Friday, September 15, 2006

ത്രിശങ്കു-യാത്ര

സിറ്റി ബസ്സില്‍ കയറുന്നതും ഇറങ്ങുന്നതും യാത്ര ചെയ്യുന്നതുമൊക്കേ ഒരു വലിയ സാഹസ കൃത്യത്തിനു മുതിരുന്നതു പോലേയാണു! ഇയ്യിടേ വളരെ തിരക്കുള്ള ഒരു ബസ്സില്‍ ചാടിക്കയറേണ്ടി വന്നു. നിവൃത്തിയില്ലാതേ കയറിപ്പോയതാ.എങ്ങിനേയോ ഞാന്‍ ബസ്സിനുള്ളിലെത്തി. പക്ഷേ എന്റെ പിന്നാലേ വന്ന സ്നേഹിതന്‍ കയറിയോ ഇല്ലയോ എന്നറിയാതെേ ഞാന്‍ വിഷമിച്ചു. അപ്പോഴാ സ്റ്റെപ്പില്‍ നിന്നും അവന്റെ അട്ടഹാസം!
"ഞാന്‍ ത്രിശങ്കു സ്വര്‍ഗ്ഗത്തിലാണേ, ഉള്ളിലുള്ളവര്‍ സ്വല്‍പം മുന്നോട്ടു കടന്നു പോണേ... രാമാാ കൃഷ്ണാാ ഗോവിന്ദാാ !"
"എന്താണീ പഹയന്‍ പറേണത്‌?"
ഒരു യാത്രികന്‍ തന്റെ അസഹിഷ്ണുത വെളിപ്പെടുത്തി. സംസ്കൃതവുമായി ബന്ധമുള്ള വാക്കു കേട്ടാല്‍ ചെന്നയിലെ ഒരു ചിലര്‍ക്കങ്ങനേയാ! ആ ചോദ്യത്തിനുള്ള പ്രതികരണമാണു പിന്നെ ബസ്സീന്നു ഇറങ്ങുന്നതു വരെ കേള്‍ക്കേണ്ടീ വന്നത്‌!
"ശങ്കൂ നിനക്ക്‌ മനസിലായോടാ?"
"എന്തോന്നാ?"
"എവനോ വിളിച്ചു കൂവിയില്ലേ ത്രിശങ്കൂന്ന്‌!"
"എന്നയാ വിളിച്ചേ?"
"നിന്ന്യല്ല കണ്ണാ"
"പിന്നെ!"
"അതാ ഞാന്‍ പറയാന്‍ വന്നത്‌."
സീറ്റിലിരുന്ന ഒരു പ്രായമായ ഒരാളാണ്‌ ചര്‍ച്ചക്ക്‌ അടിക്കല്‍ നാട്ടിയത്‌.
"പാപങ്ങളാകുന്ന മൂന്ന്‌ ശങ്കുക്കള്‍ കാരണം പീഡിതനാകുന്നവനേയാണ്‌ ത്രിശങ്കുവെന്നു വിളിക്കുന്നത്‌." വിഭൂതിയില്‍ മുങ്ങിക്കുളിച്ച ഒരു മദ്യവയസ്കന്‍ പിന്നിലെ സീറ്റില്‍നിന്നും തന്റെ പുരാണ പരിജ്നാനം വെളിപ്പെടുത്തിക്കൊണ്ട്‌ തുടരുകയാണു.
"സത്യവ്രതന്‍ എന്ന സൂര്യവംശരാജാവ്‌ പിതൃകോപം,പരഭാര്യാപഹരണം, പശുമാംസഭക്ഷണം എന്നീ മൂന്നു പാപങ്ങളാല്‍ ചണ്ഡാലനായി ത്രിശങ്കുവെന്ന പേരിലറിയപ്പെട്ടു. തന്റെ പാപങ്ങളില്‍നിന്നും മോചനം നേടുവാനായി അത്ംഹത്യക്കു കൂടി തയാറായി. അപ്പോ സാക്ഷാല്‍ ദേവി പ്രത്യക്ഷപ്പെട്ട്‌ അവനെ ആത്മഹത്യ ശ്രമത്തില്‍ നിന്നും പിന്തിരിപ്പിച്ചു."
ബസ്സ്‌ മുന്നോട്ട്‌ നീങ്ങിത്തുടങ്ങി. ഡ്രൈവറുടെ താളം തെറ്റിയ നൃത്തം ചവിട്ടല്‍ അസഹനീയം. ജനകീയ വടി പിടിച്ചു നില്‍ക്കുന്ന ജനങ്ങള്‍ മുന്നോട്ടും പിന്നോട്ടും ചാഞ്ചാടി ചാഞ്ചാടി ഇഷ്ടികയുണ്ടാക്കാന്‍ കുഴച്ച കളിമണ്ണിന്‍ പരുവത്തിലായിക്കൊണ്ടിരിക്വാ. സീറ്റില്‍ സുഖമായി ഇരിക്കുന്ന ഒരു ആബാലവൃദ്ധകൂട്ടം ഹരികഥാ പ്രക്ഷേപണം പോലെ സംഭാഷണം തുടര്‍ന്നു.
"പിന്നീട്‌ ദേവീഭക്തനായി നാടു ഭരിച്ചു കൊണ്ടിരുന്നപ്പ്പോള്‍ ഉടലോടെ സ്വര്‍ഗ്ഗത്തില്‍ പോകണമെന്ന കലശലായ ആഗ്രഹം ത്രിശങ്കുിനുണ്ടായി."
