Monday, October 23, 2006

കാട്ടിലെ പള്ളി

ആ പുഴ പിന്നെയും ഒഴുകി. പഴകി ദ്രവിച്ച പാലം റിട്ടയറായി. പുതിയൊരു പാലം ചാര്‍ജ്ജെടുത്തു. നട്ടുകാര്‍ക്ക്‌ ആശ്വാസമായി.
ഇതിന്നു മുന്‍പൊക്കെ പാലം കടന്നു അക്കര പോകുമ്പം 'അള്ളാന്റുമ്മോ'ന്നു പേടികൊണ്ടു പറഞ്ഞു പോകും. ഒരു ചിലര്‍ അക്കരപ്പള്ളീലെ മൂന്നുപെറ്റുമ്മയെ മനസ്സില്‍ ധ്യാനിക്കും. മറ്റു മിക്കവരും പാലം കടക്കുവോളം 'നാരായണാ'ന്നായിരിക്കും ജപിച്ചോണ്ട്‌ പോന്നത്‌. കടന്നു കഴിഞ്ഞാല്‍ തഥൈവ! പാലത്തിന്മേല്‍ നടക്കാന്‍ പേടീള്ളോര്‍ ഉമ്പായ്ക്കാന്റെ തോണീലാണു കടവു കടക്കുന്നത്‌. തലക്ക്‌ ഒരണ വാങ്ങിക്കും. ആളില്ലാത്തപ്പം ചരക്ക്‌ കടത്തും. വിശ്രമ സമയം തോണി പാലത്തിനടിയിലുള്ള മരത്തടികള്‍ക്കും തൂണിനുമിടേലായി കെട്ടി വിടും.
വര്‍ഷം ഒന്നു കഴിഞ്ഞു. അന്ന് തോണീല്‌ ചേരീം ചൂടീം നിറച്ച്‌ വെക്ക്വാ. അടുത്തനാള്‍ കാലത്തു പോവാന്‍ ഏര്‍പ്പാട്‌ ചെയ്യാണ്‌.

"മോന്ത്യായി. ബാക്കീള്ളത്‌ വെളുപ്പിനാവാം. രാത്രി ചരക്കിന്‌ കാവല്‌കിടക്കണല്ലോ. പൊരക്ക്‌ പോയി വരുമ്പം മറക്കാതെ ഒരു ലാന്തര്‍ എടുക്കണം" തോണി കെട്ടുമ്പോള്‍ ഉമ്പായ്ക്ക ഓര്‍ത്തു.

അക്കരയുള്ള ഗ്രാമം.മകരമാസക്കുളിരില്‍ ആ ഗ്രാമകന്യകയുടെ നെഞ്ചില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു കാട്ടുപ്രദേശം. നടുവിലായി ഒരു ചെറിയ പള്ളി. ഉത്സവത്തിനായി ചമഞ്ഞൊരുങ്ങി നില്‍ക്കുന്നു. പരിസരമാകെ ചന്തയും ജനക്കൂട്ടവും.അറുവട കഴിഞ്ഞ കരിമ്പിന്‍ പാടം പോലെ എവിടെ നോക്കിയാലും കരിമ്പിന്‍ കെട്ടുകള്‍. അവക്കിടയില്‍ അങ്ങിങ്ങായി കരിമ്പ്‌ പിഴിയുന്ന യന്ത്രങ്ങളും അതിന്റെ ചാറ്‌ വില്‍ക്കുന്നവരുടെ തന്ത്രങ്ങളും. അങ്ങാടിയില്‍ നിന്നും വന്നിറങ്ങിയ വലിയ വലിയ 'അലുവാ'കട്ടകള്‍ നവരത്നക്കല്ലുപോലെ വിവിധവര്‍ണ്ണങ്ങളില്‍ തിളങ്ങുന്നു. അതിനോട്‌ മല്‍സരിക്കുന്ന സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള നേന്ദ്രക്കായ വറുത്ത ഉപ്പേരിക്കൂമ്പാരം. പലയിടങ്ങളിലും വീര്‍ത്തും ചീര്‍ത്തും വണ്ണം വെച്ച പൊരിച്ചാക്കുകള്‍. ദൃഷ്ടിദോഷ പരിഹാരാര്‍ത്തം കെട്ടിവെച്ച 'പുല്ലില്‍പൊതിയനെ'പ്പോലേ കൃശഗാത്രരായ പൊരി വില്‍പ്പനക്കാര്‍. അടുത്ത്‌ റോഡില്‍ സോപ്പ്‌ ചീപ്പ്‌ കണ്ണാടി മുതല്‍ കത്തി കഠാരി കുന്തം വരെയുള്ള വജ്രായുധങ്ങള്‍ കൃഷി ഉപകരണങ്ങള്‍ എന്നു വേണ്ടാ അച്ഛനും അമ്മയുമൊഴിച്ച്‌ മറ്റെല്ലാം വില്‍ക്കുന്ന കച്ച-കപടക്കാര്‍.

