Thursday, August 10, 2006

ഹനൂമന്തമീഡേ!

ഞങ്ങള്‍ കുറച്ചുപേര്‍ ചേര്‍ന്ന് വളരെ പുരാതനമായ ഒരു അമ്പലം സന്ദര്‍ശിക്കാന്‍ പോയി.ഗ്രാമപ്രദേശമായതു കൊണ്ടാവണം ആള്‍തിരക്ക്‌ കുറവായിരുന്നു.ചുറ്റമ്പലത്തിന്ന് വെളിയിലായി വലിയ അരയാല്‍ മരം. ചുറ്റി നാലഞ്ചടി പൊക്കത്തില്‍ തറയും. അഞ്ചാറു പെട്ടിക്കടകളൊഴിച്ചാല്‍ ചുറ്റും കാര്യമായിട്ടൊന്നുമില്ല. ലഗ്ഗേജ്‌ സൂക്ഷിക്കാന്‍ സൌകര്യമൊന്നും കണ്ടില്ല. അമ്പലത്തിനുള്ളില്‍ പോകാന്‍ മടിയായതുകാരണം ആ ജോലി ഞാനേറ്റു.ആല്‍ത്തറയിലോട്ടു കയറി ഞാന്‍ ഇരുന്നു.കൂടെ വന്നവരുടെ രണ്ടു കുട്ടികള്‍ ആല്‍റ്റ്‌ഹ്തറയില്‍ കയറി കളിക്കാന്‍ തുടങ്ങി. അങ്ങിനെ ആ കുട്ടികളെ ശ്രദ്ധിക്കേണ്ട പണിയും എനിക്ക്‌ വിട്ട്‌ തന്ന് മറ്റുള്ളവര്‍ ദര്‍ശനത്തിനായി പോയി.

ശുദ്ധ വായു കിട്ടാതെ-കിട്ടിയപ്പോള്‍ നല്ല ഉന്മേഷം തോന്നി.ഗ്രാമത്തോടും ആ പരിസരത്തോടും എനിക്കു എന്തെന്നില്ലാത്ത മതിപ്പു തോന്നി.ഗ്രാമങ്ങളിലാണു ഇന്ത്യ വസിക്കുന്നതെന്ന മഹാത്മാവിന്റെ വാക്കുകള്‍ ഓര്‍മ്മിച്ചു. കുളിര്‍കാറ്റില്‍ ആടി ഉലയുന്ന അരയാലിലകള്‍ ശൃഷ്ടിക്കുന്ന സ്വരരാഗസുധ എന്നെ സ്ഥലകാലബോധം ഇല്ലാത്തവനാക്കി. തറയില്‍ വീണുകിടക്കുന്നു ഒരു അരയാലില ! മഹാ കവിയെ ഓര്‍ത്തു. പൂവായാലും ഇലയായാലും ഇതു താന്‍ ഗതി. ഹൃദയാകാരത്തിലുള്ള ആ ഇല കയ്യിലെടുത്തു. സ്‌നേഹത്തിന്റെ ചിഹ്നം! എന്തൊരു ഭംഗി! Ficus religiosa എന്ന ബോട്ടണി നാമം റിലിജിയനുമായുള്ള ബന്ധം കുറിക്കുന്നതാണോ ?പെട്ടന്ന് കുട്ടികളെയോര്‍മ്മ വന്നു. ലഗ്ഗേജിന്റെ മേലെ വെച്ചിരുന്ന വാഴപ്പഴപ്പൊതി അഴിച്ചു പറിച്ചു കളിക്കുകയായിരുന്നു കുട്ടികള്‍ ചോട്ടിയും മോട്ടിയും.
മേലെനിന്നും പെട്ടെന്നിറങ്ങി വന്ന നമ്മുടെ പൂര്‍വികന്മാര്‍ യതൊരു കൂസലുമില്ലാതെ എല്ലാ പഴവും തട്ടിയെടുത്തോണ്ടു ഞങ്ങളേ നോക്കികൊണ്ട്‌ അങ്ങിങ്ങായി നിലയുറപ്പിച്ചു.പേടിച്ചലറുന്ന കുട്ടികളേയും കെട്ടിപ്പിടിച്ചു ഞാനും ഒരു പാറാങ്കല്‍ പോലെ എന്തു ചെയ്യണമെന്നറിയാതെ നിന്നു. താഴേ വീണു കിടക്കുന്ന ഒരേയൊരു പഴം മോട്ടി കയ്യിലെടുത്തു. പത്തടി മേലെ നിന്നു വീക്ഷിച്ച്‌ കൊണ്ടിരുന്ന group Leader ആണെന്നു തോന്നുന്ന ഒരു മോട്ടാ വാനരന്‍ മോട്ടീയുടെ മേലേക്കൊരു ചാട്ടം. ഞങ്ങള്‍ മൂന്നു പേരും ഒറ്റക്കെട്ടായി പേടിച്ചരണ്ട്‌..... ആല്‍തറയില്‍ വീണുരുണ്ടു. നൊടികള്‍ക്കുള്ളില്‍ മോട്ടിയുടെ കാലില്‍ കയറി വാനരന്‍ പിടിച്ചു. കടക്കാര്‍ രണ്ടു മൂന്നു പേര്‍ ഓടി വന്നു. എന്തു ചെയ്യണമെന്നറിയാതെ അവരും സ്തമ്പിച്ചു നിന്നു. ദര്‍ശനം കഴിഞ്ഞ്‌ നൈവേദ്യവുമായ്‌ അതു വഴി വന്ന ഏതോ ഒരു ഭക്തന്‍ കയ്യിലുള്ള വാഴപ്പഴം വാനരന്നു നേര്‍ക്ക്‌ നീട്ടി. അത്‌ കിട്ടിയ താമസം പിടി വിട്ട്‌ അവന്‍ കൂട്ടുകാരോടൊപ്പം ആല്‍മരത്തിന്മേലോട്ട്‌ ചാടി കയറി . ഞാനും ചോട്ടിയും മോട്ടിയും ആല്‍തറയില്‍നിന്നും ഉരുണ്ട്‌ പെരണ്ട്‌ കീഴോട്ടൂം!