"ഇതു അസാദ്ധ്യമാണെന്നു കുല ഗുരുവായ വസിഷ്ഠനും പുത്രന്മാരും ശഠിച്ചു പറഞ്ഞു."
"ഇതു സാദ്ധ്യമാക്കിത്തരാന്‍ മറ്റു വല്ലവരുമുണ്ടോയെന്നു നോക്കട്ടേന്നായി ത്രിശങ്കു."
"എന്നിട്ട്‌ ?"
"ഈ വാശി കണ്ടപ്പോള്‍ കുലഗുരുവായ വസിഷ്ഠന്‍ ത്രിശങ്കുവിനെ ശപിച്ചു വീണ്ടും ചണ്ഡാലനാക്കി."
"ദുഃഖിതനായ ത്രിശങ്കു തന്റെ കൊട്ടാരമുപേക്ഷിച്ചു കാട്ടില്‍ പോയി ദേവീഭക്തനായിത്തന്നെ കാലം കഴിച്ചു."
"ഇതിനിടയില്‍ തപസ്സു കഴിഞ്ഞു വിശ്വാമിത്രന്‍ നാട്ടില്‍ തിരിച്ചെത്തി. ശങ്കുവിന്റെ വിവരമറിഞ്ഞു വിഷമിച്ചു. തന്റെ കുടുംബത്തിന്‌ ക്ഷാമകാലത്ത്‌ ആഹാരം കൊടുത്ത്‌ രക്ഷിച്ചത്‌ ത്രിശങ്കു ആയിരുന്നു. പ്രത്യുപകാരമായി ത്രിശങ്കുവിന്റെ അഭിലാഷം സാധിപ്പിക്കാനായി വിശ്വാമിത്രന്‍ വനത്തില്‍ പോയി ത്രിശങ്കുവിനെ തേടിപ്പിടിച്ചു. ഒരു മഹായാഗം ചെയ്യിച്ചു."
"യാഗ ഫലമായി ത്രിശങ്കു അതാ അകാശത്തിലേക്കുയരുന്നു... സ്വര്‍ഗ്ഗ കവാടം വരെ എത്തി. ഏതു നിമിഷമും സ്വര്‍ഗ്ഗത്തിലേക്കു കയറാം!"
"കണ്ടു നിന്ന ഇന്ദ്രന്‍ കുപിതനയി. ഒരു ചണ്ഡാലന്‍ സ്വര്‍ഗ്ഗത്തിലേക്കോ? ഉം പാടില്ല! കവാടത്തില്‍ നിന്ന ത്രിശങ്കുവെ ഇന്ദ്രന്‍ ആഞ്ഞൊരു തള്ള്‌. "
"തലകീഴായി താഴേക്കു വന്നു കൊണ്ടിരുന്ന ത്രിശങ്കുവിനെ വിശ്വാമിത്രന്‍ കണ്ടു. അവിടേത്തന്നെ നില്‍ക്കട്ടേയെന്ന്‌ അദ്ദേഹം അലറി. സ്വര്‍ഗ്ഗത്തില്‍ നിന്നും ഇന്ദ്രനും, ഭൂമിയില്‍ നിന്ന്‌ വിശ്വാമിത്രനും അനുവാദം കൊടുക്കാതിരുന്നപ്പോള്‍ ത്രിശങ്കു തന്റെ എയര്‍ ബ്രേക്കും ഹേന്‍ഡ്‌ ബ്രേക്കും എല്ലാ ബ്രേക്കും അടിച്ചു ആകാശത്തില്‍ത്തന്നെ സ്ഥിതി ചെയ്തു."
"പേരച്യൂട്ട്‌ ഉണ്ടായിരുന്നില്ലേ താത്താ?"
ഒരു പേരക്കുട്ടിയാണു സംശയം ചോദിച്ചത്‌.
"അതിന്റെ ആവശ്യമുണ്ടായിരുന്നില്ല പാപ്പാ. വിശ്വാമിത്രന്‍ ത്രിശങ്കുവിനു വേണ്ടി ഒരു തനി സ്വര്‍ഗ്ഗം തന്നെ ആകാശത്തില്‍ പണിഞ്ഞു. ഈ പുതിയ സ്വര്‍ഗ്ഗത്തിലേ വേകന്‍സി ഫില്ലപ്പ്‌ ചെയ്യാന്‍ പുതിയ ഇന്ദ്രനെയും മറ്റു ദേവര്‍കളേയും റിക്രൂട്ട്‌ ചെയ്യാന്‍ ആരംഭിച്ചു. അതു കണ്ടു ഭയവിഹ്വലനായ ഇന്ദ്രന്‍ ത്രിശങ്കുവിനു ഉടലോടെ സ്വര്‍ഗ്ഗത്തില്‍ തന്നേസ്ഥാനം കൊടുത്തു തന്റെ പൊസിഷന്‍ കാപ്പാത്തി!"
അപ്പോഴേക്കും കണ്ടക്റ്റര്‍ വിസിലടിച്ചു. ഞാനിറങ്ങേണ്ട സ്റ്റോപ്പ്‌ 'വാനഗരം' കഴിഞ്ഞ്‌ രണ്ടാമത്തേ വന്‍-നരഗം സ്റ്റോപ്പായിരുന്നു അത്‌!
ഇറങ്ങി നോക്ക്യപ്പം നന്‍പന്‍ ത്രിശങ്കൂനീം കാണുന്നില്ല!
സ്വര്‍ഗ്ഗത്തില്‍ പോയോ എന്തോ!