നേര്‍ച്ചയുത്സവത്തിനായി വെട്ടിത്തെളിച്ച പള്ളിപറമ്പില്‍ വമ്പിച്ച തിരക്ക്‌.അവിടെ ഒന്ന്‌ നോക്കൂ. സന്തോഷത്താല്‍ തുള്ളിച്ചാടുന്ന രണ്ട്‌ കൊച്ചു കുട്ടികള്‍. പ്രിന്‍സിയും വിന്‍സിയും. അവരെ നിയന്ത്രിക്കാന്‍ പ്രയാസപ്പെടുന്ന മാത്തനെയും ത്രേസ്സ്യേം ശ്രദ്ധിക്കൂ.

"ഏടീ കൊച്ചുങ്ങള നോക്കണേ."

എന്നു പറഞ്ഞോണ്ട്‌ മാത്തന്‍ പള്ളിമുറ്റത്തേക്ക്‌ നടന്നു. കഴിഞ്ഞ കൊല്ലത്തെ ധാരുണ സംഭവാണ്‌ മാത്തന്റെ മനസ്സില്‍ നിറഞ്ഞ്‌ തുളുമ്പുന്നത്‌. എല്ലാ വര്‍ഷവും തന്റെ ഉപജീവനത്തിനുള്ള സാമഗ്രീകള്‍ വാങ്ങാനാണ്‌ ത്രേസ്സ്യാമ്മേനീം കൂട്ടി ചന്തക്ക്‌ വരാറ്‌. ദൈവ വിശ്വാസമൊന്നുമില്ലാത്ത മാത്തന്‍ ത്രേസ്യയുമായി ജീവിക്കാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും സന്താന ഭാഗ്യമൊന്നുമില്ലാതെ നിരാശനായിരുന്നു. ത്രേസ്യോട്‌ ആരാ പറഞ്ഞതെന്നറിയില്ല, ഒരു ദിവസം മാത്തന്റെ ചെവിയില്‍ അവള്‍ മന്ത്രിച്ചു:

"മൂന്നുപെറ്റുമ്മയെ നേര്‍ന്നാല്‍ കിടാങ്ങളുണ്ടാകൂം-ന്ന്"

"മൂന്നെണ്ണം ഒന്നിച്ച്‌ നിന്നെക്കൊണ്ടാവ്വ്വ്വൊ ത്രേസ്സ്യേ?"
മാത്തന്‍ കളിയാക്വായിരുന്നു. പത്തുമാസം കഷ്ഠിച്ചായതേയുള്ളൂ. മാത്തന്റെ ഇരുകൈകളിലും ഓരോ കുഞ്ഞുങ്ങള്‍!

കുട്ടികള്‍ നടക്കാന്‍ തുടങ്ങിയ ശേഷം അവരീം കൂട്ടിക്കൊണ്ടാ ചന്തക്ക്‌ വരുന്നത്‌. എന്നാല്‍ ഇത്തവണ ചന്ത കാണാനോ സാമഗ്രീകള്‍ വങ്ങാനോ വന്നതല്ല. കഴിഞ്ഞ വര്‍ഷത്തെ ചന്തയ്ക്ക്‌ വന്നുപോകുമ്പോഴുണ്ടായ അനിഷ്ട സംഭവങ്ങളുടെ ചുരൂളുകള്‍ നിവര്‍ന്നു.

അന്ന് പള്ളിപ്പറമ്പിനടുത്ത്‌ നിന്നു കൊണ്ട്‌ ത്രേസ്യ മുറുമുറുത്തു:

"എടുത്താല്‍ പൊന്താതത്ര സാധനങ്ങളായി... ഇത്രേം എടുത്തോണ്ട്‌ എങ്ങനാ.... "

"എടീ ഞാനില്ലേ കൂടേ"

"വരുമ്പം കണ്ടില്ലേ. ആ പാലം എങ്ങന കടക്കും? ഈ കൊച്ചുങ്ങളേം പിടിച്ചോണ്ട്‌ എന്നേക്കൊണ്ട്‌ വയ്യ."

"നീ ഇ കുട്ടെം തലേല്‍വെച്ചോണ്ട്‌ നട, ഞാന്‍ ഇത്‌ രണ്ടിന്റീം കയ്യ്‌ പിടിച്ചോളാം."

