Tuesday, October 17, 2006

ട്രാഫിക്ക്‌ ജാം

അതിഥികള്‍ സ്വന്തക്കാരോ നാട്ടുകാരോ ആണെങ്കില്‍ ഒരു സര്‍ക്കീറ്റടിച്ച്‌ 'വണ്ടി കേറ്റി വിടുക' ഒരു പതിവായിത്തീര്‍നിരിക്ക്വാ. ആദ്യമൊക്കെ എഗ്മൂറിലുള്ള മ്യൂസിയത്തിലോട്ടാണ്‌ കൊണ്ടുപോകാറ്‌. ഉള്ളേ കയറ്റിവിട്ടാല്‍ വെളിയേ വരാന്‍ മൂന്ന്-നാല്‌ മണിക്കൂറാകും. ആയിടക്ക്‌ അല്ലറ-ചില്ലറ ജോലികളൊക്കെ ചെയ്യാന്‍ പറ്റും. ഈപ്പോ ആര്‍ക്കും മ്യൂസിയത്തോട്‌ അത്ര താല്‍പ്പര്യമില്ല. അതു കൊണ്ടാ ബീച്ചിലേക്കൊന്നു കൊണ്ടു പോകാമെന്ന് വിചാരിച്ചത്‌. മെറീനായുടെ ഒരറ്റം ഇറക്കി വിട്ടാല്‍ മറ്റേ അറ്റത്തെത്തുമ്പോഴേക്കും തിരിച്ചു പോകാനുള്ള വണ്ടിക്ക്‌ സമയമാകും. അതിലും കാര്യമുണ്ട്‌. ട്രെയിന്‍ പിടിക്കാന്‍ സമയത്തിനു ബീച്ച്‌ വിട്ട്‌ പോയാല്‍ മതി. ലേറ്റാവൂന്ന് പറഞ്ഞാ ഹോട്ടല്‍ ബില്ലും ഷോപ്പിംഗ്‌ ബില്ലും ലാഭിക്കാം.എവിടെയോ ഒരു ട്രാഫിക്ക്‌ ജാം. കുപ്പിയിലാണങ്കില്‍ ജാം എല്ലാവര്‍ക്കും ഇഷ്ടപ്പെടും. അതു റോട്ടിലായാലോ? വെള്ളക്കുപ്പായക്കാരന്‍ പൊലീസിന്റെ മുദ്രക്കൊത്തവാറ്‌ മുന്നോട്ട്‌ പോയി. ഇടം വലം അങ്ങിനെ ഒന്നു രണ്ടു കറങ്ങിയപ്പ്പ്പോ സംഗതി കുലുമാലായി. വാഹനം ഒരു ഓരം കെട്ടി അടുത്തു കണ്ട 'പൊട്ടി'ക്കടക്കാരനോട്‌ ചോദിച്ചു:
"അണ്ണേ, ബീച്ച്‌ക്ക്‌ ഇപ്പടി പോലാമാ?"
"ആമാ സാര്‍, പോലാം. ആമാ, നീങ്ക എത്‌ക്ക്‌ അവ്വളവ്‌ ശുത്‌റീങ്കെ ? അതോ പാറുങ്കോ അത്താ 'അമ്പട്ടന്‍ ബ്‌റിജ്ജ്‌.' നേരാ പോയി അപ്പടിയേ തിരുമ്പുങ്കോ. അത്‌താ റൊമ്പ ഈസി."
"റൊമ്പ നന്‍റീങ്കെ."
അങ്ങിനെ നന്ദി പറഞ്ഞു മുന്നോട്ടു പോയി.
അതിഥികള്‍ക്ക്‌ ചിരി അടക്കാന്‍ കഴിയാതായി. ഞാന്‍ കര്യം തിരക്കി.
"അവന്റെ തമിഴ്‌വര്‍തതമാനം കേട്ടിട്ടാ. അതോ പാറുങ്കോ അത്താ അമ്പട്ടന്‍ ബ്‌റിജ്ജ്‌. എന്തോന്നാ ഈ അമ്പട്ടന്‍ ബ്‌റിജ്ജ്‌ ?!"
"ഓ അത്‌ ഈ പാലം കണ്ടില്ലേ, അതിന്റെ പേരാ." ഞാന്‍ വിശദീകരണം തുടര്‍ന്നു
"കൊളോണിയല്‍ ഭരണത്തിന്റെ ഒരു അവശിഷ്ടം. നാട്ടുകാരിന്നും പറയുന്ന പേരാണത്‌.
'ബാര്‍ബേര്‍സ്‌ ബ്രിഡ്ജ്‌' എന്നാ വെള്ളക്കാരന്‍ പറയാറ്‌. പിന്നീടത്‌ ഹാമില്‍ടണ്‍ ബ്രിഡ്ജ്‌ എന്നാക്കി. ചെന്നൈ കോര്‍പറേഷനില്‍ ഹാമില്‍ടണ്‍ ബ്രിഡ്‌ജ്‌ എന്നു തന്നെയാ ഇപ്പോഴും അറിയപ്പെടുന്നത്‌. എന്നാല്‍ ഏതു ഹാമില്‍ടണന്റെ ഓര്‍മ്മക്കാണ്‌ ഈ പേര്‌ കൊടുത്തിട്ടുള്ളത്‌ എന്ന കാര്യത്തില്‍ വ്യക്തമായ ചരിത്ര രേഖകളോന്നും തന്നെ ഇതുവരെ കണ്ടെടുത്തിട്ടില്ല."
എന്റെ മനസില്‍ ഒരു സംശയം. അമ്പട്ടന്‍ എന്നാല്‍ അത്ര ചിരിക്കാനെന്തിരിക്കുന്നു? മലയാളത്തിലും ഇതെ വാക്ക്‌ പ്രയോഗത്തിലുണ്ടല്ലോ? ക്ഷുരകവൃത്തിയിലേര്‍പെട്ടവരേയാണു ഇ വാക്കുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഓരു കാലത്ത്‌ ഇവര്‍ വൈദ്യവൃത്തിയും അനുഷ്ത്തിച്ചിരുന്നു. അതുകൊണ്ട്‌ മലയാളത്തില്‍ അംബിഷ്ഠന്‍ എന്നായിരിക്കണം ശരി. രസം കൊല്ലി ആവരുതെന്നു കരുതി ഞാന്‍ നിശ്ശബ്ദത പാലിച്ചു.
ചുറ്റിക്കറങ്ങി സ്റ്റേഷനില്‍ എത്തുന്നത്‌ പ്രതീക്ഷിച്ചതു പോലെ വൈകിയാണ്‌. പ്ലാറ്റ്‌ഫോം ടിക്കറ്റിനുള്ള ക്യൂ നീണ്ടു കിടക്കുന്നു. ടിക്കറ്റ്‌ വെണ്ടിംഗ്‌ മെഷീന്‍ പതിവു പോലെ സമരത്തിലും. വിരുന്നുകാര്‍ വെപ്രാളപ്പെട്ട്‌ ട്രെയിന്‍ പിടിക്കാന്‍ ഓടി.
സന്തോഷം. ആ ചിലവും മിച്ചം തന്നെ!