12 comments:

സു | Su said...

സ്വര്‍ഗത്തില്‍ അല്ലെങ്കിലും തൃശങ്കു സ്വര്‍ഗത്തില്‍ എങ്കിലും എത്തണം. :)

പച്ചാളം : pachalam said...

എഴുതിയ ശൈലി കൊള്ളാം....വെള്ളം പോലെ...
പുരാണ കഥ ഈസിയായ് മനസിലായ്

വക്കാരിമഷ്‌ടാ said...

കൊള്ളാം രാഘവേട്ടാ, വളരെ ലളിതമായി വിവരിച്ചിരിക്കുന്നു. ത്രിശങ്കു സ്വര്‍ഗ്ഗത്തിന്റെ പുരാണമൊക്കെ മറന്നുപോയിരുന്നു.

പെരിങ്ങോടന്‍ said...

ഹാഹാ നന്നായിരിക്കുന്നു. രാഘവേട്ടനും ബ്ലോഗില്‍ സ്ഥിരമായി അല്ലേ. നല്ല കാര്യം.

വിശാല മനസ്കന്‍ said...

താങ്ക്യൂ രാഘവേട്ടാ. രസകരമായ വിവരണം.

Adithyan said...

ഇതു കൊള്ളാം... നല്ല രസമുള്ള വിവരണം :)

Raghavan P K said...

കല്ലും നെല്ലും കലര്‍ന്ന അവില്‍ ആണെങ്കിലും, സ്വാദുണ്ടേന്നു അഭിപ്രായപ്പെട്ട സു-വിനും പച്ചാളത്തിനും വക്കാരിമഷ്ടാവിനും പെരിങ്ങോടനും വിശാല മനസ്കനും ആദിത്യനും എന്റെ നന്ദി. എന്തെങ്കിലും എളുപ്പം ശരിയാക്കവുന്ന അക്ഷരത്തെറ്റുകളോ മറ്റോ ഉണ്ടെങ്കില്‍ എന്നെ ഒന്നു സഹായിക്കണേ! raghavan.pk at gmail.com

പൊതുവാള് said...