"ആ സഞ്ചി ആരാ എടുക്ക്വാ"

മാത്തന്‍‌ പറഞു: "നീ നട, ഞാന്‍ എടുത്തോളാം."

അവള്‍ മുന്നോട്ട്‌ നടന്നു. പിന്നാലെ മാത്തനും കുട്ടികളും.

"നേരം ഇരുട്ടി. വേഗം നട മക്കളേ. പാലം കേറുമ്പം അച്ഛന്റെ കയ്‌പിടിച്ചോ."

ആ പിഞ്ചു പൈതങ്ങള്‍ വായ്‌ നിറയേ പൊരിയും കയ്യില്‍ 'കുലുക്കിട്ട'വുമായി തുള്ളിച്ചാടി, അടിച്ചും പിടിച്ചും മാത്തന്റെ മുന്നിലും പിന്നിലുമായി സ്ഥലകാല ബോധമില്ലാതെ നിഷ്ക്കളങ്കമായി പാറിക്കളിക്കുന്ന ചിത്രശലഭങ്ങളായി മാറി.

"ദാ പാലം വന്നു."കുട്ടികളോടായി മാത്തന്‍ പറഞ്ഞു.

കൂനാക്കൂരിരുട്ട്‌. കുട്ടികള്‍ പേടിക്കാന്‍ തുടങ്ങി. മാത്തന്‍ വളരേ സാവദാനത്തില്‍ കുട്ടികളേയും കൊണ്ട്‌ നീങ്ങുന്നു. കയ്യിലുള്ള സഞ്ചി ഒരു പ്രശ്നമായിരിക്കുന്നു. അധികദൂരം ചെന്നില്ല. കുട്ടികള്‍ മരപ്പലകയില്‍തടഞ്ഞു കമിഴ്നടിച്ചു വീണു. മാത്തന്‍ സര്‍വ്വശക്തിയും സംഭരിച്ച്‌ പ്രിന്‍സിയുടെ കയ്‌ പിടിച്ചു . പ്രിന്‍സിയുടെ കയ്‌ പിടിച്ചിരുന്ന വിന്‍സി താഴോട്ടും. മാത്തന്‍ സംഭവം മനസിലാക്കുമ്പോഴേെക്കും വിന്‍സിമോള്‍ പുഴയില്‍ ഇരുട്ടില്‍ എല്ലാരോടും വിട പറഞ്ഞു കഴിഞ്ഞു.

അക്കരയിലെത്തി ചുമടുതാങ്ങിയില്‍ ഭാരം ഇറക്കി കാത്തു നില്‍ക്കുന്നൂ ത്രേസ്സ്യ. സൂക്ഷിച്ചിട്ടും മോളെ രക്ഷിക്കാന്‍ കഴിയാതെ പോയ ആ പിതാവ്‌ അലറിക്കൊണ്ട്‌ പൊട്ടിക്കരഞ്ഞു മാറത്തടിച്ചൂ തലക്കടിച്ചു നിലവിളിച്ചു

"എന്റുമ്മേ ഇതിനാണോ എനിക്ക്‌ കുഞ്ഞുങ്ങളെ തന്നത്‌!"

വാടിയ തളിരില പോലെ മയങ്ങി വീണു കിടക്കുന്ന പ്രിന്‍സിയെ വാരി പുണര്‍ന്നു നിലവിളി കൂട്ടുകയാണു മാത്തന്‍. ഓടിയടുത്തവരെല്ലാം നിസ്സഹായരാണ്‌. പാലത്തില്‍ നിന്നു കൊണ്ട്‌ എല്ലാരും തഴോട്ട്‌ നോക്കി നിന്നു.

“എന്തൊരാഴം! എന്തു ചെയ്യനാ? ”

ഒരു പോംവഴിയും കാണാതെ എല്ലാരും പ്രിന്‍സിയെ വിഴുങ്ങിയ പുഴയെ നോക്കിക്കൊണ്ടിരിന്നു. അലകള്‍ അല്‍പം ശാന്തമായി.

