Sunday, August 06, 2006

ശിവ.. ശിവ...

തണുപ്പു കാലം. നല്ല ഉറക്കം. അതിരാവിലെ നാലുമണി കഴിഞ്ഞു കാണും. എങ്ങുനിന്നോ നേരിയ മണി ശബ്ദം കേള്‍ക്കുന്നു. കുട്ടിമോള്‍ ഉണര്‍ന്നു. കിടന്നുകൊണ്ടുതന്നെ ജനല്‍ വഴി വെളിയിലോട്ട്‌ നോക്കി.കൂനാക്കൂരിരുട്ട്‌ !
യക്ഷിക്കഥ ഒന്നു കേട്ടിട്ട്‌ കുറച്ചു ദിവസായി.അതിനു ശേഷം രാത്രി എന്ത്‌ ശബ്ദം കേട്ടാലും പേടിയാ കുട്ടിമോള്‍ക്ക്‌. വിശാലമായ പറമ്പിനു നടുവിലായിട്ടാ വീട്‌. വരുന്ന വഴി ചിറൂമ്പ ഭഗവതിയുടെ കാവും ഉപയോഗശൂന്യമായിക്കിടക്കുന്ന പൊട്ടക്കിണറും. നട്ടുച്ചക്കും പാതിരാത്രിയുമൊക്കെ പ്രേതങ്ങള്‍ വിളയാടുന്ന സ്ഥലം. അതു കടന്നു വരുമ്പോള്‍ പിടികൂടിയ പേടി വേറേയും. മണി ശബ്ദം കൂടി വരുന്നുണ്ടോ ... ഹൃദയംചെണ്ട കൊട്ടുന്നു, കൈകള്‍ ഇലത്താളമടിക്കുന്നൂ, വായയില്‍നിന്നും അച്ഛാ... അച്ച.. ഒച്ച..ച്ചാ... എന്നീ ഭയസ്വരാരാഗങ്ങള്‍ ...! അച്ഛനുണ്ടോ വിളി കേള്‍ക്കുന്നൂ ! അച്ഛന്‍ പുതച്ച കമ്പിളി വലിച്ചെടുത്ത്‌ അതിനുള്ളില്‍ക്കൂടാന്‍ ശ്രമിച്ചു.

കുട്ടീടെ ഞരങലും മൂളലും കേട്ട്‌ അമ്മ എഴുന്നേറ്റ്‌ വന്നു. കൈ പിടിച്ചുകൊണ്ട്‌ ചോദിച്ചു
"എന്താ മോളേ ?"
"ഒച്ച..ച്ചാ...മണിയടീ..ഒച്ചാ.. "
"മോള്‍ ഉറങ്ങിക്കോ.. അമ്മ നോക്കീട്ട്‌ വരാം."
"എനിക്കു പേടിയാവ്ന്‍ ഞാനും വരാം."
അമ്മയേ ഒട്ടിപ്പിടിച്ചുക്കൊണ്ട്‌ മോളും പിന്നാലേ... നടന്നു.
പൂജാ മുറിയിലെ തൂക്കുവിളക്കില്‍ ഒരു തിരി കൊളുത്തി. ശിവ ശിവ നാമം ചൊല്ലിക്കൊണ്ടു അമ്മ വാതില്‍ തുറന്നു. ഭയങ്കരമായ മണിശബ്ദം മുറ്റത്തെത്താറായി. അമ്മ ഒരു പാത്രം നിറയെ അരിയെടുത്തു അതില്‍ കുറച്ചു നണയങ്ങളുമിട്ടു പ്‌ഉറത്തെ ഇറവാരത്തില്‍ വന്നു നിന്നു.