6 comments:

ലാപുട said...

രാഘവേട്ടാ..
“കുപ്പിയിലാണങ്കില്‍ ജാം എല്ലാവര്‍ക്കും ഇഷ്ടപ്പെടും. അതു റോട്ടിലായാലോ?” ഇതുകൊള്ളാം....പിന്നെ വളരെ പ്രസക്തമായ ഒരു കാര്യം നിങ്ങള്‍ പറഞ്ഞിരിക്കുന്നു...ഏത് തൊഴിലിനും അതിന്റേതായ മാന്യതയും അന്തസ്സുമുണ്ടെന്ന് അംഗീകരിക്കുന്നതില്‍ ഈ കാലത്ത് പോലും നമ്മളില്‍ പലരും വിമുഖരാണെന്ന വാസ്തവം...

Raghavan P K said...

ചുരുങ്ങിയ കാലയളവില്‍ ബൂലോഗത്തിനു വളരെ സംഭാവന ചെയ്ത ലാപുട-ക്ക്‌ എന്റെ ബിഗ് തേങ്ക്സ്!

കിച്ചു said...

അമ്പിട്ടന്‍ എന്നാല്‍ ക്ഷൂരകന്‍ എന്നൊരര്‍ത്ഥം മലയാളത്തിലുണ്ട് കൊള്ളാം തമിഴനെ നിങ്ങള്‍ അപമാനിക്കുന്നില്ല. പകരം അവരെ ബഹുമാനിക്കുന്നു. നല്ലത് സുഹൃത്തേ..

പയ്യന്‍സ് said...

രാഘവേട്ടന്‍ said
"മലയാളത്തില് അംബിഷ്ഠന് എന്നായിരിക്കണം ശരി."


സംസ്കൃതത്തില്‍ അംബിഷ്ഠന്‍ എന്നായിരിക്കും ശരി. മലയാളത്തില്‍ അംപട്ടന്‍ തന്നെ. ശബ്ദതാരാവലിയിലും ഉണ്ട് അംപട്ടന്‍. മലയാളമാകണമെങ്കില്‍ ഇത്തിരി കൊനട്ടു പിടിച്ച പ്രയോഗമാകണം എന്ന തോന്നല്‍ പൊതുവേ ഉള്ളതാണ്. അതു കൊണ്ടാണ് കൊനട്ടിനെ കൊനഷ്ടാക്കുന്നത്. കോട്ടി എന്നത് ഗോഷ്ടി എന്നാക്കുന്നത്. അംപട്ടന്‍ സിന്ദാബാദ്

Raghavan P K said...

ബൂലോഗത്തിലെ വിടരുന്ന പൂവാ‍ണ് കിച്ചു.എന്റെ നന്ദി.
പയ്യന്‍സ്-നൊപ്പം ഞാനും ഉണ്ട്‌ സിന്ദാബാദ് വിളിക്കാന്‍.മനുഷ്യത്വം എല്ലായിടത്തും വളരട്ടെ!

വേണു venu said...

രാഘവന്‍ മാഷേ,
നായ്ക്കു് മീശ കിളിച്ചാലമ്പട്ടനെന്തു ഗുണം എന്നൊരു പഴഞ്ചൊല്ലു തന്നെ മലയാള്‍ത്തില്‍ ഉണ്ടല്ലോ.
“എഗ്മൂറിലുള്ള മ്യൂസിയത്തിലോട്ടാണ്‌ കൊണ്ടുപോകാറ്‌. ഉള്ളേ കയറ്റിവിട്ടാല്‍ വെളിയേ വരാന്‍ മൂന്ന്-നാല്‌ മണിക്കൂറാകും,മെറീനായുടെ ഒരറ്റം ഇറക്കി വിട്ടാല്‍ മറ്റേ അറ്റത്തെത്തുമ്പോഴേക്കും തിരിച്ചു പോകാനുള്ള വണ്ടിക്ക്‌ സമയമാകും“.
മാഷേ ജീവിച്ചു പോകാനുള്ള തത്രപ്പാടുകള്‍.
നന്നായാസ്വദിച്ചു.