നേരിയ ഒരു പ്രകാശം പാലത്തിന്നടിയില്‍ തെളിയുന്നൂ!
അശരീരി എന്തോ പറയുന്നു!
തേങ്ങുന്ന ശബ്ദം കേള്‍ക്കുന്നൂ!
നോക്കി നിന്നവര്‍ “എന്റമ്മേ! ”,“എന്റുമ്മേ! ” ,“ദേവീ !”സകല പ്രാര്‍ഥനാ നാമങ്ങളും ഉരുവിടുന്നു. പാലത്തിന്റെ തൂണില്‍ അവ്യക്തമായ ഒരു നിഴല്‍ വ്യാപിക്കുന്നു. കുട്ടിയെ മാറില്‍ താങ്ങിപ്പിടിച്ചു തോണിയില്‍ നില്‍ക്കുന്ന മനുഷ്യന്റെ നിഴല്‍!
നെടുവീര്‍പ്പോടെ മാത്തന്‍ ഓര്‍മ്മകള്‍ക്ക്‌ കടിഞ്ഞാണിട്ടു.

മനസ്സില്‍നിന്നും മായ്ക്കാന്‍ കഴിയാത്ത ആ നിഴലിന്റെ ഉടമയൊ തോണിയൊ ഇന്നവിടെ കണ്ടില്ല. പഴകി ദ്രവിച്ച പാലം പോയപ്പോള്‍ ആ തോണിയും തോണിക്കാരനും പോയ്ക്കാണും. എന്നാല്‍ ഉമ്പായ്ക്ക അനശ്വരനാണു്‌.

"എന്താ ജ്ജ്‌ പറേണത്‌ ? കുറേ നേരായല്ലൊ നിന്നു നോക്ക്‌ണ്‌ !"

ആ ചോദ്യത്തിന്‌ മറുപടി പറഞ്ഞില്ല.

കയ്യിലുണ്ടായിരുന്ന വെള്ള വസ്ത്രം നേര്‍ച്ചയായി മൂന്നു പെറ്റുമ്മ കബറില്‍ സമര്‍പ്പിച്ച്‌, അശ്രു നിറഞ്ഞ കണ്ണുകള്‍ തുടച്ച്‌ പള്ളിപ്പടികളിറങ്ങി അതാ , മാത്തന്‍ കുട്ടികളേം ത്രേസ്സ്യേം നോക്കി നടന്നു പോകുന്നു.

കാട്ടിലെ പള്ളി !

