലൊതുങ്ങാത്ത മദ്ദളം പോലെ അതു തീന്‍മേശയുടെ ഇരു വശത്തെ വ്യോമാതിര്‍ത്തികളും ലങ്കിച്ച്‌ നില്‍ക്കുന്നത്‌ ഗൃഹലക്ഷ്മിയുടെ അമര്‍ഷത്തിനും അപകര്‍ഷത്തിനും കാരണമാകുന്നുണ്ട്‌. ഭാര്യ സുശീലയാണെങ്കിലും അങ്ങോര്‍ക്ക്‌ പിടിക്കാത്ത ഒരു സംഗതി ഉണ്ടെങ്കില്‍ അതു noice pollution മാത്രമാണ്‌. അമ്പതൊക്കെ താണ്ടിയിട്ടും സന്ദ്യാനേരത്തു ഭരതേട്ടന്റെ സിനിമാ ട്യൂണ്‍ കേട്ടാല്‍ ഏതു സുശീലയാ ദുശ്ശീലയാകാതിരിക്ക്വാ! സുശീലേച്ചി കഴിഞ്ഞ കുറച്ചു ദിവസമായി ഈ റേഡിയൊവില്‍നിന്നുമുള്ള അപശബ്ദം കേട്ടു പലതവണ കുക്കര്‍ ഓഫാക്കാന്‍ അടുക്കളയിലേക്കു തന്റെ ശരീരഭാരം കണക്കിലെടുക്കാതെ ഓടിപ്പോയിട്ടുണ്ട്‌. അതു കാണുമ്പോളൊക്കെ സ്റ്റാര്‍ട്ടിംഗ്‌ ട്രബിളുള്ള ചവര്‍ലെറ്റ്‌ എഞ്ചിന്‍ പോലെ കുലുങ്ങിക്കുലുങ്ങിച്ചിരിക്കുന്നു ഭരതേട്ടന്‍!

‍ ഏറിയല്‍ ഉയര്‍ത്തിക്കെട്ടിയാല്‍ അപസ്വരം ഒഴിവാക്കി സംഗീതത്തിന്റെ സ്വരമാധുര്യം കൂട്ടാമെന്ന ഒരു ആശയം മനസ്സിലോട്ടു കടന്നുവന്നിട്ട്‌ കുറച്ചു നേരമായി. ഗൃഹമന്ത്രിയുടെ സമ്മതമ്മില്ലാതെ പുരക്കകത്തോ പുറത്തോ ഒരു കാര്യവും ചെയ്യാറില്ല. പാട്ടു കേള്‍ക്കാനുള്ള ഭ്രാന്ത്‌ കൂടിയപ്പോള്‍ സീനിയര്‍ മോസ്റ്റായിട്ടുള്ള തെങ്ങേല്‍ അതങ്ങു നടപ്പിലാക്കി. ചേച്ചി പതിവു പോലെ അന്നത്തെ ക്വോട്ട അലക്കു കഴിഞ്ഞ്‌ തുണി ആറീടാനായ്‌ വന്നപ്പോള്‍ അഴ കാണുന്നില്ല. പറമ്പു മുഴുവന്‍ തേടി നോക്കിയപ്പം അതു പീറ്റത്തെങ്ങിന്റെ തലമണ്ടക്ക്‌ കീഴില്‍ കിടക്കുന്നു. അലറിയടിച്ചു കൊണ്ടു ഓടി അകത്തോട്ട് വന്നപ്പോള്‍ ഇവിടേ ഭരതേട്ടന്‍ റേഡിയൊവില്‍നിന്നും വരുന്ന അതിമധുരമായ ഒരു പാട്ടു സ്വയം മതിമറന്നാസ്വദിച്ചു കൊണ്ടിരിക്കുകയാണു്‌.
"..............
എങ്കിലുമെന്നോമലാള്‍ക്ക്‌
താമസിക്കാനെന്‍ കരളില്‍
തങ്കക്കിനാക്കള്‍ കൊണ്ടൊരു
താജ്‌മഹല്‍ ഞാനൊരുക്കാം."

"ഓ അങ്ങിനെയാണോ? ഇവിടെ തജ്‌മഹല്‍ ഒരുക്കുവാ, ഞാനവിടെ തുണി ആറീടാന്‍ അഴയില്ലാണ്ട്‌ ചത്ത്‌ ചാമ്പലാവ്വ്വാ. നിങ്ങള്‍ക്കു വേറെ പണീയൊന്നുമില്ലേ ? "
ഇത്രയും പറഞ്ഞു റേഡിയൊവിന്റെ ഏറിയല്‍ കണക്‌ഷന്‍ പിടിച്ചൊരു വലി. കള പിഴുതെറിയും പോലെ വലിച്ചൊരേറും,മുഖത്തേക്ക്‌. അപ്പോഴും സൌമ്യത കൈവെടിയാതെ ഭരതേട്ടന്‍ ചേച്ചിയെ നോക്കി തുടര്‍ന്ന് മൂളുകയാണ്‌:
"പ്രാണസഖി ഞാന്‍ വെറുമൊരു
പാമരനാം പാട്ടുകാരന്‍......"

അതാണ്‌ ഭരതേട്ടന്‍!

11 comments:

കുട്ടന്മേനൊന്‍::KM said...

നന്നായിരിക്കുന്നു രാഘവേട്ടാ..

Sul | സുല്‍ said...

:)

സു | Su said...

ഭരതേട്ടന്റെ കഥ നന്നായി. :)

വിഷ്ണു പ്രസാദ് said...

നല്ല ഭരതേട്ടന്‍ ...

ഇത്തിരിവെട്ടം|Ithiri said...

അസ്സലായി

വേണു venu said...

അമ്പതൊക്കെ താണ്ടിയിട്ടും സന്ദ്യാനേരത്തു ഭരതേട്ടന്റെ സിനിമാ ട്യൂണ്‍ കേട്ടാല്‍ ഏതു സുശീലയാ ദുശ്ശീലയാകാതിരിക്ക്വാ!
രാഘവ് മാഷേ, ഇഷ്ടപ്പെട്ടൂ ഭരതേട്ടനെ.

പാര്‍വതി said...

എന്നാലും പാട്ടിനെ പ്രണയിക്കുന്ന ഭരതേട്ടന് പാട്ടേ രുചിക്കാത്ത ചേച്ചി, ഇതെന്താ എല്ലാ ജോഡികളും ഇങ്ങനെ ആയി പോവുന്നത്..

-പാര്‍വതി.

Raghavan P K said...

ഈ ‘ബ്ലോഗ്-പോസ്റ്റ്‘ വായിക്കാനും കമന്റെഴുതാനും സന്മനസ്സ് കാണിച്ച എല്ലാ സഹോദരീ- സഹോദരന്മാര്‍ക്കും എന്റെ നന്ദി.

കലേഷ്‌ കുമാര്‍ said...

ഇവിടെ ആദ്യമായിട്ടാ...

നന്നായിരിക്കുന്നു!

മുസാഫിര്‍ said...

പാവം ഭരതേട്ടന്‍ ,നന്നായിരിക്കുന്നു രാഘവേട്ടാ.

മുരളി വാളൂര്‍ said...

എന്റെ ഭരതരാഘവേട്ടാ......
ഇവിടെ സംഗീതമനുവദിക്കൂ... എന്ന പാട്ടുപാടി നോക്കിയാലോ.....
ഭരതേട്ടന്‍ നന്നായിരിക്കുന്നു....