ഒരു ഭീകര രൂപം അടുത്തേക്കു വരുന്നു.. .! അമ്മയുടെ പിന്നില്‍നിന്നും ഒളിഞ്ഞു നോക്കി. മണിയടി മുറുകി. അമ്മയുടേ ശിവ... ശിവ.. എന്ന നാമം... ഇതു പരമശിവന്‍ ദൈവം തന്നെ..! പൂജാമുറിയിലെ ഫോട്ടോവിലുള്ള അതേ രൂപം. തലയില്‍ ജട, കഴുത്തില്‍ രുദ്രാക്ഷ മാലകള്‍ , കയ്യില്‍ ചുവന്ന പട്ടുതുണി പൊതിഞ്ഞ ഒരു തലയോട്ടിന്‍പാത്രം. മുറ്റത്തെ തുളസിത്തറക്കു പ്രദക്ഷിണം ചെയ്യുന്നു.ഓരോ ചുറ്റിലും പാത്രം അമ്മയുടെ നെരേ നീട്ടുന്നു.അമ്മ അരിയും നാണയവും ഭയഭക്തിയോടെ അതിലോട്ടു പകരുന്നു. ഒരു നുള്ള്‌ തുമ്പപൂവ്‌ കിരീടത്തില്‍നിന്നും എടുത്ത്ത്‌ അമ്മയുടെ കയ്യിലുള്ള പാത്രത്തിലേക്കിട്ടുകൊണ്ട്‌ വന്ന അതേ വേഗതയില്‍ ഒന്നും മിണ്ടാതെ മണിയടി നിര്‍ത്താതെ ആ രൂപം ഇരുട്ടില്‍ അലിഞ്ഞു പോയി. അതോടെ മകളുടെ പേടിയും.
"ആരാമ്മേ അതു ? "
"അതാണൂ കേളീപാത്രം "
" കേളീപാത്രം...! "

13 comments:

ഇടിവാള്‍ said...

അതെന്താ മാഷേ .. കേളീ പാത്രം ..?
കേട്ടിട്ടില്ലാത്തതുകൊണ്ടാണേ !

ദില്‍ബാസുരന്‍ said...

ഈ ബിരിയാണിക്കിണ്ണം (ബീക്കുട്ടി അല്ല) പോലെ വല്ല പാത്രവുമാണോ ഈ പാത്രം?

Raghavan P K said...

ഒരിക്കല്‍ ശിവനും ബ്രഹ്മാവും ഒരു ബലപരീക്ഷണം നടത്തി.ശിവന്‍ ബ്രഹ്മാവിന്റെ തല അറുത്ത്തു. അതോടുകൂടി ബ്രഹ്മഹത്യാപാപം ശിവന്റെ തലയില്‍ പതിച്ചു. പാപപരിഹാരാര്‍ഥം മ്മഹാവിഷ്ണുവിന്റെ ഉപദേശപ്രകാരം പന്ത്രണ്ട്‌ വര്‍ഷക്കാലം ഭിക്ഷാടനം ചെയ്യുന്നു. മനോഹരമായ ഈയൊരു പുരാണ പുരാവൃത്തമാണ്‌ കേളീപാത്രത്തിന്‌ പിന്നിലുള്ളത്‌.
പക്ഷേ ഇന്ന്‌ എന്റെ നാട്ടില്‍ ഗ്രാമങ്ങളില്‍ എവിടെയെങ്കിലും കേളീപാത്രം വരാറുണ്ടോയെന്നറിയില്ല. പഴയ തലമുറയിലെ ' യോഗി സമുദായ 'ഗുരുക്കന്മാര്‍' ഇല്ലാതായതോടെ കേളീപാത്രവും വെറും ഓര്‍മകള്‍ മാത്രമായി. കേളീപാത്രമെന്ന വാക്കെങ്കിലും മറന്നുപോകാതിരിക്കട്ടെ !

ഇടിവാള്‍ said...

പുലര്‍ച്ചെ മൂന്നു മണിക്കൊക്കെയാണോ ഇതു വരിക ? തൃശ്ശൂര്‍ ഭാഗത്തൊന്നും ഈ ഒരു കഥാപാത്രമുള്ളതായി കേട്ടിട്ടില്ല..

Raghavan P K said...

കണ്ണൂര്‍ ജില്ലയിലേ ചില ഗ്രാമങ്ങളില്‍ മാത്രമുള്ള ഒരനുഷ്ടാനമാണിതെന്നാണു എന്റെ അറിവ്‌.