Tuesday, October 17, 2006

ട്രാഫിക്ക്‌ ജാം

അതിഥികള്‍ സ്വന്തക്കാരോ നാട്ടുകാരോ ആണെങ്കില്‍ ഒരു സര്‍ക്കീറ്റടിച്ച്‌ 'വണ്ടി കേറ്റി വിടുക' ഒരു പതിവായിത്തീര്‍നിരിക്ക്വാ. ആദ്യമൊക്കെ എഗ്മൂറിലുള്ള മ്യൂസിയത്തിലോട്ടാണ്‌ കൊണ്ടുപോകാറ്‌. ഉള്ളേ കയറ്റിവിട്ടാല്‍ വെളിയേ വരാന്‍ മൂന്ന്-നാല്‌ മണിക്കൂറാകും. ആയിടക്ക്‌ അല്ലറ-ചില്ലറ ജോലികളൊക്കെ ചെയ്യാന്‍ പറ്റും. ഈപ്പോ ആര്‍ക്കും മ്യൂസിയത്തോട്‌ അത്ര താല്‍പ്പര്യമില്ല. അതു കൊണ്ടാ ബീച്ചിലേക്കൊന്നു കൊണ്ടു പോകാമെന്ന് വിചാരിച്ചത്‌. മെറീനായുടെ ഒരറ്റം ഇറക്കി വിട്ടാല്‍ മറ്റേ അറ്റത്തെത്തുമ്പോഴേക്കും തിരിച്ചു പോകാനുള്ള വണ്ടിക്ക്‌ സമയമാകും. അതിലും കാര്യമുണ്ട്‌. ട്രെയിന്‍ പിടിക്കാന്‍ സമയത്തിനു ബീച്ച്‌ വിട്ട്‌ പോയാല്‍ മതി. ലേറ്റാവൂന്ന് പറഞ്ഞാ ഹോട്ടല്‍ ബില്ലും ഷോപ്പിംഗ്‌ ബില്ലും ലാഭിക്കാം.എവിടെയോ ഒരു ട്രാഫിക്ക്‌ ജാം. കുപ്പിയിലാണങ്കില്‍ ജാം എല്ലാവര്‍ക്കും ഇഷ്ടപ്പെടും. അതു റോട്ടിലായാലോ? വെള്ളക്കുപ്പായക്കാരന്‍ പൊലീസിന്റെ മുദ്രക്കൊത്തവാറ്‌ മുന്നോട്ട്‌ പോയി. ഇടം വലം അങ്ങിനെ ഒന്നു രണ്ടു കറങ്ങിയപ്പ്പ്പോ സംഗതി കുലുമാലായി. വാഹനം ഒരു ഓരം കെട്ടി അടുത്തു കണ്ട 'പൊട്ടി'ക്കടക്കാരനോട്‌ ചോദിച്ചു:
"അണ്ണേ, ബീച്ച്‌ക്ക്‌ ഇപ്പടി പോലാമാ?"
"ആമാ സാര്‍, പോലാം. ആമാ, നീങ്ക എത്‌ക്ക്‌ അവ്വളവ്‌ ശുത്‌റീങ്കെ ? അതോ പാറുങ്കോ അത്താ 'അമ്പട്ടന്‍ ബ്‌റിജ്ജ്‌.' നേരാ പോയി അപ്പടിയേ തിരുമ്പുങ്കോ. അത്‌താ റൊമ്പ ഈസി."
"റൊമ്പ നന്‍റീങ്കെ."
അങ്ങിനെ നന്ദി പറഞ്ഞു മുന്നോട്ടു പോയി.
അതിഥികള്‍ക്ക്‌ ചിരി അടക്കാന്‍ കഴിയാതായി. ഞാന്‍ കര്യം തിരക്കി.
"അവന്റെ തമിഴ്‌വര്‍തതമാനം കേട്ടിട്ടാ. അതോ പാറുങ്കോ അത്താ അമ്പട്ടന്‍ ബ്‌റിജ്ജ്‌. എന്തോന്നാ ഈ അമ്പട്ടന്‍ ബ്‌റിജ്ജ്‌ ?!"
"ഓ അത്‌ ഈ പാലം കണ്ടില്ലേ, അതിന്റെ പേരാ." ഞാന്‍ വിശദീകരണം തുടര്‍ന്നു
"കൊളോണിയല്‍ ഭരണത്തിന്റെ ഒരു അവശിഷ്ടം. നാട്ടുകാരിന്നും പറയുന്ന പേരാണത്‌.
'ബാര്‍ബേര്‍സ്‌ ബ്രിഡ്ജ്‌' എന്നാ വെള്ളക്കാരന്‍ പറയാറ്‌. പിന്നീടത്‌ ഹാമില്‍ടണ്‍ ബ്രിഡ്ജ്‌ എന്നാക്കി. ചെന്നൈ കോര്‍പറേഷനില്‍ ഹാമില്‍ടണ്‍ ബ്രിഡ്‌ജ്‌ എന്നു തന്നെയാ ഇപ്പോഴും അറിയപ്പെടുന്നത്‌. എന്നാല്‍ ഏതു ഹാമില്‍ടണന്റെ ഓര്‍മ്മക്കാണ്‌ ഈ പേര്‌ കൊടുത്തിട്ടുള്ളത്‌ എന്ന കാര്യത്തില്‍ വ്യക്തമായ ചരിത്ര രേഖകളോന്നും തന്നെ ഇതുവരെ കണ്ടെടുത്തിട്ടില്ല."
എന്റെ മനസില്‍ ഒരു സംശയം. അമ്പട്ടന്‍ എന്നാല്‍ അത്ര ചിരിക്കാനെന്തിരിക്കുന്നു? മലയാളത്തിലും ഇതെ വാക്ക്‌ പ്രയോഗത്തിലുണ്ടല്ലോ? ക്ഷുരകവൃത്തിയിലേര്‍പെട്ടവരേയാണു ഇ വാക്കുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഓരു കാലത്ത്‌ ഇവര്‍ വൈദ്യവൃത്തിയും അനുഷ്ത്തിച്ചിരുന്നു. അതുകൊണ്ട്‌ മലയാളത്തില്‍ അംബിഷ്ഠന്‍ എന്നായിരിക്കണം ശരി. രസം കൊല്ലി ആവരുതെന്നു കരുതി ഞാന്‍ നിശ്ശബ്ദത പാലിച്ചു.
ചുറ്റിക്കറങ്ങി സ്റ്റേഷനില്‍ എത്തുന്നത്‌ പ്രതീക്ഷിച്ചതു പോലെ വൈകിയാണ്‌. പ്ലാറ്റ്‌ഫോം ടിക്കറ്റിനുള്ള ക്യൂ നീണ്ടു കിടക്കുന്നു. ടിക്കറ്റ്‌ വെണ്ടിംഗ്‌ മെഷീന്‍ പതിവു പോലെ സമരത്തിലും. വിരുന്നുകാര്‍ വെപ്രാളപ്പെട്ട്‌ ട്രെയിന്‍ പിടിക്കാന്‍ ഓടി.
സന്തോഷം. ആ ചിലവും മിച്ചം തന്നെ!