കുടും‌ബത്തു പട്ടിണി മാറ്റാനായി ഉള്ളതെല്ലാം പെറുക്കി വിറ്റും ഗള്‍ഫ്‌ സ്വര്‍‌ഗ്ഗം തേടാന്‍ ഏജന്റിനെ പണമേല്‍പ്പിച്ച്‌ ,നാട്ടില്‍ നിന്നും യാത്രയായി മുംബൈ മഹാനരകത്തില്‍ എത്തി സര്‍വ്വതും നഷ്ടപ്പെട്ട്‌ ജീവിതത്തോട്` മല്ലിടുന്ന എത്രയോ ത്രിശങ്കുമാര്‍ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്‌ രാഘവേട്ടാ. ഓരോന്നു പറയുമ്പോളാണല്ലോ ഓരോന്നും ഓര്‍മ്മ വരിക. നന്നായിട്ടുണ്ട്`......

മുസാഫിര്‍ said...

വര്‍ത്തമാനകാലത്തെ പുരാണം നന്നായി മാഷെ .ഞാന്‍ കുറച്ച് വര്‍ഷ്ങ്ങള്‍ താംബരത്ത് ഉണ്ടായിരുന്നു.പക്ഷെ അന്നു കുടുതലും ട്രെയിന്‍ ആണു ഉപയോഗിച്ചിരുന്നത്.

ദില്‍ബാസുരന്‍ said...

രാഘവേട്ടാ,
നല്ല വിവരണം.രസിച്ചു.

കുറേ കാലമായി ആരോടെങ്കിലും ചോദിക്കണം എന്ന് വിചാരിച്ച ഒരു സംശയം ഇവിടെ തട്ടുന്നു.ഈ തപ:ശക്തി എന്ന് പറയുന്ന സാധനം കഷ്ടപ്പെട്ട് സമ്പാദിക്കുന്ന ഒരു സാധനമാണെന്നും അത് എന്തിനെങ്കിലും ഉപയോഗിച്ചാല്‍ തീര്‍ന്ന് പോകുമെന്നുമാണ് ഞാന്‍ ധരിച്ചിരിക്കുന്നത്.അങ്ങനെയാണോ?

അങ്ങനെയാണെങ്കില്‍ ത്രിശങ്കു സ്വര്‍ഗം പോലെയുള്ളവയ്ക്ക് ഉപയോഗിക്കുകയും സസ്പെന്‍സ് എക്കൌണ്ടില്‍ കയറുകയും ചെയ്ത തപ:ശക്തിക്ക് ആര് ക്രെഡിറ്റ്/ഡെബിറ്റ് നോട്ടുകള്‍ കൊടുക്കും?

(ഓടോ:ഇനി സിങ്കിള്‍ എന്റ്രി സിസ്റ്റമായിരുന്നു ചിത്രഗുപ്തനും മറ്റും ഉപയോഗിച്ചിരുന്നത് എന്ന് വരുമോ?)

ലാപുട said...

നന്നായിരിക്കുന്നു രാഘവേട്ടാ..രസകരമായ വിവരണം...
“സ്വര്‍ഗ്ഗത്തില്‍ നിന്നും ഇന്ദ്രനും, ഭൂമിയില്‍ നിന്ന്‌ വിശ്വാമിത്രനും അനുവാദം കൊടുക്കാതിരുന്നപ്പോള്‍ ത്രിശങ്കു തന്റെ എയര്‍ ബ്രേക്കും ഹേന്‍ഡ്‌ ബ്രേക്കും എല്ലാ ബ്രേക്കും അടിച്ചു ആകാശത്തില്‍ത്തന്നെ സ്ഥിതി ചെയ്തു."
ഇതു കലക്കി...

Raghavan P K said...

പൊതുവാളന്‍ പറഞത് വളരെ ശരിയാണു.ത്രിശങ്കു അല്പം ദുരാഗ്രഹം കാണിച്ചാണ് ആ അവസ്തക്കാളായതെന്നു തോന്നുന്നു -പുരാണത്തില്‍.
നന്ദി.
മുസാഫിരിനും നന്ദി.താമ്പരത്ത്തിനടുത്താ ഞാനും!
ദില്‍ബാസുരന്‍മാഷെ എക്കൌണ്ടന്‍സി എനിക്കു വളരെ കഷ്ട്മാണു.അതും സിങ്കിളെന്രി പറയേ വേന്ണ്ട!
ലാപുഡ നന്ദി!