മുസാഫിര്‍ said...

ഒരു പുതിയ അറിവാണല്ലൊ മാഷെ,നന്നയി.

ഇടിവാള്‍ said...

രാഘവന്‍ മാഷേ,
വിവരങ്ങള്‍ക്കു നന്ദി. കഥ നേരത്തേ തന്നെ വായിച്ചിരുന്നു.

ചെറുപ്പത്തില്‍ വെളിച്ചപ്പാടു തുള്ളി വരുന്നത് എനിക്കു പേടിയുള്ള കാര്യമായിരുന്നു !

കഥ ഇഷ്ടമായി കേട്ടോ !

സുമാത്ര said...

അതു ശരീ... അങ്ങനെയും ഒന്നുണ്ടോ?.. അതോ അങ്ങിനെയും പറയാം എന്നാണോ?...

ഇടിവാള്‍ said...

രാഘവന്‍ മാഷേ...
എനിക്കിഷ്ടപ്പെട്ട ഒരു പോസ്റ്റായതിനാല്‍, ഞാനിതിനെപ്പ്പറ്റി ഒരു റിസര്‍ച്ചു നടത്തി.. എന്റെ ഒരു കണ്ണൂര്‍ക്കാരന്‍ കസിനോടു ചോദിച്ചപ്പോള്‍ കിട്ടിയ വിവരങ്ങള്‍ ഇവിടെ പകര്‍ത്തട്ടേ !

യോഗി സമുദായക്കാരെ ചോയി എന്നും വിളിക്കുംऽ

അരിയും നാണയത്തിന്റേയും ഒപ്പം ഒരു കിണ്ടി വെള്ളവും ഉണ്ടാകും..

3 തവണ അരി കൊടുക്കണമെന്നാണു നിയമം..ऽ

ഓരോ തവണ അരി കൊടുക്കുമ്പോഴും, അതിനു മുന്‍പ്‌ കിണ്ടിയിലെ വെള്ളത്തില്‍ കൈ കഴുകുമത്രേऽ

പുള്ളി പറഞ്ഞ കാര്യങ്ങളാണേയ്‌.. പുള്ളിക്കാരന്റെ അറിവും അനുഭവങ്ങളും വച്ച്‌...

ഓരോ സ്ഥത്തും ഒതൊക്കെ വ്യത്യസ്തമായേക്കാം..

എന്നാലും, എന്റെ മനസ്സില്‍ സ്പര്‍ശിച്ച ഒരു കഥ ആയതിനാലാണു ഞാനിതിനെപ്പറ്റിയൊക്കെ ഒന്നു തെരക്കിയത്‌ !

നന്ദി രാഘവന്‍ മാഷേ !
ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു !

ദിവ (diva) said...

നന്നായി രാഘവേട്ടാ...

ഓഫ് : ഇടിവാളിന്റെ ഇനീഷ്യേറ്റീവും ടീം സ്പിരിറ്റും ഇഷ്ടപ്പെട്ടു.

Raghavan P K said...

എന്റെയും നാട്ടുകാര്‍ യോഗി സമുദായക്കാരെ 'ചോയി' എന്നു പറയാറുണ്ടെങ്കിലും എനിക്കു തോന്നുന്നത്‌ that might be a corrupt form of yOgi എന്നാണു.
Thanks to all of you.

ലാപുട said...

രാഘവന്‍ മാഷെ,
കേളീപാത്രത്തെ പറ്റി അമ്മമ്മ പറഞ്ഞു കേട്ടിട്ടുണ്ട്..
ഗോത്രത്തനിമയുടെ പഴയ നാട്ടുവെളിച്ചങ്ങളെ വീണ്ടും ഓര്‍മിപ്പിച്ചതിനു നന്ദി....

പൊയ്തുംകടവന്‍ said...

പണ്ട് വേടന്‍ എന്നും പറഞ്ഞ് ഒരു രൂപം വരാറുണ്ടല്ലോ, ഇപ്പോഴൊന്നും അതിനെ കാണരില്ല.