നന്ദി പറയാന്‍ പോലും അവസരം തരാതെ ആ ഭക്തന്‍ ഏതോ സ്ത്രോത്രം ചൊല്ലിക്കൊണ്ട്‌ നടന്നു നീങ്ങി. അപ്പോഴേക്കും നമ്മളുടെ ആള്‍ക്കാര്‍ ഭംഗിയായി ദര്‍ശനം കഴിഞ്ഞ്‌ സന്തോഷത്തോടെ തിരിച്ചെത്തി. ഇതുപോലൊരു പ്രശ്നം ഇനി വന്നാല്‍ ജപിക്കേണ്ട ഹനുമാന്‍സ്തുതി ( താഴെ കൊടുത്തിരിക്കുന്നത്‌) മനപ്പാഠമാക്കിയിട്ടാണു ഞാനിപ്പോഴ്‌ അമ്പലത്തില്‍ പോകാറുള്ളത്‌.

" കരോദ്ഭാസിടങ്കം കിരീടിധ്വജാങ്കം
ഹൃതാശേഷപങ്കം രണേ നിര്‍വിശങ്കം
ത്രിലോകീമൃഗാങ്കം ക്ഷണം ദഗ്ദ്ധലങ്കം
സദാ നിഷ്കളങ്കം ഹനൂമന്തമീഡേ! "

4 comments:

Raghavan P K said...

ഹനുമാന്‍ സ്തുതിയുടെ അര്‍ഥം:

കൈയില്‍ ടങ്കം(കല്ലുളി) എന്ന ആയുധം ധരിച്ചവനും, അര്‍ജുനന്റെ കൊടി അടയാളമായവനും, സര്‍വ പാപങ്ങളേയും നശിപ്പിക്കുന്നവനും, യുദ്ധത്തില്‍ കുലുക്കമില്ലാതവനും, ചന്ദ്രനേപ്പോലെ മൂന്നു ലോകങ്ങളെയും സന്തോഷിപ്പിക്കുന്നവനും, ക്ഷണനേരം കൊണ്ടു ലങ്കാനഗരത്തേ നശിപ്പിച്ചവനും, സദാ പരിശുദ്ധനും ആയ ശ്രീ ഹനുമാനെ ഞാന്‍ സ്തുതിക്കുന്നു.പി കെ രാഘവന്‍

കുട്ടന്മേനൊന്‍::KM said...

ഇതിനെയൊക്കെയാണ് സുഹ്രുത്ബന്ധം, ആത്മബന്ധം എന്നൊക്ക പറയുന്നത്.

ഉമേഷ്::Umesh said...

അവസാനത്തില്‍ “ഈഡേ” എന്നു മതി, “ഈഢേ” എന്നു വേണ്ടാ എന്നാണു തോന്നുന്നതു്. ഏതോ ക്രിയയുടെ ഏതോ രൂപമാണു്. അതാണു് ഉറപ്പില്ല്ലാത്തതു്.

ജ്യോതി പറഞ്ഞുതരും.

Raghavan P K said...

Thanks to Umesh .You are right! That was a spelling mistake from my side.I will correct it as soon as possible.
Thank you Kuttamenon.Good story writer!